കരിപ്പൂര്‍; കുന്നമംഗലം സ്വദേശിനി ഷമീറയില്‍നിന്ന് 1.34 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടി


മലപ്പുറം അബൂദാബിയില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കോഴിക്കോട് കുന്നമംഗലം സ്വദേശിനിയില്‍നിന്ന് 1.34 കിലോ ഗ്രാം സ്വര്‍ണ്ണം പോലീസ് പിടികൂടി. യാത്രക്കാരിയായ ഷമീറ(45)യെ പോലീസ് കസ്റ്റഡിയിലെടുത്തു.

അബൂദാബിയില്‍നിന്നും എയര്‍ അറേബ്യ വിമാനത്തിലാണ് ഷമീറ കരിപൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. ഷമീറയില്‍നിന്നും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിന് പുറത്ത് കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങളായ കുന്നമംഗലം സ്വദേശികളായ റിഷാദ് (38), ജംഷീര്‍ (35) എത്തിയിരുന്നു. ഇവരാണ് ആദ്യം പോലീസിന്റെ വലയിലാവുന്നത്. ശേഷം ഷമീറയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അത്യാധുനിക സ്‌കാനിങ് സംവിധാനങ്ങളെ മറികടന്നാണ് ഷമീറ എയര്‍പോര്‍ട്ടിന് പുറത്തെത്തിയത്. ദേഹപരിശോധനയിലാണ് വസ്ത്രത്തില്‍നിന്നും സ്വര്‍ണ്ണമടങ്ങിയ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്തിയത്. മൂന്ന് പാക്കറ്റുകള്‍ക്ക് 1340 ഗ്രാം തൂക്കമുണ്ട്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് അഭ്യന്തര വിപണിയില്‍ 80 ലക്ഷത്തിലധികം രൂപ വിലവരും.

കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂര്‍ എയര്‍പോട്ടിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 8-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന് കൈമാറും.


Read Previous

രക്തസ്രാവ വൈകല്യങ്ങളുള്ള കുട്ടികൾക്ക് സർക്കാർ നൽകുന്ന പ്രോഫിലാക്സിസ് പ്രതിരോധ ചികിത്സ മുടങ്ങുന്നു

Read Next

ഒന്നാം ഭാരത് ജോഡോ യാത്രയ്ക്ക് കോണ്‍ഗ്രസ് ചെലവഴിച്ചത് 71.8 കോടിരൂപ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »