യുദ്ധത്തില്‍ ഇടപെടാന്‍ കിം ജോങ് ഉന്‍, തീവ്രവാദ സംഘടനകള്‍ക്ക് ആയുധം വിറ്റേക്കും: റിപ്പോര്‍ട്ട്


ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടെ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ മിഡില്‍ ഈസ്റ്റിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ആയുധം വിറ്റേക്കുമെന്ന് റിപ്പോര്‍ട്ട്. പലസ്തീനികളെ പിന്തുണയ്ക്കാന്‍ കിം ജോങ് ഉന്‍ തന്റെ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടെന്നും മിഡില്‍ ഈസ്റ്റിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത് പരിഗണിക്കുന്നു ണ്ടെന്നും ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്.

ആണവ പദ്ധതിയുടെ പേരില്‍ യുഎന്‍ ഉപരോധം നേരിടുന്ന ഉത്തര കൊറിയ മുമ്പ് റോക്കറ്റ് ലോഞ്ചറുകള്‍ ഹമാസിന് വിറ്റിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ നിയമനിര്‍മ്മാതാക്കള്‍ പറയുന്നു. ഗാസയിലെ യുദ്ധത്തിനിടയില്‍ കൂടുതല്‍ ആയുധങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ഉത്തരകൊറിയ ശ്രമിച്ചേക്കും. യുദ്ധത്തില്‍ നിന്ന് പ്രയോജനം നേടുന്നതിനായി കിം ജോങ് ഉന്‍ പലസ്തീനിന് പിന്തുണ തേടിയതായെന്നും ദക്ഷിണ കൊറിയയുടെ നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ ഡയറക്ടര്‍ കിം ക്യു-ഹ്യുന്‍ പറഞ്ഞു.

ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തില്‍ ഹമാസ് ഉത്തര കൊറിയന്‍ ആയുധങ്ങള്‍ ഉപയോഗിച്ചതായി സംശയം ഉയര്‍ന്നിരുന്നു. ഹമാസ് പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ചൂണ്ടിക്കാട്ടിയായിരുന്നു ഈ വാദമുയര്‍ന്നത്. കവചിത വാഹനങ്ങള്‍ക്കെതിരെ സാധാരണയായി ഉപയോഗിക്കുന്ന ഉത്തര കൊറിയന്‍ എഫ് -7 റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡാണ് ഹമാസ് ഉപയോഗിച്ചതെന്നാണ് വാദം. ഹമാസ് ഭീകരര്‍ ഉത്തരകൊറിയന്‍ ബള്‍സെ ഗൈഡഡ് ടാങ്ക് വേധ മിസൈലുകള്‍ ഉപയോഗിച്ചിരുന്നുവെന്നും വാദമുയര്‍ന്നു.

അതേസമയം ഹമാസ് തങ്ങളുടെ ആയുധങ്ങള്‍ ഉപയോഗിച്ചെന്ന അവകാശവാദങ്ങള്‍ പ്യോങ്യാങ് തള്ളിക്കളഞ്ഞിരുന്നു. ഇത് യുഎസ് പ്രചരിപ്പിക്കുന്ന ‘അടിസ്ഥാനരഹിതവും വ്യാജവുമായ കിംവദന്തി’ ആണെന്നായിരുന്നു പ്രതികരണം. കഴിഞ്ഞ മാസം, ഗാസ മുനമ്പിലെ അല്‍-അഹ്ലി അല്‍-അറബി ഹോസ്പിറ്റലില്‍ ഇസ്രായേല്‍ ബോംബാക്രമണം നടത്തിയെന്ന് ഉത്തരകൊറിയയുടെ വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു. ഇതില്‍ യുഎസിനെ ഉത്തരകൊറിയ കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം നിഷേധിച്ച ഇസ്രായേല്‍, ഹമാസിന്റെ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതാണ് സ്‌ഫോടനത്തിന് കാരണമെന്ന് പറഞ്ഞു.


Read Previous

തകര്‍ത്തെറിഞ്ഞ് ബൗളര്‍മാര്‍; ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം

Read Next

പെട്രോൾ ഡീസൽ വില കുതിച്ചുയരും, അവശ്യസാധനങ്ങളുടെ വില വർദ്ധിക്കും: ഇസ്രായേൽ- ഹമാസ് യുദ്ധം ഇന്ത്യയേയും ഗുരുതരമായി ബാധിക്കും, മുന്നറിയിപ്പുമായി ലോകബാങ്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »