ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ 23-ാം വർഷികാഘോഷത്തിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. 2001 ജനുവരി ഒന്നിന് തുടക്കം കുറിച്ച കേളി കലാസാംസ്കാരിക വേദി റിയാദിന്റെ മണ്ണിൽ മാത്രമല്ല പിറന്ന നാടിനും കൈത്താങ്ങായി മാറിയിട്ട് 23 വർഷം പിന്നിടുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സഹജീവികൾക്ക് കൈത്താങ്ങായി തുടങ്ങിയ കേളിയുടെ പ്രവർത്തനം പിന്നീട് കലാ, കായിക, സാംസ്കാരിക, മാധ്യമ രംഗത്ത് ശക്തമായ വേരുറപ്പിച്ചുകൊണ്ട് റിയാദിന്റെ മണ്ണിൽ ഇതര സംഘടനകൾക്ക് മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ കാൽനൂറ്റാണ്ടിനോടടുക്കുന്നു.

ഈ വർഷാദ്യം റിയാദിൽ ആദ്യമായി പ്രശസ്ത പിന്നണി ഗായികയും ടെലിവിഷൻ അവതാരകയുമായ റിമിടോമിയെ കൊണ്ട് വന്ന് പ്രവാസികൾക്ക് സൗജന്യ പ്രവേശനം ഒരുക്കി മെഗാ ഷോ നടത്തി. വിശുദ്ധ ഹജ്ജിനോടാനുബന്ധിച്ച് ആയിരത്തിലധികം പ്രവാസികളുടെ രക്തം ദാനം ചെയ്‌ത് മെഗാ രക്തദാന ക്യാമ്പ് നടത്തി. റിയാദിലെ മുൻനിര എട്ട് ടീമുകളെ അണിനിരത്തി പത്താമത് കേളി ഫുട്ബോൾ ടൂർണമെന്റും ഇപ്പോൾ നടന്നു വരുന്നു. സൗദി അറേബ്യയിൽ ആദ്യമായി ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ടീമുകളെ ഉൾപ്പെടുത്തി ‘അറേബ്യൻ വടംവലി മൽസരം’ സംഘടിപ്പിച്ചു.
വിവിധ ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി ഏരിയ തലത്തിൽ 12 സെമി നാറുകളും സംവാദങ്ങളും കേളി സംഘടിപ്പിച്ചു. ഒട്ടനവധി മൃതദേഹങ്ങൾ നാട്ടിലെത്തി ക്കുന്നതിന്നും, റിയാദിൽ മറവു ചെയ്യുന്നതിന്നും സാധിച്ചു. മൂന്നു വർഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിലൂടെ ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ രണ്ട് നിരപരാധികളായ ഇന്ത്യൻ തൊഴിലാളികളെ ജയിൽ മോചിതരാക്കി നാട്ടിലെത്തിക്കാൻ കഴിഞ്ഞു. മറ്റൊരു നിയമ പോരാട്ടം മരണമടഞ്ഞ മൂന്ന് ഇന്ത്യൻ തൊഴിലാളികളുടെ മൃതദേഹം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ടായിരുന്നു. നാലുമാസം നീണ്ടുനിന്ന പോരാട്ടത്തിന് ശേഷം മൃതദേഹങ്ങൾ വിട്ടുകിട്ടി ബന്ധുക്കൾക്ക് കൈമാറി.
നൂറുകണക്കിന് തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചു. തൊഴിൽ താമസ രേഖകൾ ശരിയാക്കി എംബസ്സി സഹായത്തോടെ നൂറിലധികം പേരെ നാട്ടിലെത്തി ക്കുന്നതിന്ന് സാധിച്ചു. അംഗങ്ങളായിരിക്കെ മരണമടഞ്ഞ ആറ് കുടുംബങ്ങൾക്ക് സഹായ ഫണ്ട് കൈമാറി. മാരക രോഗം ബാധിച്ച മൂന്ന് പേരുടെ അവയവമാറ്റ ശസ്ത്രക്രിയ ഉൾപ്പടെയുള്ള ചികിത്സ കേളി ഏറ്റെടുത്ത് നടത്തി. തുടർ പഠനത്തിന് അർഹത നേടിയ 229 വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി. നിരാലംബരും പ്രത്യേകം പരിചരണം ആവശ്യമായവരെ പരിചരിക്കുന്നവരോടെപ്പം ചേർന്ന്, കേരളത്തിൽ ഒരുലക്ഷം പൊതിച്ചോർ വിതരണ പദ്ധതിയുടെ ഭാഗമായി 40,000 പൊതിച്ചോറുകൾ ഇതിനോടകം വിതരണം ചെയ്തു. ഇത്തരത്തിൽ എണ്ണമറ്റ പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഒരു വർഷം കൊണ്ട് കേളി നടപ്പിലാക്കിയത്.
കേളി അംഗങ്ങളുടെയും കുട്ടികളുടെയും സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നതിന്നും പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണ് കേളി വാർഷികാഘോഷം മുൻതൂക്കം നൽകുന്നത്. ബത്ഹ് ക്ലാസിക് ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി ആക്ടിംഗ് സെക്രട്ടറി ഗീവർഗീസ് ഇടിച്ചാണ്ടി യോഗം ഉദ്‌ഘാടനം ചെയ്തു.
ജനുവരി ആദ്യ വാരത്തിൽ നടത്താറുള്ള കേളിദിനം ഇത്തവണ ജനുവരി 26ന് അരങ്ങേറും. കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സെക്രട്ടറി സുരേഷ് കണ്ണപുരം പാനൽ അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ടിആർ സുബ്രഹ്മണ്യൻ, ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സുരേന്ദ്രൻ കൂട്ടായ് ചെയർമാൻ, സീബാ കൂവോട് വൈസ് ചെയർ പേഴ്സൺ, റഫീഖ് പാലത്ത് വൈസ് ചെയർമാൻ, മധു ബാലുശ്ശേരി കൺവീനർ, പ്രിയ വിനോദ്, അനിരുദ്ധൻ കീച്ചേരി ജോയിന്റ് കൺവീനർമാർ, സെൻ ആന്റണി ട്രഷറർ, സിംനേഷ് ജോയിന്റ് ട്രഷറർ, പ്രോഗ്രാം കൺവീനർ ഷാജി റസാഖ്, പബ്ലിസിറ്റി കൺവീനർ സതീഷ് കുമാർ വളവിൽ, ഗതാഗത കൺവീനർ ഷാജി കെ കെ, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ റിയാസ് പള്ളത്ത്, ഓഡിറ്റോറിയം രജീഷ് പിണറായി ഭക്ഷണ കമ്മറ്റി കൺവീനർ സൂരജ്, സ്റ്റേഷനറി നൗഫൽ മുതിരമണ്ണ, ലൈറ്റ് ആൻഡ് സൗണ്ട് മണികണ്ഠൻ, വളണ്ടിയർ ക്യാപ്റ്റൻ ഹുസ്സൈൻ മണക്കാട് എന്നിങ്ങനെ 251 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. സംഘാടക സമിതി കൺവീനർ മധു ബാലുശ്ശേരി യോഗത്തിന് നന്ദി പറഞ്ഞു.
ഫോട്ടോ : കേളിദിനം 2024 സംഘാടക സമിതി രൂപീകരണ യോഗം കേന്ദ്ര രക്ഷാധികാരി സമിതി ആക്ടിംഗ് സെക്രട്ടറി ഗീവർഗീസ് ഇടിച്ചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു.
