കൊല്ലം: സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന വേദിക്ക് സമീപം ഒരു തരത്തിലുമുള്ള ‘ആയുധക്കളി’കളും വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ ഉദ്ഘാടനച്ചടങ്ങിന് മുമ്പായി നടത്തുന്ന ‘ദൃശ്യവിസ്മയം’ ചടങ്ങില്‍ കളരിപ്പയറ്റ് അഭ്യാസം പ്രദര്‍ശിപ്പിക്കുന്നത് വിലക്കികൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ആഘോഷ പരിപാടികളില്‍ പ്രശസ്ത കളരിപ്പയറ്റ് സംഘത്തിന്റെ പരിപാടികൂടി ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്ന് കലോത്സവ സമിതി കണ്‍വീനര്‍മാരുടെ യോഗത്തില്‍ ഒരു അംഗം ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
മന്ത്രിയുടെ പ്രസ്താവനയെ എം. മുകേഷ് എം.എല്‍.എയും പിന്തുണച്ചു. കുറച്ചു നാളുകള്‍ക്ക് മുമ്പ് താന്‍ പങ്കെടുത്ത ഒരു ടി.വി ഷോയില്‍ കളരിപ്പയറ്റ് അവതരിപ്പിച്ചെന്നും വേദിയില്‍ നിന്ന് ഏറെ മാറി ഇരുന്നിരുന്ന താനുള്‍പ്പെടെയുള്ള ജഡ്ജിങ് പാനലിലെ ഒരാള്‍ക്ക് തീപ്പൊരി വീണ് പൊള്ളലേറ്റെന്നും മുകേഷ് പറഞ്ഞു.