പ്രതീക്ഷിക്കുന്നത് 2019ലേതിന് സമാനമായ പ്രകടനം; ആലപ്പുഴയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയോ സിദ്ധിഖിനെയോ ഇറക്കിയെക്കും?; യുഡിഎഫ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്


ആലപ്പുഴ: കഴിഞ്ഞ പ്രാവശ്യം നഷ്ടമായ ആലപ്പുഴ ലോക്‌സഭ സീറ്റ് തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ്. സീറ്റ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ സിനിമാതാരത്തെ അടക്കം ആലപ്പുഴയിലേക്ക് പാര്‍ട്ടി പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിനിമാനടന്‍ സിദ്ധിഖിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും പേരുകളാണ് ആലപ്പുഴയിലേക്ക് പരിഗണിക്കുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുള്ള പേരുകളില്‍ നടന്‍ സിദ്ധിഖിന്റെ പേരിനാണ് മുന്‍തൂക്കം എന്നാണ് സൂചന. താരപരിവേഷം വോട്ടാക്കി മണ്ഡലം തിരിച്ചു പിടിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. മതസാമുദായിക പരിഗണനകള്‍ കൂടി പരിഗണിച്ചാണ് സിദ്ധിഖിന്റെ പേര് ഉയര്‍ന്നു വന്നിട്ടുള്ളത്.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കണ മെന്ന നിര്‍ദേശം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ മത്സരരംഗത്തേക്കില്ലെന്നാണ് വേണു ഗോപാല്‍ നിലപാടെടുത്തത്. ഇതോടെയാണ് മറ്റു പേരുകളിലേക്ക് കോണ്‍ഗ്രസ് നേതൃത്വം തിരിഞ്ഞത്.

മുന്‍ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂര്‍, യുവനേതാവ് ബിആര്‍എം ഷഫീര്‍ എന്നി വരുടെ പേരുകളും ഉയര്‍ന്നു വന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നും നിര്‍ദേശ മുയര്‍ന്നിട്ടുണ്ട്.

മാവേലിക്കരയിലും പത്തനംതിട്ടയിലും തോല്‍വി ഉണ്ടായേക്കാമെന്ന് കനഗോലു വിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ അവസാനനിമിഷം പകരക്കാരനെ കണ്ടെത്തുക ദുഷ്‌കരമാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2019ലേതിന് സമാനമായ ഒരു പ്രകടനമാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്നത്. പരമാവധി സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച് ഡല്‍ഹിക്കയക്കണമെന്ന നിര്‍ദേശം ഇതിനോടകം സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കുന്ന കോണ്‍ഗ്രസ് കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് നഷ്ടപ്പെട്ട ആലപ്പുഴ തിരിച്ചുപിടിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കളത്തിലിറക്കുന്ന കാര്യം സജീവമായി പരിഗണയിലുണ്ട് ഇതോടൊപ്പം മറ്റു പല പേരുകളും ഉയര്‍ന്നു വന്നിട്ടുണ്ട്

പുലര്‍ച്ചെ പൊലീസ് രാഹുലിനെ വീട് വളഞ്ഞ് അമ്മയുടെ മുന്നില്‍ നിന്ന് അറസ്റ്റ് ചെയ്തതും തുടര്‍ന്ന് ജയില്‍ വാസം അനുഭവിക്കേണ്ടി വന്നതും യുവ നേതാവിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന വിലിയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. അതോടൊപ്പം തന്നെ ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം നേതാക്കളെ വെല്ലുന്ന വാക്ചാതുരിയോടെ തിളങ്ങുന്നുവെന്നതും രാഹുലിന്റെ പ്രത്യേകതയാണ്. നവകേരള യാത്രയുടെ കാലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ഭരക്ഷാ പ്രവര്‍ത്തനത്തെ പ്രതിരോധിക്കാന്‍ യൂത്ത് കോണ്‍ഗ്രസിനെ മുന്നിട്ടിറങ്ങി സജ്ജമാക്കിയത് പാര്‍ട്ടിയിലെ യുവാക്കള്‍ക്കുള്ളില്‍ വീര പരിവേഷവും രാഹുലിന് സമ്മാനിച്ചിട്ടുണ്ട്.

2009, 2014 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ കെ.സി വേണുഗോപാലിനെ വിജയിപ്പിച്ച മണ്ഡലം കഴിഞ്ഞ തവണ വെറും 10,474 വോട്ടുകളുടെ വ്യത്യാസത്തിലാണ് ഇടത്തേക്ക് ചാഞ്ഞത്. 19 സീറ്റിലും വിജയിച്ചിട്ടും ആലപ്പുഴ നേരിയ വോട്ടിന് നഷ്ടമായത് ഇത്തവണ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.

സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളുടെ ചുമതല വന്നേക്കുമെന്നത് മാത്രമാണ് മത്സരിക്കാന്‍ തടസം.അതു കൊണ്ട് തന്നെ കെ.സി മത്സരിക്കുന്നില്ലെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരും തള്ളികളയാന്‍ സാധിക്കില്ല ആലപ്പുഴയില്‍ ജനവിധി തേടുക. രാഹുലിനെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് എതിര്‍ഗ്രൂപ്പുകാര്‍ക്കും താത്പര്യമുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ രാഹുലിനെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. അത് ഒഴിവാക്കിയെടുക്കുകയെന്ന ലക്ഷ്യമുള്ളതിനാല്‍ തന്നെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിനെ ഡല്‍ഹിക്കയക്കാന്‍ നേതാക്കള്‍ ഒരുമിക്കും.

ആലപ്പുഴ മണ്ഡലത്തെ സംബന്ധിച്ച് 1977ല്‍ രൂപീകൃതമായതിന് ശേഷം നടന്ന 12 തിരഞ്ഞെടുപ്പുകളില്‍ എട്ടെണ്ണവും വിജയിച്ചത് യുഡിഎഫ് ആണ്. നാല് തവണ മാത്രമാണ് മണ്ഡലം ഇടത്തേക്ക് ചാഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപി എമ്മിനും ഇടത് മുന്നണിക്കും മൃഗീയ ഭൂരിപക്ഷം സമ്മാനിക്കുമ്പോഴും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആ പിന്തുണ ലഭിക്കാറില്ല. എഎം ആരിഫ് മണ്ഡലത്തിലെ ജനകീയ എംപിയാണ്. എന്നാല്‍ രാഹുലിനെ പോലെ ഒരു യുവ സ്ഥാനാര്‍ത്ഥിയെ രംഗത്തിറ ക്കിയാല്‍ തിരിച്ചുപിടിക്കാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.


Read Previous

വെളുത്തുള്ളി ഇനി തൊട്ടാല്‍ പൊള്ളും, തീവില; കിലോയ്ക്ക് 450 രൂപ

Read Next

റിയാദ് ടാക്കീസ് നൗഷാദ് ആലുവയ്ക്ക് സ്വീകരണം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »