ലോകചാമ്പ്യന്‍മാര്‍ പുറത്ത്; ഇംഗ്ലണ്ടിനെ 33 റണ്‍സിന് തകര്‍ത്ത് ഓസിസ്; സെമി സാധ്യത ഉറപ്പിച്ചു


അഹമ്മദാബാദ്: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ ജയിച്ചതോടെ സെമി സാധ്യത വര്‍ധിപ്പിച്ച് ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 33 റണ്‍സിനാണ് ഓസിസ് വിജയം. ഇന്നത്തെ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഓസ്‌ട്രേലിയയുടെ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ അഫ്ഗാന്‍, ബംഗ്ലാദേശ് ടീമുകളുമായാണ്.

286 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 48.1 ഓവറില്‍ 253 റണ്‍സിന് എല്ലാവരും ഓള്‍ ഔട്ടായി. ബെന്‍ സ്‌റ്റോക്‌സ്, ഡേവിഡ് മാലന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഫലമുണ്ടായില്ല. മൊയീന്‍ അലി 43, ക്രിസ് വോക്‌സ് 32 റണ്‍സ് എടുത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഉള്‍പ്പടെ നിരാശപ്പെടുത്തി. ആദം സാംപയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. പത്ത് ഓവറില്‍ 21 റണ്‍സ് മാത്രം നല്‍കി മൂന്ന് വിക്കറ്റുകള്‍ നേടി. മിച്ചല്‍ സ്റ്റാര്‍ക്, ഹെയ്ല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ടുവീതം വിക്കറ്റ് വീഴ്തതിയപ്പോള്‍ അവശേഷിച്ച വിക്കറ്റ് മാര്‍ക്കസ് സ്‌റ്റോയിന്‍സ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്റ്റോയ്നിസ് എന്നിവരുടെ ഇന്നിങ്സുകളുടെ ബല ത്തില്‍ 49.3 ഓവറില്‍ 286 റണ്‍സിലെത്തി.ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ തീരുമാനം ശരിവെയ്ക്കുന്നതായിരുന്നു ഓസീസിന്റെ തുടക്കം. ഫോമിലുള്ള ട്രാവിസ് ഹെഡും (11), ഡേവിഡ് വാര്‍ണറും (15) ആദ്യ ആറ് ഓവറുകള്‍ക്കു ള്ളില്‍ തന്നെ മടങ്ങി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സ്മിത്ത് – ലബുഷെയ്ന്‍ സഖ്യം 75 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയതോടെ ഓസീസ് ഇന്നിങ്സ് ട്രാക്കിലായി. 52 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത സ്മിത്തിനെ 22-ാം ഓവറില്‍ പുറത്താക്കി ആദില്‍ റഷീദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ ജോഷ് ഇംഗ്ലിസും (3) റഷീദിന് മുന്നില്‍ വീണു.

പക്ഷേ ആറാമന്‍ കാമറൂണ്‍ ഗ്രീനിനെ കൂട്ടുപിടിച്ച് ലബുഷെയ്ന്‍ 61 റണ്‍സ് ചേര്‍ത്തു. ഈ കൂട്ടുകെട്ട് മുന്നോട്ടുപോകുന്നതിനിടെ 33-ാം ഓവറില്‍ മാര്‍ക്ക് വുഡ്, ലബുഷെയ്നെ വിക്കറ്റിന് മുന്നില്‍ കുടുക്കി. 83 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 71 റണ്‍സെടുത്ത ലബുഷെയ്നാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഗ്രീന്‍ 52 പന്തില്‍ നിന്ന് 47 റണ്‍ സെടുത്തു. സ്റ്റോയ്നിസ് 32 പന്തില്‍ നിന്ന് 35 റണ്‍സ് നേടി.


Read Previous

ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മററി തെരഞ്ഞെടുപ്പ്: ഷെഫീക്ക് പുരക്കുന്നിൽ പ്രസിഡണ്ട്‌.

Read Next

വെടിക്കെട്ടില്ലാതെ ഉത്സവങ്ങള്‍ നടത്തുക വലിയ പ്രയാസമെന്ന് മന്ത്രി; സര്‍ക്കാര്‍ അപ്പീലിന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »