വീണയുടെ കമ്പനി ഐജിഎസ്ടി അടച്ചോ? മറുപടി നൽകാൻ, ജിഎസ്ടി വകുപ്പ് വിസമ്മതിച്ചു


തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ സ്ഥാപനമായ എക്സാലോജിക്, സിഎംആർഎല്ലിനു നൽകിയ സേവനത്തിനു കിട്ടിയ തുകയുടെ ഐജിഎസ്ടി അടച്ചോ എന്ന ചോദ്യത്തിനു മറുപടി നൽകാൻ ജിഎസ്ടി വകുപ്പ് വിസമ്മതിച്ചു. സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക് വാങ്ങിയ 1.72 കോടി രൂപയ്ക്കു ഐജിഎസ്ടി അടച്ചോ എന്നായിരുന്നു വിവരാവകാശ നിയമപ്രകാരം കേരള സ്വതന്ത്ര തൊഴിലാളി യൂണിയൻ നേതാവ് സെബാസ്റ്റ്യൻ പാലക്കത്തറ നൽകിയ ചോദ്യം. എന്നാൽ, വ്യക്തികളുടെ സ്വകാര്യതയെ മാനിച്ചു മറുപടി നൽകാൻ കഴിയില്ലെന്നാണു ജിഎസ്ടി വകുപ്പിന്റെ മറുപടി. 

സാധാരണ, ഇത്തരം വിവരാവകാശ ചോദ്യങ്ങൾ വരുമ്പോൾ വിവരം നൽകുന്നതിൽ എതിർപ്പുണ്ടോ എന്നു ബന്ധപ്പെട്ട വ്യക്തിയോടു ആരായാറുണ്ട്. എന്നാൽ, വീണയുടെ കമ്പനിയെക്കുറിച്ചുള്ള ചോദ്യത്തിനു നൽകിയ മറുപടിയിൽ‌ വീണയോട് അഭിപ്രായം തേടിയോ എന്നു വ്യക്തമാക്കിയിട്ടില്ല. 

അതേസമയം, നികുതി അടച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നോ ഇല്ലെന്നോ മറുപടി നൽകുന്നത് സ്വകാര്യതയെ ലംഘിക്കില്ലെന്നാണ് ഇൗ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്, ദീർഘകാലമായി നികുതി അടയ്ക്കാത്തവരുടെ പട്ടിക പോലും ജിഎസ്ടി വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. 

എക്സാലോജിക്കിന്റെ ജിഎസ്ടി ഇടപാടുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ ആരോപണം ഉന്നയിച്ചപ്പോൾ പിറ്റേദിവസം തന്നെ രേഖകൾ ഹാജരാക്കുമെന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലൻ പറഞ്ഞെങ്കിലും ചെയ്തില്ല. വീണയ്ക്കു സിഎംആർഎല്ലിൽ‌ നിന്ന് 3 വർഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപയാണ്. ഐടി സേവനത്തിനായി നൽകിയ ഇൗ തുകയ്ക്കു പകരമായി സേവനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സിഎംആർഎൽ അധികൃതർ ആദായനികുതി വകുപ്പിനു മൊഴി നൽകിയത്. 


Read Previous

വ്യോമാക്രമണം; പരുക്കേറ്റവരെ ചികിത്സിയ്ക്കുന്നതിനിടെ  ഡോക്ടർ കണ്ടത് സ്വന്തം കുഞ്ഞിനെ

Read Next

ബിജെപിയുമായി മുന്നോട്ടുപോകാൻ പിണറായി വിജയൻ പൂര്‍ണ്ണ സമ്മതം അറിയിച്ചിട്ടുണ്ട്; ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »