രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്: നിർണായക ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു


തിരുവനന്തപുരം∙ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവാകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. അറപ്പുര റസിഡന്‍സ് അസോസിയേഷന്‍ ഓഫിസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു. പുറത്തുവന്ന ദൃശ്യത്തിൽ സംശയാസ്പദനിലയിൽ ഒരു സ്ത്രീ‌ നടന്നുപോകുന്നത് കാണുന്നു. അതേസമയം, കുട്ടിയെ ഉപേക്ഷിക്കാന്‍ എത്തിയത് ചാക്ക ഭാഗത്തുനിന്നാണെന്നാണു സൂചന.

ചാക്കയിലെ റോഡരികിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങിക്കിടക്കുമ്പോൾ ഞായറാഴ്ച അർധരാത്രിയാണ് കുട്ടിയെ കാണാതായത്. ഇന്നലെ രാത്രി ഏഴരയോടെ 500 മീറ്റർ അകലെ ആറടിയിലേറെ ആഴമുള്ള ഓടയിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പൊലീസും മാധ്യമങ്ങളും പൊതുസമൂഹവും ജാഗ്രതയോടെ രംഗത്തിറങ്ങിയതോടെ പ്രതികൾ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായും അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

തേൻവിൽപനയ്ക്കായി കേരളത്തിലെത്തിയ ബിഹാർ സ്വദേശികളുടെ കുട്ടിയാണിത്. മാതാപിതാക്കൾക്കും 3 സഹോദരന്മാർക്കുമൊപ്പമാണ് ഉറങ്ങാൻ കിടന്നത്. പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബ്രഹ്മോസ് കേന്ദ്രവും വിമാനത്താവളവും ഉൾപ്പെടുന്നതിനാൽ സുരക്ഷാപ്രാധാന്യമുള്ള മേഖലയാണു ചാക്ക. രാത്രി പന്ത്രണ്ടിനുശേഷം ഉറക്കമുണർന്ന പിതാവാണ് കുഞ്ഞിനെ കാണാതായതായി ആദ്യം അറിഞ്ഞത്. രണ്ടരയോടെ പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

മഞ്ഞ സ്കൂട്ടറിൽ കൊണ്ടുപോകുന്നതു കണ്ടതായി സഹോദരൻമാർ പറഞ്ഞെങ്കിലും ലഭ്യമായ ഒരു സിസിടിവിയിലും കുട്ടിയുടെ ദൃശ്യം പതിഞ്ഞിരുന്നില്ല. ഒരിക്കൽ തിരച്ചിൽ നടത്തി മടങ്ങിയ സ്ഥലത്തുനിന്നാണ് രാത്രി കുട്ടിയെ കണ്ടെത്തിയത്.


Read Previous

വയനാട്ടിൽ മന്ത്രിസംഘത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ

Read Next

ഈ വനംമന്ത്രിക്കൊപ്പമിരുന്ന് ചര്‍ച്ചയ്ക്കില്ല’, മുഖ്യമന്ത്രി വരണം; സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »