ആലുവ ബലാത്സംഗക്കൊല; വിധി നാളെ


കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ നാളെ വിധി പറയും. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പോക്സോ കോടതി അതിവേഗം വിധി പ്രസ്താവിക്കുന്നത്. ബലാത്സം ഉൾപ്പെടെ 16 കുറ്റങ്ങളാണ് പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

ജൂലായ് 28നായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളായ പിഞ്ചുബാലികയെ ക്രൂര ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 30 ദിവസത്തിനുള്ളില്‍ കുറ്റപത്രം വന്നു. ഒക്ടോബര്‍ നാലിനാണ് വിചാരണ തുടങ്ങിയത്. ബിഹാര്‍ സ്വദേശി അസ്‍ഫാക് ആലം മാത്രമാണ് കേസിലെ പ്രതി. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്. മൂന്നെണ്ണത്തിന് പരമാവധി വധ ശിക്ഷവരെ ലഭിക്കാം.

കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു അസഫാക്കും താമസിച്ചിരുന്നത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാര്‍ക്കറ്റിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ചായിരുന്നു ക്രൂരമായി ബലാത്സംഗം ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ കുട്ടി ധരിച്ചിരുന്ന ബനിയന്‍ തന്നെ എടുത്ത് കഴുത്ത് ഞെരിച്ച് കൊന്നു. മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി. കുഞ്ഞിനെ ചാക്കില്‍ കെട്ടി കരിയിലകള്‍ക്കുള്ളില്‍ മൂടി. പ്രതിയെ അന്ന് തന്നെ പിടികൂടിയിരുന്നു. 50ഓളം സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണം. ബലാത്സംഗക്കേസില്‍ പ്രതി മുന്‍പും ജയിലില്‍ കിടന്നിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷമാണ് എറണാകുളം പോക്സോ കോടതി വിധി പറയുന്നത്. 


Read Previous

ഗാസയില്‍ മരണ സംഖ്യ 9000 കവിഞ്ഞു; യുദ്ധത്തിന്റെ കൊടുമുടിയിലാണെന്ന് നെതന്യാഹു

Read Next

അരവിയുടെ പരാതി കള്ളപ്പരാതിയാണെന്ന്‌ കരുതുന്നുണ്ടോ?’; സിപിഎമ്മിനോട് ചോദ്യങ്ങളുമായി അനിൽ അക്കര

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »