
ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർത്തൽ, റാങ്ക് ലിസ്റ്റ് അട്ടിമറി ഉൾപ്പെടെ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ ഒരു കോടി രൂപവരെ പിഴയും 10 വർഷംവരെ തടവും ശുപാർശചെയ്യുന്ന പൊതുപരീക്ഷാ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു.
പേഴ്‌സണൽ മന്ത്രാലയം കൊണ്ടുവന്ന ബിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് അവതരിപ്പിച്ചത്. ബിൽ നിയമമായാൽ ഭാരതീയ ന്യായസംഹിതയിലും ഉൾപ്പെടുത്തും. അടുത്തിടെ രാജസ്ഥാൻ, ഗുജറാത്ത്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മത്സരപ്പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്നതായി പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് നിയമനിർമാണം.
പ്രധാനനിർദേശങ്ങൾ
• ഡി.വൈ.എസ്.പി., അസി. കമ്മിഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തേണ്ടത്.
• ആവശ്യമെങ്കിൽ കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കാൻ കേന്ദ്രത്തിന് അധികാരം.
• പരീക്ഷയിലെ ക്രമക്കേട് സംഘടിതകുറ്റകൃത്യമാണെന്ന് കണ്ടെത്തിയാൽ അഞ്ചുമുതൽ 10 വർഷംവരെ തടവ്. ഒരു കോടി രൂപയിൽ കുറയാത്ത പിഴ. കുറഞ്ഞത് നാലുവർഷത്തേക്കെങ്കിലും പരീക്ഷാ നടത്തിപ്പിൽനിന്ന് ഒഴിവാക്കും.
• ക്രമക്കേട് നടത്തുന്ന സ്ഥാപനത്തിന്റെ സ്വത്തുവകകൾ കണ്ടുകെട്ടും. പരീക്ഷാ നടത്തിപ്പിന് ചെലവായ തുക ഈടാക്കാം.
• വ്യക്തി ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കിൽ മൂന്നുമുതൽ അഞ്ചുവർഷംവരെ തടവ്. 10 ലക്ഷം രൂപവരെ പിഴ.
ഇവ കുറ്റകൃത്യങ്ങൾ
ചോദ്യപ്പേപ്പർ, ഉത്തരസൂചിക, ഒ.എം.ആർ. ഷീറ്റ് എന്നിവ ചോർത്തൽ, ഗൂഢാലോചനയിൽ പങ്കെടുക്കൽ, ആൾമാറാട്ടം, കോപ്പിയടിക്കാൻ സഹായിക്കൽ, ഉത്തരസൂചിക പരിശോധന അട്ടിമറിക്കൽ, മത്സരപരീക്ഷയ്ക്ക് കേന്ദ്രസർക്കാർ നിർദേശിച്ച ചട്ടങ്ങളുടെ ലംഘനം, റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട രേഖകളിലെ തിരിമറി, പരീക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങളുടെ ലംഘനം, പരീക്ഷാ ഹാളിലെ ഇരിപ്പിടം, തീയതി എന്നിവയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ, വ്യാജ വെബ്‌സൈറ്റ് സൃഷ്ടിക്കൽ, വ്യാജ അഡ്മിറ്റ് കാർഡുകൾ, പണലാഭത്തിനായുള്ള കത്തിടപാടുകൾ.