ദുബായ്: സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയറില്‍ വന്‍ തൊഴിലവസരങ്ങള്‍. ക്യാബിന് ക്രൂ, പൈലറ്റുമാര്‍, എന്‍ജിനീയര്‍മാര്‍, മെയിന്റനന്‍സ് വര്‍ക്ക്സ്, വിവിധ കോര്‍പ്പറേറ്റ് തസ്തികകള്‍ എന്നിവയില്‍ ഒഴിവുകളുണ്ട്. ഇതിനായി ദുബായില്‍ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തും. പാരിസ്, സൗദി അറേബ്യ എന്നിവിടങ്ങളിലും ഇക്കൊല്ലം തന്നെ റിക്രൂട്ട്മെന്റ് നടത്തും.

2024 അവസാനത്തോടെ 300 ക്യാബിന് ക്രൂവിനെ റിക്രൂട്ട് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 2024 ആദ്യ പാദത്തില്‍ ആദ്യഘട്ട ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് റിയാദ് എയറിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ പീറ്റര്‍ ബെല്ല്യൂ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ ലോഞ്ചിംഗ് പ്രഖ്യാപിച്ചതിന് ശേഷം ഇതിനകം 900,000 അപേക്ഷകള്‍ ലഭിച്ചു. 200ലധികം രാജ്യങ്ങളില്‍ നിന്നുള്ള ആളുകളാണ് അപേക്ഷകള്‍ സമര്‍പ്പിച്ചത്. ഇതില്‍ 52 ശതമാനം സ്ത്രീകളാണെന്നും ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ പീറ്റര്‍ ബെല്ല്യൂ വ്യക്തമാക്കി.
ഈ വര്‍ഷം ഒക്ടോബറില്‍ ലണ്ടനില്‍ എയര്‍ലൈന്‍ റിക്രൂട്ട്മെന്റ് റോഡ്ഷോ നടത്തിയിരുന്നു. സൗദി സോവറിന്‍ വെല്‍ത്ത് ഫണ്ട് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പി.ഐ.എഫ്) ആരംഭിച്ച എയര്‍ലൈന്‍ 2030 ഓടെ നേരിട്ടും അല്ലാതെയും 200,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
റിയാദ് എയറില്‍ ജോലിക്ക് തിരഞ്ഞെടുക്കുന്നവര്‍ക്ക് മാസങ്ങള്‍ നീളുന്ന പരിശീലനമുണ്ടാകും. ശേഷമായിരിക്കും ജോലി ഔദ്യോഗികമായി ആരംഭിക്കുക. 2025 ആദ്യത്തിലാണ് കമ്പനിയുടെ യാത്രാ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുന്നത്. അത്യാധുനിക സൗകര്യമുള്ള വിമാനങ്ങള്‍ വാങ്ങാന്‍ റിയാദ് എയര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കരാറുകള്‍ നല്കി കഴിഞ്ഞു.