തിരുവനന്തപുരം: : ഭീമമായ തുക കുടിശികയായതോടെ കാരുണ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍നിന്നു കേരളത്തിലെ 140 സ്വകാര്യ ആശുപത്രികള്‍ പിന്മാറിയതായി കണക്കുകൾ. സംസ്ഥാനത്തെ സാധാരണക്കാരായ നിരവധി പേർക്ക് വലിയ ചികിത്സാ ചെലവിൽനിന്ന് ആശ്വാസം നൽകുന്ന പദ്ധതിയായിരുന്നു കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്).

കെ.എം. മാണി ധനമന്ത്രിയായിരുന്നപ്പോഴാണ് പദ്ധതി ഫലപ്രദമായി നടപ്പാക്കിയത്. ദുർബലരും ദരിദ്രരുമായ 64 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് ആശുപത്രി ചികിത്സയ്ക്കായി അഞ്ചുലക്ഷം രൂപവരെ നൽകിയിരുന്ന പദ്ധതിയുമായി കേരളത്തിലെ നാനൂറോളം സ്വകാര്യ ആശുപത്രികളാണു സഹകരി ച്ചിരുന്നത്.
രോഗി ആശുപത്രി വിട്ട് 15 ദിവസത്തിനകം സര്‍ക്കാര്‍ പണം കൈമാറണമെന്നതാണ് വ്യവസ്ഥ. പണം നൽകുന്നതു വൈകിയാൽ ഓരോ ദിവസത്തിനും പലിശയും നല്‍കണം. എന്നാല്‍, മാസങ്ങളായി ആശുപത്രികൾക്ക് നൽകാനുള്ള തുക കുടിശികയാണ്. കണ്ണൂർ ജില്ലയില്‍ മാത്രം 80 കോടി രൂപ സ്വകാര്യ ആശുപത്രികള്‍ക്കു കിട്ടാനുണ്ട്. സംസ്ഥാനത്ത് 14 കോടി രൂപ വരെ കിട്ടാനുള്ള സ്വകാര്യ ആശുപത്രികളുണ്ട്.
ഇടത്തരം ആശുപത്രികളില്‍ ഭൂരിഭാഗവും ഇതിനകംതന്നെ പദ്ധതിയില്‍നിന്നു പിന്മാറി. കുടിശിക കൊടുത്തു തീര്‍ത്തില്ലെങ്കില്‍ മറ്റ് ആശുപത്രികളും പിന്മാറും. ആശുപത്രികളുടെ പിന്മാറ്റം നിര്‍ധനരായ രോഗികളെയും അവരുടെ കുടുംബങ്ങളെയുമാണു പ്രതികൂലമായി ബാധിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ സംസ്ഥാന ഹെല്‍ത്ത് ഏജന്‍സിയുമായി നടത്തിയ ചര്‍ച്ചയില്‍ കുടിശിക നല്‍കുമെന്ന് അറിയിച്ചതാണ്. രണ്ടു മാസം പിന്നിട്ടെങ്കിലും നാമമാത്രമായ തുക മാത്രമാണ് ലഭിച്ചിരിക്കുന്നത്.
ഇനി കുടിശിക തുക കിട്ടാതെ മുന്നോട്ടു പോകാനാവില്ലെന്ന നിലപാടിലാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍. ഇതോടെ പൊതുജന ആരോഗ്യ സുരക്ഷാ മേഖലയിൽ സാധാരണക്കാർക്ക് ഏറെ ആശ്വാസവും കൈത്താങ്ങുമായിരുന്ന പദ്ധതിക്കാണു തിരിച്ചടിയായത്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സംയുക്തമായാണു പദ്ധതി നടപ്പാക്കിയത്.
ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കുന്നതായിരുന്ന സംവിധാനം. കുടുംബാംഗങ്ങളുടെ പ്രായമോ എണ്ണമോ പരിഗണിക്കാതെയായിരുന്നു ചികിത്സാ സഹായം നൽകിയിരുന്നത്. റേഷൻ കാർഡിലെ വരുമാനം മാത്രം അടിസ്ഥാനമാക്കിയായിരുന്നു സഹായം നൽകിയിരുന്നത്.
നിരവധി സഹകരണ സ്ഥാപനങ്ങളും പിന്മാറിയതിൽ ഉൾപ്പെടും. കേന്ദ്ര സഹായം കിട്ടാത്തതും ഗുണഭോക്താക്കളുടെ എണ്ണം കൂടിയതുമൊക്കെ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെന്നാണ് സര്‍ക്കാര്‍ നല്കുന്ന വിശദീകരണം.