
ന്യൂഡൽഹി : ഡൽഹി പൊലീസിൽ കഴിഞ്ഞ മുപ്പത്തിയാറ് വർഷമായി സേവനം തുടരുന്ന സബ് ഇൻസ്‌പെക്ടർ രാകേഷ് കുമാറിന്റെ ജീവിതത്തിൽ സന്തോഷിക്കാനുള്ള ദിവസമായിരുന്നു നാളെ. തന്റെ മകളുടെ വിവാഹം നടത്താൻ തീരുമാനിച്ച ദിവസമായിരുന്നു അത്. എന്നാൽ അച്ഛന്റെ ജോലിത്തിരക്ക് മൂലം ആ വിവാഹം മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ മാസം പതിമൂന്ന് മുതൽ രാകേഷ് കുമാറിന്റെ ഡ്യൂട്ടി രാജ്യതലസ്ഥാനത്തെ ലോധി ശ്മശാനത്തിലാണ്. ഇവിടെയുള്ള ഉദ്യോഗസ്ഥരെ സഹായിക്കുക എന്നതും, മരണപ്പെട്ടവരുമായി എത്തുന്ന ആംബുലൻസുകളെ നിയന്ത്രിക്കലുമെല്ലാമാണ് അദ്ദേഹത്തിന്റെ ജോലി.
മുൻപ് ദിവസവും പത്തിൽ താഴെയാളുകളെയാണ് ലോധി ശ്മശാനത്തിൽ സംസ്‌കരിച്ചിരുന്നത്. എന്നാൽ ഇന്ന് അറുപതിനടുത്ത് ആളുകളുടെ ചേതനയറ്റ ശരീരമാണ് ഇവിടെ അഗ്നിക്കിരയാക പ്പെടുന്നത്. പലപ്പോഴും ഇവിടെ അനാഥമാക്കപ്പെട്ട മൃതദേഹങ്ങൾ എത്താറുമുണ്ട്. ഒരു മാസത്തി നകത്തെ ഡ്യൂട്ടിക്കിടയിൽ ഉദ്ദേശം 1100 മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ശ്മശാനത്തിലെ ഉദ്യോഗസ്ഥരെ താൻ സഹായിച്ചിട്ടുണ്ടെന്ന് രാകേഷ് പറയുന്നു. എന്നും രാവിലെ 7 മണിക്ക് ഇവിടെ എത്തിയാൽ മടങ്ങാനാവുന്നത് ഏറെ വൈകി മാത്രമാണ്.
ഉറ്റവരെ നഷ്ടപ്പെടുന്നവരുടെ വേദന എന്നും കണ്ട് മനസ് വേദനിക്കുന്നതിനാലാണ് ഈ അവസരത്തിൽ മകളുടെ വിവാഹം മാറ്റിവയ്ക്കാൻ ഈ ഉദ്യോഗസ്ഥൻ തീരുമാനിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ നിന്നുള്ളയാളാണ് രാകേഷ് കുമാർ. ഭാര്യയും മൂന്ന് മക്കളും അവിടെയാണ് താമസിക്കുന്നത്.