ഈ വര്‍ഷം മാത്രം കേരളത്തിൽ രജിസ്റ്റർ ചെയ്തത്115  തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍


തിരുവനന്തപുരം: ഇക്കൊല്ലം സെപ്റ്റംബർ വരെ കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് 115 കേസ് രജിസ്റ്റർ ചെയ്തെന്ന് പോലീസ്. കുട്ടികൾക്കെതിരേ നടക്കുന്ന അതിക്രമത്തിലാണ് തട്ടിക്കൊണ്ടുപോകലിന്റെ കണക്ക് ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം, പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ പ്രലോഭനങ്ങൾക്കു വിധേയമായി മറ്റുള്ളവർക്കൊപ്പം പോകുന്ന കേസുകളിലും തട്ടിക്കൊണ്ടുപോകൽ വകുപ്പ് ഉൾപ്പെടുത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

18 വയസ്സിനു താഴെ പ്രായമുള്ളവരുടെ കണക്കാണിത്. കഴിഞ്ഞ വർഷം 269 കുട്ടികളെയും 2021-ൽ 257 കുട്ടികളെയും തട്ടിക്കൊണ്ടുപോയതായി ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക്‌ വ്യക്തമാക്കുന്നു. ഇത്തരം കേസുകളിലെല്ലാം ഭൂരിഭാഗം പേരെയും പോലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നുണ്ട്.

ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കണ്ടെത്തുന്നതിന്റെ കണക്ക് 98 ശതമാനമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കാണാതായ കുട്ടികളിൽ, 60 കുട്ടികളെ ഇനിയും കണ്ടെത്താനുണ്ടെന്ന് കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിൽ ആറു കേസുകൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കോടതികളിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കണ്ടെത്താനുള്ളവരിൽ 48 പേർ ആൺകുട്ടികളും 12 പേർ പെൺകുട്ടികളുമാണ്. ഭിക്ഷാടന മാഫിയ, ഇതരസംസ്ഥാന നാടോടിസംഘങ്ങൾ, മനുഷ്യക്കടത്ത് സംഘങ്ങൾ എന്നിവ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്. അതിനു ശേഷം ആലുവ സംഭവത്തിൽ ഇതരസംസ്ഥാനക്കാരനായിരുന്നു പ്രതിയായത്. കഴിഞ്ഞ ദിവസം ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ പോലീസ് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

കോഴിക്കോട്: തട്ടിക്കൊണ്ടുപോകൽ പോലുള്ള കുറ്റകൃത്യങ്ങൾ വളരെ സർവസാധാരണമല്ലെങ്കിലും പലതരം ക്രിമിനൽ ഇടപെടലുകളിലേക്ക് കുട്ടികൾ അടുത്തകാലത്തായി വലിച്ചിഴയ്ക്കപ്പെടുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാൻ ജാഗ്രത കുട്ടികൾക്കും വേണം അവർക്ക് ചുറ്റുമുള്ളവർക്കും വേണം.

● രക്ഷിതാക്കളുടേത് ഉൾപ്പെടെ അത്യാവശ്യഘട്ടങ്ങളിൽ വിളിക്കേണ്ട ഫോൺ നമ്പറുകൾ കുട്ടികളെ പഠിപ്പിക്കണം
● സ്ഥലസൂചനകൾ പറയാനും റോഡ് മുറിച്ചുകടക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാനും പരിശീലിപ്പിക്കണം
● ആയോധനകലകൾ അഭ്യസിച്ചാലും ഇല്ലെങ്കിലും ആരെങ്കിലും പിടിച്ച് മുറുക്കിയാൽ രക്ഷപ്പെടാനുള്ള മാർഗങ്ങൾ കുട്ടികൾ അറിഞ്ഞിരിക്കണം ഉദാഹരണം: കടിക്കലും മർമ ഭാഗങ്ങളിൽ ഇടിക്കുകയോ ചവിട്ടുകയോ

● അപരിചിതർ സ്ത്രീകൾ ആയാൽ പോലും ഒരകൽച്ച വെക്കാനും അവർ എന്തുതന്നാലും കഴിക്കുകയോ കുടിക്കുകയോ ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.
● സ്കൂൾ ബാഗിനോട് ചേർന്ന് ഒരു വിസിൽ കൂടി കെട്ടിവെക്കുന്നത് എത്ര ക്ഷീണിച്ച അവസ്ഥയിലും മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ സഹായിക്കും.

ചുറ്റുമുള്ളവർ അറിയാൻ

● സ്വന്തം കുട്ടിയല്ലെങ്കിൽപ്പോലും അവർ മോശമായ ഒരു പരിസ്ഥിതിയിലാണെന്ന് തോന്നിയാൽ ഇടപെടണം. ഇടപെടാൻ സാധിച്ചില്ലെങ്കിൽ പോലീസിൽ അറിയിക്കണം
● കുഞ്ഞുങ്ങളുമായി ഭിക്ഷാടനം നടത്തുന്നത് ക്രിമിനൽകുറ്റമാണെന്നതുകൊണ്ടുതന്നെ അങ്ങനെയുള്ളവരെ കണ്ടാൽ പണം നൽകരുത്. പോലീസിൽ അറിയിക്കണം
● പരിചയത്തിലുള്ള ആരുടെയെങ്കിലും വീട്ടിൽ സംശയകരമായ അവസ്ഥയിൽ കുട്ടികളെ കണ്ടാൽ പോലീസിൽ അറിയിക്കാം. അത് ചിലപ്പോൾ അനധികൃത ദത്തുമാകാം

● എന്‍റെ കുട്ടിയും തെറ്റ് ചെയ്യാം എന്ന ബോധത്തോടെ വേണം കുട്ടികളുടെ നീക്കങ്ങളെ നിരീക്ഷിക്കാൻ. അവർ വലിയ തെറ്റിലേക്ക് പോകുന്നത് തടയാൻ ഇത് സഹായിക്കും


Read Previous

മിഡില്‍ ഈസ്റ്റിലേയ്ക്ക് പറക്കുന്ന വിമാനങ്ങള്‍ക്ക് സിഗ്‌നല്‍ നഷ്ടമാകുന്നു; ആശങ്ക പങ്കുവച്ച് ഡിജിസിഎ

Read Next

കേരളീയ നവോഥാനത്തിന് സാമ്പത്തിക വളർച്ചയുടെ രണ്ടാം നവോഥാനം സമ്മാനിച്ചത് പ്രവാസി മലയാളികള്‍: കെ.എ. ഷഫീഖ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »