എറണാകുളം ആലുവയില്‍ ദുരഭിമാന കൊലപാതകത്തിന് ശ്രമിച്ച് കൗമാരക്കാരിയുടെ പിതാവ്. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ച പതിനാലുകാരിയായ മകളെ പിതാവ് കമ്പിവടി കൊണ്ട് അടിച്ചും ബലമായി വിഷം വായില്‍ ഒഴിച്ചും കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

ഞായറാഴ്ച്ചയാണ് പെൺകുട്ടിയുടെ പിതാവ് ഈ കൊടും ക്രൂര കൃത്യം നടത്തിയത്. സഹപാഠിയായ ഇതര മതത്തില്‍പെട്ട ആണ്‍കുട്ടിയുമായുള്ള പ്രണയമാണ് പതിനാലുകാരിയായ മകളോട് ഈ ക്രൂരത ചെയ്യാൻ പിതാവിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. പ്രണയ ബന്ധം അറിഞ്ഞ പിതാവ് ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് മകളെ വിലക്കിയിരുന്നു. പെൺകുട്ടിയുടെ ഫോൺ പിടിച്ചു വയ്ക്കുകയും ചെയ്‌തു.
എന്നാല്‍ മറ്റൊരു ഫോൺ ഉപയോഗിച്ച് പെൺകുട്ടി സഹപാഠിയുമായുള്ള പ്രണയം തുടര്‍ന്നു. ഇതറിഞ്ഞ പിതാവ് ഞായറാഴ്‌ച രാവിലെ കമ്പി വടികൊണ്ട് അടിച്ച് മകളുടെ കയ്യും കാലും ഒടിക്കുകയായിരുന്നു. പിന്നാലെ പച്ചക്കറിക്ക് അടിക്കുന്ന കീടനാശിനി പെൺകുട്ടിയുടെ വായിലേക്ക് ബലമായി ഒഴിക്കുകയും ചെയ്‌തു.
വിഷം അകത്തു ചെന്ന കുഴഞ്ഞു വീണ പെൺകുട്ടിയെ വീട്ടിലുള്ള മറ്റുള്ളവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പോലീസിനോട് പിതാവിന്റെ ക്രൂരത മകള്‍ തന്നെ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പെൺകുട്ടിയുടെ മൊഴിപ്രകാരം പിതാവിനെ പോലീസ് ഇന്ന് രാവിലെ വീട്ടില്‍ നിന്ന് കസ്‌റ്റഡിയിലെടുത്തു. മജിസ്ട്രേറ്റും ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ നില ഗുരുതരമാണ്.