കരയിലൂടേയും കടലിലൂടേയും ആകാശത്തിലൂടെയും ആക്രമണം; ഇസ്രയേലിനെ നടുക്കി ഹമാസ്, 22 മരണം


ടെല്‍ അവീവ്: ഇസ്രയേലിനെ ഞെട്ടിച്ച ഹമാസ് ആക്രമണം നടന്നത് കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ. ശനിയാഴ്ച രാവിലെയോടെയാണ് ഹമാസ് പോരാളികള്‍ ഇസ്രയേ ലിന്റെ തെക്കന്‍ നഗരങ്ങളില്‍ ആക്രമണം ആരംഭിച്ചത്. നുഴഞ്ഞു കയറിയ ഹമാസ് അംഗങ്ങള്‍, തെരുവുകള്‍ കീഴടക്കി. സൈനിക ക്യാമ്പുകളിലേക്ക് ഇടിച്ചു കയറിയ ഇവര്‍ ഇസ്രയേല്‍ സൈനികരെ ബന്ദികളാക്കി. ഒഫാകിം നഗരത്തിലാണ് വ്യാപക ആക്രമണം നടന്നത്.

ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. 33 ഇസ്രയേലി സൈനികരെ ഹമാസ് ബന്ദികളാക്കിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സൈനികരെ ഹമാസ് ബന്ദികളാക്കിയത് ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടില്ല.

ഗാസയില്‍ കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നടത്തുന്നത്. ഹമാസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം ആരംഭിച്ചു. ഹമാസ് നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ, പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ‘നമ്മളിപ്പോള്‍ യുദ്ധത്തിലാണ്, നമ്മള്‍ ജയിക്കും’. അദ്ദേഹം പറഞ്ഞു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുവരെ ഇല്ലാത്ത തരത്തില്‍ ഹമാസ് പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. 

ഇസ്രയേലില്‍ നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ, ഹമാസ് സൈനിക വിഭാഗം മേധാവി മുഹമ്മദ് ഡിഫിന്റെ സന്ദേശവും പുറത്തുവന്നു. ‘ ദൈവത്തിന്റെ സഹായ ത്താല്‍ ഇതെല്ലാം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഉത്തരവാദിത്തമില്ലാത്ത അശ്രദ്ധയുടെ കാലം കഴിഞ്ഞുവെന്ന് ശത്രു മനസ്സിലാക്കുന്നു. ഞങ്ങള്‍ ഓപ്പറേഷന്‍ അല്‍-അഖ്‌സ സ്‌റ്റോം പ്രഖ്യാപിക്കുന്നു. ആദ്യ ആക്രമണത്തിന്റെ 20 മിനിറ്റിനുള്ളില്‍ 5,000 മിസൈലുകളും ഷെല്ലുകളും പ്രയോഗിച്ചു’- മുഹമ്മദ് ഡിഫ് ശബ്ദ സന്ദേശത്തില്‍ പറഞ്ഞു. 

ഹമാസ് അംഗങ്ങള്‍ ഇസ്രയേലിലെ ഒഫാകിം നഗരത്തില്‍ റോന്തു ചുറ്റുന്നതിന്റെയും പാരച്യൂട്ടില്‍ പറന്നിറങ്ങുന്നതിന്റെയും വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. അതേ സമയം, ഇസ്രയേലില്‍ ഉള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി. അനാവശ്യമായി പുറത്തിറങ്ങരുതെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 


Read Previous

ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ: മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം; ഇന്ത്യാക്കാർ ആശങ്കയിൽ,അനാവശ്യ യാത്രകൾ ഒഴിവാക്കണം; സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി, ഹെല്‍പ് ലൈന്‍ നമ്പര്‍ +97235226748. 

Read Next

ഇന്ത്യ ഇസ്രയേലിനൊപ്പം: ഭീകരാക്രമണം ഞെട്ടിക്കുന്നതെന്ന് പ്രധാനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »