അഴിമതിക്കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ജാമ്യം നിഷേധിച്ച് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കോടതി. ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിലേക്ക് അയച്ചു. 371 കോടി രൂപയുടെ ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കുംഭകോണ കേസിൽ നിർണായക പങ്കുവഹിച്ചതിന് ക്രിമിനൽ ഇൻവെസ്റ്റി ഗേഷൻ ഡിപ്പാർട്ട്‌മെന്റാണ് (സിഐഡി) ചന്ദ്രബാബുവിനെ അറസ്റ്റ് ചെയ്തത്.

തൊഴിലില്ലാത്ത യുവാക്കളെ പരിശീലിപ്പിക്കാനും അനന്തപൂർ ജില്ലയിലെ കിയ പോലുള്ള വ്യവസായങ്ങൾക്ക് സമീപമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധം വളർത്താനും ലക്ഷ്യമിട്ട് 2014-ൽ രൂപീകരിച്ച ആന്ധ്രാപ്രദേശ് സ്റ്റേറ്റ് സ്‌കിൽ ഡെവല പ്‌മെന്റ് കോർപ്പറേഷനുമായി (എപിഎസ്എസ്ഡിസി) ബന്ധപ്പെട്ടതാണ് കേസ്. തെലുഗു ദേശം പാർട്ടി (ടിഡിപി) മേധാവി ചന്ദ്രബാബു നായിഡു പ്രധാന സൂത്രധാരനായി പ്രവർത്തിച്ചുവെന്നും എപിഎസ്എസ്ഡിസിയുടെ മറവിൽ 371 കോടി രൂപയുടെ അഴിമതി നടത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആരോപിച്ചു.
2014 മുതൽ 2019 വരെ ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു ചന്ദ്രബാബു നായിഡു. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ, എപിഎസ്എസ്ഡിസി പ്രോജക്റ്റിനായി ജർമ്മൻ എഞ്ചിനീയറിംഗ് ഭീമനായ സീമെൻസുമായി ആന്ധ്രാപ്രദേശ് സർക്കാർ സംയുക്തമായി ആറ് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സീമെൻസിനെ ചുമതലപ്പെടുത്തി. സീമൻസ് പദ്ധതിയിലേക്ക് ഫണ്ടൊന്നും നിക്ഷേപിച്ചില്ലെങ്കിലും സംസ്ഥാന സർക്കാർ പദ്ധതിക്കായി 371 കോടി രൂപ അനുവദിച്ചു.
കേസിൽ സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന), 240 (വഞ്ചന), 465 (വ്യാജരേഖ ചമയ്ക്കൽ) എന്നിവ ഉൾപ്പെടെയുള്ള വിവിധ ഐപിസി വകുപ്പുകൾ പ്രകാരമാണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത് .