
സംഗീത പരിപാടിക്കിടെ ആരാധകനെ മൈക്കുകൊണ്ടിടിക്കുകയും ഫോൺ പിടിച്ചുവാങ്ങി വലിച്ചെറിയുകയും ചെയ്തതിനേത്തുടർന്ന് രൂക്ഷമായ വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ് ഗായകൻ ആദിത്യ നാരായൺ. ഛത്തീസ്ഗഡിലെ ഭിലായിലെ കോളേജിലെ പരിപാടിക്കിടെയായിരുന്നു സംഭവം. ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഗീത പരിപാടിയുടെ ഇവന്റ് മാനേജർ.
ആദിത്യ നാരായൺ മർദിച്ച യുവാവ് പരിപാടി നടന്ന കോളേജിലെ വിദ്യാർത്ഥിയല്ലെന്നാണ് ഇവന്റ് മാനേജറുടെ വെളിപ്പെടുത്തൽ. അയാൾ പുറത്തുനിന്ന് വന്നയാളാണ്. യുവാവ് കാലിൽ പിടിച്ചുവലിച്ചതിനേത്തുടർന്നാണ് ആദിത്യയുടെ നിയന്ത്രണംതെറ്റിയത്. അയാൾ ആദിത്യയുടെ കാലിൽ പലതവണ ഫോൺകൊണ്ട് അടിച്ചു. അതിനു ശേഷം മാത്രമാണ് ആദിത്യയുടെ സ്വൈര്യം നഷ്ടപ്പെട്ടത്. അതുവരെ യാതൊരു കുഴപ്പവുമില്ലാതെയാണ് സംഗീതനിശ നടന്നിരുന്നതെന്നും മാനേജർ ചൂണ്ടിക്കാട്ടി.
“ഗായകൻ ദർശൻ റാവൽ പോലും ഇത്തരം കോളേജ് പരിപാടികൾ ചെയ്യുന്നത് നിർത്തി. കാരണം ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ എല്ലാ നഗരങ്ങളിലും നടക്കുന്നുണ്ട്. എല്ലാത്തിനും പിന്നിലെ സത്യം ജനങ്ങൾക്ക് അറിയില്ല. നിങ്ങൾ ഒരു വശം മാത്രമേ കാണുന്നുള്ളൂ. അവൻ ആദിത്യയെ തുടർച്ചയായി അടിച്ചും വലിച്ചും കൊണ്ടിരുന്നു, താഴെ വീണാലോ? ഞാൻ വർഷങ്ങളായി ഈ കോളേജുമായി ബന്ധപ്പെട്ടിരിക്കുന്നു, അവർക്ക് ഇത്തരമൊരു നല്ല കച്ചേരി ഉണ്ടായിട്ടില്ല. അവർ തന്നെ അത് പറഞ്ഞിട്ടുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈവ് സംഗീത പരിപാടിക്കിടെ ആരാധകനെ ആദിത്യ മെെക്ക് കൊണ്ടിടിച്ച വീഡിയോ വെെറലായതോടെ നിരവധിയാളുകളാണ് വിമർശനവുമായി എത്തിയത്. ആദ്യം ആരാധകനോട് ആദിത്യ ഫോൺ ചോദിക്കുകയും അദ്ദേഹമത് കൊടുക്കാതായതോടെ മെെക്ക് കൊണ്ട് ഇടിക്കുകയുമായിരുന്നു. പിന്നാലെ ഫോൺ പിടിച്ചുവാങ്ങി ദൂരേയ്ക്ക് വലിച്ചെറിയുകയുംചെയ്തു.
സംഭവത്തെക്കുറിച്ച് ഗായകൻ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. പ്രശസ്ത ഗായകൻ ഉദിത് നാരായണിന്‍റെ മകൻ കൂടിയാണ് ആദിത്യ.