ചെവിയില്‍ തൊട്ടു, എ.ഐ. ക്യാമറയില്‍ പതിഞ്ഞു; യുവാവിനെതിരെ മൊബൈല്‍ ഉപയോഗത്തിന് ചുമത്തിയ പിഴ ഒഴിവാക്കി


കാര്‍ ഓടിക്കുമ്പോള്‍ ചെവിയില്‍ തൊട്ട യുവാവിനു മൊബൈല്‍ഫോണ്‍ ഉപയോഗിച്ചെന്നാരോപിച്ച് ചുമത്തിയ പിഴ ഒഴിവാക്കി. കയറംപാറ പാതിരിക്കോട് അറയ്ക്കല്‍ നാലകത്ത് മുഹമ്മദിന് ലഭിച്ച 2,000 രൂപയുടെ പിഴയാണ് മോട്ടോര്‍വാഹനവകുപ്പ് ഒഴിവാക്കിയത്.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 13-ന് രാത്രി 7.35-നായിരുന്നു സംഭവം. മുഹമ്മദും ഭാര്യാപിതാവും ലക്കിടി-തിരുവില്വാമല റോഡിലൂടെ യാത്രചെയ്യുന്നതിനിടെയാണ് മിത്രാനന്ദപുരത്തെ എ.ഐ. ക്യാമറ ദൃശ്യങ്ങളെടുത്തത്.

കാറോടിച്ചിരുന്ന മുഹമ്മദ് ഇടതുകൈ കൊണ്ട് ഇടതുചെവിയില്‍ തൊട്ടത് മൊബൈല്‍ഫോണ്‍ ഉപയോഗിച്ചെന്ന രീതിയിലായിരുന്നു പിന്നീട് മോട്ടോര്‍വാഹനവകുപ്പില്‍ നിന്നുവന്ന നോട്ടീസ്. എന്നാല്‍, നോട്ടീസിലെ ദൃശ്യത്തില്‍ കൈയില്‍ മൊബൈല്‍ഫോണ്‍ ഇല്ലെന്ന് വ്യക്തമായി കാണുന്നുണ്ടെന്നായിരുന്നു മുഹമ്മദിന്റെ ബന്ധുക്കളുടെ പക്ഷം

മുഹമ്മദ് വിദേശത്തേക്ക് പോയശേഷമാണ് മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതിന് 2,000 രൂപ പിഴയും മുന്നിലിരുന്ന സഹയാത്രികന്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 500 രൂപയും ചുമത്തി നോട്ടീസ് ലഭിച്ചത്. മുഹമ്മദിന്റെ സഹോദരന്റെ പേരിലാണ് കാറിന്റെ ആര്‍.സി.

നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് പാലക്കാട് മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്‌സ്മെന്റ് ഓഫീസിലെത്തിയ ആര്‍.സി. ഉടമ മുഹമ്മദ് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് ബോധിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ വീണ്ടും ദൃശ്യങ്ങള്‍ പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തിയശേഷം 2,000 രൂപ പിഴ ഒഴിവാക്കുകയായിരുന്നെന്ന് ആര്‍.സി. ഉടമ അറിയിച്ചു.


Read Previous

സ്മാര്‍ട്ട് സിറ്റി റോഡ് വിവാദം: മുഹമ്മദ് റിയാസിന് വിമര്‍ശനം, മന്ത്രിയുടെ പ്രസംഗം അപക്വമെന്ന് സിപിഎം

Read Next

ആകാശത്ത് റോഡ് നിര്‍മിച്ച് താഴെ ഫിറ്റ് ചെയ്യാനാകില്ല’; കടകം പള്ളിക്ക് റിയാസിന്റെ മറുപടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »