ധരംശാല: ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് പൊരുതുന്നു. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി പ്രതിരോധത്തിലായ ന്യൂസിലന്‍ഡ് 100 റണ്‍സ് പിന്നിട്ടു. മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഇറങ്ങിയ രചിന് രവീന്ദ്ര, ഡാരില്‍ മിച്ചല്‍ സഖ്യമാണ് പോരാട്ടം ഇന്ത്യന്‍ ക്യാമ്പിലേക്ക് നയിക്കുന്നത്. 25 ഓവര്‍ പിന്നിടുമ്പോള്‍ ന്യൂസിലന്‍ഡ് 2 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയില്‍.
രചിന് രവീന്ദ്ര അര്‍ധ സെഞ്ച്വറി നേടി. താരം 56 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 50 റണ്‍സെടുത്തു. നിലവില്‍ 57 റണ്‍സുമായി താരം ബാറ്റിങ് തുടരുന്നു. ഡാരില്‍ മിച്ചല്‍ 45 റണ്‍സുമായി ക്രീസില്‍.

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലന്‍ഡിന് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. കിവി ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് ആദ്യം പുറത്തായത്. ഒന്‍പത് പന്തുകള്‍ നേരിട്ട് സംപൂജ്യനായി കോണ്‍വെ മടങ്ങി. സിറാജിനാണ് വിക്കറ്റ്. പിന്നാലെ സഹ ഓപ്പണര്‍ വില്‍ യങ് 17 റണ്‍സുമായും മടങ്ങി. എറിഞ്ഞ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് ഷമി വിക്കറ്റ് വീഴ്ത്തി. രചിന് രവീന്ദ്ര 6 റണ്ണുമായും ഡാരില്‍ മിച്ചല്‍ 3 റണ്ണുമായും ക്രീസില്‍.