ടെഹ്‌റാന്‍: ഒരു വര്‍ഷം മുമ്പ് വരെ ഒരിക്കലും പ്രതീക്ഷിക്കാത്ത വലിയ മാറ്റങ്ങളാണ് പശ്ചിമേഷ്യയില്‍ സംഭവിക്കുന്നത്. അതില്‍ പ്രധാനമായിരുന്നു ബദ്ധവൈരികളായ സൗദി അറേബ്യയും ഇറാനും കൈകൊടുത്ത സംഭവം. ചൈന നടത്തിയ മധ്യസ്ഥ ശ്രമമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ മഞ്ഞുരുക്കത്തിന് കാരണം. പിന്നീട് സംഭവിച്ചത് അതിവേഗ മാറ്റങ്ങളാണ്

സൗദി അറേബ്യ ഏഴ് വര്‍ഷത്തിന് ശേഷം ഇറാനിലേക്ക് അംബാസഡറെ നിയോഗിച്ചു. ഇറാന്‍ തിരിച്ചും റിയാദിലേക്ക് പ്രതിനിധിയെ അയച്ചു. ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെട്ടു. വ്യാപാര കാര്യങ്ങളില്‍ കൂടുതല്‍ സഹരിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. സൗദി രാജാവ് സല്‍മാനും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സിയും പരസ്പരം ക്ഷണിക്കുകയും ചെയ്തു.
നവംബര്‍ ഒന്നിന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെത്തി. ഇസ്രായേലിന്റെ ഗാസ ആക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സൗദി അറേബ്യ വിളിച്ച ഒഐസി യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു സന്ദര്‍ശനം. 11 വര്‍ഷത്തിന് ശേഷമാണ് ഇറാന്‍ പ്രസിഡന്റ് സൗദിയിലെത്തിയത് എന്ന പ്രത്യേകതയും ആ സന്ദര്‍ശനത്തിനുണ്ടായിരുന്നു.
വിദേശ നയത്തില്‍ സൗദി അറേബ്യയും ഇറാനും ചില വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പലസ്തീന്‍ വിഷയത്തില്‍ ഒരൊറ്റ നിലപാടാണ് സ്വീകരിച്ചത്. ഇസ്രായേലിന് ചരക്കുകള്‍ നല്‍കാതെ പ്രതിസന്ധിയിലാക്കണം എന്ന ഇറാന്റെ ആവശ്യത്തിന് പക്ഷേ ഒഐസി യോഗത്തില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല. എങ്കിലും സൗദിയും ഇറാനും ഒരുമിച്ച് ഇരുന്നതും ക്ഷണിക്കലും സന്ദര്‍ശനവുമെല്ലാം വലിയ മാറ്റമായിരുന്നു.
സൗദി അറേബ്യയും ഇറാനും സൈനികമായി സഹകരിക്കാന്‍ ചര്‍ച്ച നടക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. ഇറാനിലെ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. മുസ്ലിം രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ സൈനിക ശേഷിയുള്ള രാജ്യമാണ് ഇറാന്‍. സൗദി അറേബ്യയാകട്ടെ, സൈനിക കാര്യങ്ങളില്‍ ഇറാന്റെ എതിര്‍ ചേരിയിലായിരുന്നു ഇതുവരെ. സൗദിയും ഇറാനും സൈനിക സഹകരണം പ്രഖ്യാപിച്ചേക്കുമെന്നാണ് വാര്‍ത്തയിലെ സൂചന.
സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ ആലുസൗദ്, ഇറാന്‍ സൈന്യത്തിലെ മേജര്‍ ജനറല്‍ മുഹമ്മദ് ഹുസൈന്‍ ബഗേരി എന്നിവരാണ് ടെലിഫോണില്‍ ചര്‍ച്ച നടത്തിയത്. സൗദിയുമായുള്ള സൈനിക സഹകരണത്തിന് തയ്യാറാണ് എന്ന് ഇറാന്‍ സേനാ മേധാവി പറഞ്ഞു. പലസ്തീന്‍ വിഷയത്തില്‍ ഒഐസി യോഗം വിളിച്ചതിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സൗദി മന്ത്രിയും സൈനിക സഹകരണത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.