തൂക്കത്തിനിടെ 9 മാസം പ്രായമുള്ള കുട്ടി താഴേയ്ക്കു വീണ സംഭവം; അന്വേഷണവുമായി ശിശുക്ഷേമ സമിതി


അടൂർ: ഏഴംകുളം ദേവീക്ഷേത്രത്തിൽ ‌കുട്ടിയെയുമെടുത്തുള്ള തൂക്കവഴിപാടു നടക്കുന്നതിനിടെ തൂക്കക്കാരന്റെ കയ്യിൽ നിന്നു 9 മാസം പ്രായമുള്ള കുട്ടി താഴെ വീണ സംഭവത്തിൽ ജില്ലാ ശിശു ക്ഷേമസമിതി ക്ഷേത്രത്തിലും കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിലുമെത്തി തെളിവെടുപ്പ് നടത്തി. ചെയർമാൻ എൻ.രാജീവ്, അംഗങ്ങളായ സുനിൽ പേരൂർ, എസ്.കാർത്തിക, പ്രസീദ നായർ, ഷാൻ രമേശ് ഗോപൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഡോക്ടറെയും കുട്ടികളുടെ രക്ഷിതാക്കളെയും കണ്ട ശേഷം ക്ഷേത്ര ഭാരവാഹികളിൽനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. റിപ്പോർട്ട് ബാലാവകാശ കമ്മിഷന് സമർപ്പിക്കും.

ഞായറാഴ്ച പുലർച്ചെയാണ് പത്തനാപുരം സ്വദേശികളായ ദമ്പതികളുടെ കുട്ടി തൂക്കക്കാരന്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ താഴെ വീണത്. താഴെ നിന്ന യുവാവ് പിടിച്ചെങ്കിലും യുവാവിന്റെ കയ്യിൽ നിന്നു വഴുതി കുട്ടി താഴേക്കു വീണു. കുട്ടിയുടെ കൈക്ക് പൊട്ടലുള്ളതൊഴിച്ചാൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലെന്ന് ക്ഷേത്രം ഭാരവാഹികളും ആശുപത്രി അധികൃതരും പറഞ്ഞു. ശിശുക്ഷേമ സമിതിയും സ്ഥലത്തെത്തി അന്വേഷണം നടത്തി. അടുത്ത വർഷം മുതൽ കുട്ടിയെയുമെടുത്തുള്ള തൂക്കവഴിപാടിനു സുരക്ഷ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്ന് ക്ഷേത്ര ഭരണ സമിതി പ്രസി‍ഡന്റ് അവറുവേലിൽ ജി.പത്മകുമാർ, സെക്രട്ടറി എസ്.സുധാകരൻപിള്ള എന്നിവർ പറഞ്ഞു.


Read Previous

എറണാകുളത്ത് വനിതാ സ്ഥാനാർഥിയെ തേടി ബിജെപി; പത്തനംതിട്ടയിലും ചാലക്കുടിയിലും അനിൽ ആന്റണി പരിഗണനയിൽ

Read Next

ചെങ്കടലിൽ ഹൂതി ആക്രമണം: കപ്പൽ ഒഴിപ്പിച്ചു, എൻജിൻ റൂം തകർന്നുവെന്ന് റിപ്പോർട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »