ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതില്‍ ഗവര്‍ണര്‍മാര്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഹര്‍ജി വരുന്നതു വരെ ഗവര്‍ണര്‍മാര്‍ എന്തിന് കാത്തിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍മാര്‍ ബില്ലില്‍ ഒപ്പിടാത്തത് ചൂണ്ടിക്കാട്ടി പഞ്ചാബ്, തമിഴ്‌നാട്, കേരളം അടക്കമുള്ള സര്‍ക്കാരുകളാണ് കോടതിയെ സമീപിച്ചി ട്ടുള്ളത്. പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഈ നിരീക്ഷണം നടത്തിയത്.

ഹര്‍ജി സുപ്രീംകോടതിയില്‍ എത്തുമ്പോള്‍ മാത്രം തീരുമാനമെടുക്കുന്ന രീതി മാറ്റണം. ഗവര്‍ണര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ടവരല്ലെന്ന് ഓര്‍ക്കണം. ഭരണഘടനാപരമായ ബാധ്യത എല്ലാവര്‍ക്കും ഉണ്ടെന്ന് ഓര്‍ക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഗവര്‍ണര്‍മാര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ നടക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.
പഞ്ചാബ് സര്‍ക്കാരുമായി ബന്ധപ്പെട്ട കേസില്‍, ഗവര്‍ണര്‍ ബില്ലുകളില്‍ ചില തീരു മാനങ്ങള്‍ എടുത്തതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. എന്താണ് തീരുമാനമെന്ന് ഇപ്പോള്‍ വിശദീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ ഗവര്‍ണറു മായി ഒന്നു കൂടി സംസാരിച്ചശേഷം കോടതിയെ വിവരം അറിയിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ നിയമപരമായ അവകാശമുണ്ട്. ഇക്കാര്യത്തില്‍ നിയമപരമായ വിഷയങ്ങള്‍ കോടതി പരിശോധിക്കും. ഇത്തരത്തിലുള്ള തര്‍ക്കങ്ങള്‍ അഭികാമ്യമല്ല. ഭരണഘടനാപരമായിട്ടാണ് കാര്യങ്ങള്‍ നിര്‍ണയിക്കപ്പെടേണ്ടതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.