അതുല്യ സംഘാടക മികവായിരുന്നു കാനം രാജേന്ദ്രന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ തലയെടുപ്പ്. ഈ ഒരറ്റ കാരണത്താലാവും മൂന്നാം തവണയും സിപിഐയുടെ തലപ്പത്ത് കാനം സെക്രട്ടറിയായി അവരോധിതനായത്. എതിരാളികളെ നിഷ്പ്രഭരാക്കാന്‍ ആ നേതൃകണിശതയ്ക്ക് കഴിഞ്ഞു. എംഎല്‍എ എന്നതിലപ്പുറം പാര്‍ലമെന്ററി രാഷ്ട്രീയരംഗത്തു മറ്റുനേട്ടങ്ങള്‍ ഒന്നുമില്ലാതെ തന്നെ സിപിഐയുടെ ജനകീയ മുഖമാകാന്‍ കാനത്തിന് കഴിഞ്ഞു.

സികെ ചന്ദ്രപ്പന്‍ 1969 ല്‍ എഐവൈഎഫ് ദേശീയ പ്രസിഡന്റ് ആയപ്പോള്‍ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റാണു കാനം സിപിഐ രാഷ്ട്രീയത്തില്‍ വരവ് അറിയി ച്ചത്. അന്ന് വയസ്സ് 19. കേരളത്തിലെ യുവജന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചരിത്ര ത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ഭാരവാഹി. 21-ാം വയസ്സില്‍ സിപിഐ അംഗമായി. 26-ാം വയസ്സില്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍. 2 തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 1982 ലും 1987 ലും നിയമസഭാംഗമായും പ്രവര്‍ത്തിച്ചു
നിലവില്‍ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എഐടിയുസി ദേശീയ ഉപാധ്യക്ഷനുമാണ്. 2015 ല്‍ ആദ്യമായി സംസ്ഥാന സെക്രട്ടറി ആകുന്നത്. 2018 ല്‍ മലപ്പുറത്തു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സികെ ചന്ദ്രപ്പന്റെ നിര്യാണത്തെ തുടര്‍ന്ന് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നപ്പോള്‍ 13 ജില്ലകളും പിന്തുണച്ചത് കാനത്തെ ആണ്. പക്ഷേ, കേന്ദ്ര നേതൃത്വം സി ദിവാകരനെ നിര്‍ദേശിച്ചതോടെ തര്‍ക്കത്തിനൊടുവില്‍ പന്ന്യന്‍ രവീന്ദ്രനായി സെക്രട്ടറി. അതേ പന്ന്യന്‍ തന്നെയാണ് കോട്ടയത്ത് കാനത്തിനെ പിന്‍ഗാമിയായി നിര്‍ദേശിച്ചത്.
2015-ലെ കോട്ടയം സമ്മേളനത്തോടെ തന്നെ കാനം പാര്‍ട്ടിയില്‍ വലിയ സ്വാധീനശക്തിയായി മാറിക്കഴിഞ്ഞിരുന്നു. മൂന്നുവര്‍ഷത്തിനുശേഷം മലപ്പുറത്ത് സംസ്ഥാനസമ്മേളനം ചേരുമ്പോള്‍ പാര്‍ട്ടിയുടെ കേരളത്തിലെ ചോദ്യംചെയ്യപ്പെടാത്ത നേതാവായി കാനം രാജേന്ദ്രന്‍ മാറി. 64-ലെ പാര്‍ട്ടി പിളര്‍പ്പിനുശേഷം ആദ്യമായി മലബാര്‍ മേഖലയില്‍ സംസ്ഥാനസമ്മേളനം നടത്തി കാനം കരുത്തുതെളിയിച്ചു.
സിപിഎം നേതൃത്വത്തിന് മുന്നില്‍ അന്നത്തെ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ മുട്ടുമടക്കി എന്ന് ആരോപണം നേരിടുന്ന കാലത്താണ് കാനം ആദ്യമായി പാര്‍ട്ടി സെക്രട്ടറി യാവുന്നത്. ശക്തിയില്ലാതിരുന്ന കാലത്തും പാര്‍ട്ടിക്ക് മുഖ്യമന്ത്രി സ്ഥാനം കിട്ടിയിട്ടുണ്ടെന്നും ഇനിയും മുഖ്യമന്ത്രി പദവി കിട്ടാന്‍ അര്‍ഹതയുണ്ടെന്നുമായിരുന്നു പാര്‍ട്ടി സെക്രട്ടറിയായ ശേഷം കാനത്തിന്റെ ആദ്യ പ്രതികരണം. പാര്‍ട്ടിക്കെതിരെ വിമര്‍ശനം വന്നാല്‍ എതിരാളിക്ക് ഇഷ്ടപ്പെടുമോയെന്ന് നോക്കാതെ മറുപടി പറയുമെങ്കിലും സാമാന്യമര്യാദയുടെ അതിര്‍വരമ്പ് ലംഘിക്കുന്ന പരാമര്‍ശങ്ങള്‍ കാനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. കുറച്ച് സംസാരിക്കുക, കൂടുതല്‍ പ്രവര്‍ത്തിക്കുക എന്നതും അദ്ദേഹം ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ച മൂല്യമായിരുന്നു.
ഇടതുമുന്നണി ഭരിക്കുമ്പോഴും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചും അദ്ദേഹം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ശ്രദ്ധേയനായി. മാവോവാദി വേട്ട അടക്കമുള്ള കാര്യങ്ങളില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഇടത് മുന്നണി പ്രവേശനത്തിലും കാനം ആദ്യം അനുകൂലമായല്ല പ്രതികരിച്ചത്. രാഷ്ട്രീയമായി അപകടനിലയിലുള്ളവര്‍ക്കുള്ള വെന്റിലേറ്ററല്ല ഇടത് മുന്നണിയെന്നായിരുന്നു ആദ്യ അഭിപ്രായം. എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി ജോസ് കെമാണി മുന്നണിയില്‍ എത്തിയപ്പോള്‍ കരുതലോടെ അദ്ദേഹം അതിനെ സമീപിച്ചു. വിവാദങ്ങളുടെ തിരമാലകളില്‍ മുന്നണിയും സര്‍ക്കാരും നില്‍ക്കെ ഒരു കക്ഷികൂടി വന്ന് ജനകീയ അടിത്തറ ശക്തമാകുന്നതിനെ അദ്ദേഹം എതിര്‍ത്തില്ല.
തോട്ടം മാനേജരായിരുന്ന പിതാവിന്റെ ഒപ്പം എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ ജീവിതം കണ്ടാണ് കൊച്ചു രാജേന്ദ്രന്‍ വളര്‍ന്നത്. അതുകൊണ്ടു തന്നെ പില്‍ക്കാലത്തു നിയമസഭയില്‍ നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബില്‍ സ്വകാര്യബില്ലായി അവതരിപ്പിച്ചു തൊഴിലാളികളോടുള്ള കരുതലിന് അടിവരയിട്ടു. നല്ല നിയമസഭാസാമാജികനെന്ന പേരും നേടി. എഐഎസ്എഫ് 1970ല്‍ നടത്തിയ കലാമേളയില്‍ ‘രക്തപുഷ്പങ്ങള്‍’ എന്ന നാടകത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസി ദേശീയ നേതാവുമൊക്കെയായിരിക്കുമ്പോഴും പാര്‍ട്ടിയുടെ ബ്രാഞ്ച് തലത്തിലുള്ള കമ്മിറ്റികളില്‍ പോലും കാനം സ്ഥലത്തുണ്ടെങ്കില്‍ പങ്കെടുക്കുമായിരുന്നു.