ഒഡൻസ്: ഡെൻമാർക് ഓപ്പൺ ബാഡ്മിന്റൺ സെമി പോരാട്ടത്തിനിടെ ഇന്ത്യയുടെ പിവി സിന്ധുവും സ്പെയിനിന്റെ കരോലിന മരിനും തമ്മിൽ വാക്കു തർക്കം. മത്സരം തുടങ്ങിയതു മുതൽ ഇരു താരങ്ങളും തമ്മിൽ തർക്കവും തുടങ്ങി
അംപയർ ഇടക്കിടെ താക്കിതും നൽകി. ഒടുവിൽ മഞ്ഞ കാർഡ് വരെ ഇരു താരങ്ങൾക്കു നേരെ അംപയർ ഉയർത്തി. ആദ്യ ഗെയിം മുതൽ വാക് പോരും തുടങ്ങി. ആദ്യ ഗെയിം നടക്കുന്നതിനിടെ പോയിന്റുകൾ സ്വന്തമാക്കിയപ്പോൾ ഉച്ചത്തിലുള്ള ആഘോഷമായിരുന്നു മരിൻ നടത്തിയത്. ഇതോടെ അംപയർ താരത്തെ താക്കീതു ചെയ്തു. അതും രണ്ട് തവണ.
രണ്ടാം സെറ്റിൽ സിന്ധു തിരിച്ചടിച്ചു വിജയിച്ചതോടെ വാക് പോരും ശീതസമരവും മൂർധന്യത്തിലായി. സർവെടുക്കാൻ സിന്ധു വൈകിയതോടെ താരത്തിനു നേരയും അംപയർ താക്കീതുമായി എത്തി. ഇതോടെ അംപയർക്കു നേരയും സിന്ധു കയർത്തു. മരിനോടു ഒച്ച വയ്ക്കരുതെന്നു പറഞ്ഞിട്ട് അവർ അനുസരിച്ചിട്ടില്ല. അക്കാര്യം താങ്കൾ ആദ്യം ചോദിക്കു. അപ്പോഴേക്കും ഇതു ശരിയക്കാം എന്നായിരുന്നു സിന്ധുവിന്റെ മറുപടി.

അതിനിടെ സിന്ധുവിന്റെ കോർട്ടിൽ വീണ ഷട്ടിൽ എടുക്കാൻ മരിൻ ശ്രമിച്ചതോടെ സംഘർഷം കൂടുതൽ രൂക്ഷമായി. തർക്കം കൈയാങ്കളിയിലേക്കു നീങ്ങുമെന്നു തോന്നിയ ഘട്ടമെത്തിയപ്പോൾ അംപയർ രണ്ട് പേരെയും വിളിച്ചു വരുത്തി മഞ്ഞ് കാർഡ് കാണിച്ചു. സിന്ധുവിന്റെ കോർട്ടിൽ ഷട്ടിൽ എടുക്കാൻ വരരുതെന്നു അംപയർ മരിനോടു പറഞ്ഞു.
മത്സര ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ ഇരുവരും വിഷയത്തിൽ വിശദീകര ണവുമായി രംഗത്തെത്തി. പ്രശ്നങ്ങൾ പറഞ്ഞു തീർക്കുകയും ചെയ്തു. ഇരുവരും തമ്മിൽ കളത്തിനു പുറത്ത് വലിയ സുഹൃത്തുക്കളാണ്. നല്ല സുഹൃത്തുക്കൾ തമ്മിൽ ഇങ്ങനെ പെരുമാറിയതാണ് ബാഡ്മിന്റൺ ആരാധകരെ സത്യത്തിൽ അമ്പരപ്പിച്ചത്.