പ്രൈസ് മണി ഗ്രൗണ്ട് സ്റ്റാഫിനു നല്‍കി ഫൈനലിലെ ഹീറോ സിറാജ്


കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റിന് ശ്രീലങ്ക വേദിയായപ്പോള്‍ മുതല്‍ കാലാവസ്ഥയും മഴയും ചര്‍ച്ചയായി മാറിയിരുന്നു. തുടര്‍ച്ചയായി പെയ്ത മഴയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാകിസ്ഥാന്‍ മല്‍സരം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

ഇതിനു പുറമെ, സൂപ്പര്‍ ഫോറിലെ ഇന്ത്യാ-പാക് പോരാട്ടത്തിനും മഴ വില്ലനായപ്പോള്‍ റിസര്‍വ് ദിനത്തിലാണ് കളി പൂര്‍ത്തിയാക്കാനായത്. ഇങ്ങനെ മഴ വില്ലനായപ്പോഴെല്ലാം വീരനായകരായി മാറിയ ഗ്രൗണ്ട് സ്റ്റാഫിനെ പ്രശംസിച്ച് നേരത്തെ രോഹിത് ശര്‍മയും വിരാട് കോലിയുമെല്ലാം രംഗത്തുവന്നിരുന്നു.

എന്നാല്‍ ഇവരെയെല്ലാം കടത്തിവെട്ടി ഒരു പടി കൂടെ കടന്ന് അവര്‍ക്ക് ആദരവ് അര്‍പ്പിച്ചിരിക്കുകയാണ് ഫൈനലില്‍ സ്വപ്‌നതുല്യ പ്രകടനത്തോടെ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയ മുഹമ്മദ് സിറാജ്. തനിക്കു പ്രൈസ് മണിയായി ലഭിച്ച 5000 ഡോളര്‍ ഗ്രൗണ്ട് സ്റ്റാഫിന് സമര്‍പ്പിച്ച സിറാജ് ഇത് യഥാര്‍ഥത്തില്‍ അവര്‍ അര്‍ഹിക്കുന്നുവെന്നും പറഞ്ഞു.

അതേ സമയം, ഗ്രൗണ്ട് സ്റ്റാഫിനായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ 50000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രൗണ്ട് സ്റ്റാഫിന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കൊണ്ടു മാത്രമാണ് ടൂര്‍ണമെന്റ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്ക് പ്രത്യേക പാരിതോഷികം പ്രഖ്യാപിച്ചത്.

നേരത്തെ ഫൈനലില്‍, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയുടെ നടു വൊടിച്ചത് മുഹമ്മദ് സിറാജായിരുന്നു. ഒരോവറില്‍ നാലു വിക്കറ്റ് നേടിയ സിറാജ് ഏഴോവറില്‍ ആറു വിക്കറ്റ് പിഴുത് തന്റെ ഏറ്റവും മികച്ച സ്‌പെല്ലുമായാണ് പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയത്.

സിറാജിന്റെയും പാണ്ഡ്യയുടെയും ബുംറയുടെയും മികവില്‍ 50 റണ്‍സിന് ശ്രീലങ്കയെ ചുരുട്ടിക്കൂട്ടിയ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ ഏഷ്യന്‍ ചാമ്പ്യന്‍മാരായി കപ്പില്‍ മുത്തമിട്ടു. ഇത് ഇന്ത്യയുടെ എട്ടാം കിരീടമാണ്.

എന്തായാലും സിറാജിന്റെ നടപടിക്ക് സമൂഹ മാധ്യമങ്ങളില്‍ മികച്ച സ്വീകാര്യത യാണ് ലഭിക്കുന്നത്.


Read Previous

ശ്രീലങ്കയെ 10 വിക്കറ്റിന് കീഴടക്കി ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍മാര്‍; ഇത് എട്ടാം കിരീടം

Read Next

മകന്‍റെ ബൈക്ക് കത്തിയ്ക്കാൻ ക്വട്ടേഷൻ നൽകിയ അമ്മയെ അതേ സംഘം ആക്രമിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »