
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനസര്‍ക്കാര്‍ സര്‍വീസില്‍ ജോലിയിലുള്ള 1389 പേര്‍ ക്രിമിനല്‍ കേസ് പ്രതികളായതായി റിപ്പോര്‍ട്ട്. ഇതില്‍ കൂടുതല്‍ ക്രിമിനല്‍ കേസ് പ്രതികളുള്ളത് പോലീസ് സേനയിലാണ് -770 പേര്‍. ഇതില്‍ 17 പേരെ പലപ്പോഴായി പിരിച്ചുവിട്ടു.
രണ്ടാംസ്ഥാനത്തുള്ളത് വിദ്യാഭ്യാസവകുപ്പ് ജീവനക്കാരാണ് -188 പേര്‍. തദ്ദേശവകുപ്പില്‍നിന്ന് 53 പേരും ഈ കാലയളവില്‍ പ്രതികളായി. വിജിലന്‍സ് കേസുകളില്‍ മുന്നിലുള്ളത് തദ്ദേശസ്വയംഭരണവകുപ്പ് (216) ജീവനക്കാരാണ്. അനധികൃത സ്വത്തുസമ്പാദനം, കൈക്കൂലി, പണാപഹരണം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ കേസുകളാണ് ഇവയില്‍ ഭൂരിഭാഗവും.
ബാങ്ക് തട്ടിപ്പുകള്‍കൂടി പുറത്തുവന്നതോടെ രണ്ടാംസ്ഥാനം സഹകരണവകുപ്പിനായി. 165 കേസുകള്‍ സഹകരണവകുപ്പ് ജീവനക്കാര്‍ക്കെതിരേയുണ്ട്. 160 റവന്യൂ ജീവനക്കാരും വിജിലന്‍സ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
1028 ജീവനക്കാരാണ് അഞ്ചുവര്‍ഷത്തിനിടെ വിജിലന്‍സ് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടത്. 195 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 22 പേര്‍ക്കെതിരേ ട്രിബ്യൂണല്‍ എന്‍ക്വയറി നടക്കുന്നുണ്ട്. 14 കേസുകളില്‍ വകുപ്പുതല നടപടി സ്വീകരിച്ചു. തെളിവില്ലാത്തതിനാല്‍ 70 കേസുകള്‍ അവസാനിപ്പിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതികളായ കേസുകളില്‍ അന്വേഷണം വേഗത്തിലാക്കാനും കുറ്റപത്രം പെട്ടെന്ന് സമര്‍പ്പിക്കാനും പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുരുതര ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നിര്‍ണായകസ്ഥാനങ്ങളില്‍ നിയമിക്കുന്നതിനും നിയന്ത്രണമുണ്ട്. ഒരോ വകുപ്പും ക്രിമിനല്‍ കേസില്‍പ്പെട്ട ജീവനക്കാരുടെ രജിസ്ട്രര്‍ പ്രത്യേകം സൂക്ഷിക്കണം.