അൽഖർജ്- സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ നിർദേശ പ്രകാരം സൗദി ദേശീയ ദിനത്തിൽ വർഷം തോറും നടത്തി വരാറുള്ള രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് അൽഖർജ് കെ.എം.സി.സി. നിരവധിയാളുകൾ അൽഖർജ് കിംഗ് ഖാലിദ് ഹോസ്പിറ്റൽ രക്ത ബാങ്കിൽ എത്തിയാണ് പോറ്റമ്മയായ ഈ മഹാ രാജ്യത്തിന്റെ ദേശീയ ദിനത്തോടുള്ള ആദരവിൽ സ്വന്തം രക്തം കൊണ്ട് തുല്യം ചാർത്തിയത്.

എഴുപതുകളിൽ മലയാളക്കരയുടെ പച്ചപ്പിൽ പൊൻ പൂക്കൾ വിരിയിക്കാൻ അറേബ്യൻ മരുപ്പച്ച തേടി ഉരുവിലേറിയാണ് മലയാളികൾ ഈ മണ്ണിലെത്തുന്നത്. അവിടന്നിങ്ങോട്ടു കണ്ണഞ്ചിപ്പിക്കും വേഗത്തിൽ ഈ രാജ്യത്തിന്റെ വികസനക്കുതിപ്പിൽ കേരളീയരും പങ്കാളികളായി. ഇഛാശക്തിയുള്ള ഭരണാധികാരികൾ ഈ രാജ്യത്തിന്റെ ഉയർച്ച ക്കൊപ്പം ഇന്ത്യക്കാരെയും ചേർത്തു നിർത്തി.
ജി-20 ഉച്ചകോടിയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യക്കാരോടുള്ള ആദരവും കടപ്പാടും രേഖപ്പെടുത്തിയത് ഏറെ സന്തോഷമുണ്ടാക്കി. സ്വദേശികൾക്കു തൊഴിൽ ഉറപ്പാക്കുന്നതോടൊപ്പം വിദേശികളായ തൊഴിലാളികളുടെ തൊഴിൽ സാഹചര്യവും മെച്ചപ്പെടുത്തി. നിയമപരമായി പണം സമ്പാദിക്കാനുള്ള നിരവധി മേഖലകൾ വിദേശികൾക്കായി തുറന്നിട്ടു. എണ്ണിയാലൊടുങ്ങാത്ത അത്ഭുത സാഹചര്യങ്ങളിലൂടെയാണ് ഈ രാജ്യത്തിന്റെ പ്രയാണമെന്നും വളരെ പ്രതീക്ഷയോടെ യാണിത് നോക്കിക്കാണുന്നതെന്നും അൽഖർജ് കെ.എം.സി.സി ദേശീയ ദിന സന്ദേശത്തിൽ പറഞ്ഞു.
കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരവും തൊഴിൽ നൽകിയ രാജ്യത്തോടുള്ള സ്നേഹം വിലമതിക്കാനാവാത്തതാണെന്നും ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ.ഷമാമ പറഞ്ഞു. ഈ രാജ്യത്തു വെച്ച് മരണപ്പെടുന്നവരുടെ ജനാസ കൈകാര്യം ചെയ്യുന്നതിലും രോഗശയ്യയിലായവർക്ക് അത്താണിയാവുന്നതിലും പ്രതിഫലേഛയില്ലാതെ കെ.എം.സി.സി സഹായിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ബ്ലഡ് ബാങ്ക് ഡോണേഷൻ ഡിപ്പാർട്മെന്റ് തലവൻ ജാബിർ മുഹ്സിൻ അൽ അശ്മരി കൂട്ടിച്ചേർത്തു.
ഡോ.അബ്ദുൽ സലാം അൽ അനസി, അബ്ദുൽ മജീദ് അൽ യഹ് യ തുടങ്ങിയവർ ചേർന്ന് രക്തദാന ദാതാക്കളെ സ്വീകരിച്ചു. ഷബീബ് കൊണ്ടോട്ടി, മുഹമ്മദ് പുന്നക്കാട്, ഇക്ബാൽ അരീക്കാടൻ, റാഷിദ് കാപ്പുങ്ങൽ, സകീർ പറമ്പത്ത്, സിദ്ധീഖ് പാങ്ങ്, നാസർ ചാവക്കാട്, സമീർ ആലുവ, ഡോ.മുസ്തഫ കൊടുവള്ളി തുടങ്ങിയവർ നേതൃത്വം നൽകി.