ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കിയ സുപ്രീം കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്ത് ആം ആദ്മി പാർട്ടിസുപ്രീം കോടതിയിൽ ബിജെപിയെ തുറന്നുകാട്ടിയിരിക്കുകയാണെന്ന് എഎപി(AAP) പറഞ്ഞു. “ജനാധിപത്യം രക്ഷിച്ചതിന്” സുപ്രീം കോടതിക്ക് നന്ദിയെന്നായിരുന്നു ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ ആദ്യപ്രതികരണം. ഇന്നത്തെ ഉത്തരവോടെ എഎപി സ്ഥാനാർത്ഥി കുൽദീപ് കുമാറിനെ മേയറായി പ്രഖ്യാപിച്ചു. ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിലെ വോട്ടുകൾ വീണ്ടും എണ്ണാൻ സുപ്രീം കോടതി ഉത്തരവിടുകയും റിട്ടേണിംഗ് ഓഫീസർ അസാധുവാക്കിയ എട്ട് ബാലറ്റുകൾ സാധുവാണെന്ന് വിധിക്കുകയും ചെയ്തിരുന്നു. കൂടാതെ റിട്ടേർണിങ് ഓഫീസർ അനിൽ മസിഹിനെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസ് അയക്കുകയും ചെയ്തു.

“ഈ ദുഷ്‌കരമായ സമയങ്ങളിൽ ജനാധിപത്യത്തെ രക്ഷിച്ചതിന് സുപ്രീം കോടതിക്ക് നന്ദി!”, കോടതി വിധി വന്ന് നിമിഷങ്ങൾക്ക് ശേഷം അരവിന്ദ് കെജ്‌രിവാൾ എക്‌സിൽ പോസ്റ്റ് ചെയ്തു. “ഇത്രയും ചെറിയ തിരഞ്ഞെടുപ്പിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കും തട്ടിപ്പ് നടത്താൻ കഴിയുമെങ്കിൽ.. അത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്,” ഡൽഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനുവരി 30ന് നടന്ന ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരുകയും മൂന്ന് സ്ഥാനങ്ങളും നിലനിർത്തുകയും കോൺഗ്രസ്-എഎപി സഖ്യത്തെ പരാജയ പ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് എഎപി സുപ്രീം കോടതിയെ സമീപിച്ചത്. റിട്ടേണിംഗ് ഓഫീസർ അനിൽ മസിഹിനെതിരെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വഞ്ചന നടത്തിയെന്നും വ്യാജരേഖയും ഉണ്ടാക്കിയെന്നും എഎപി ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിലെ എഎപി സ്ഥാനാർഥി കുൽദീപ് കുമാറാണ് ഹർജി നൽകിയത്. ഈ ഹർജിയിൽ വാദം കേട്ട കോടതി വോട്ടെടുപ്പ് റദ്ദാക്കിയ വിധി പുറപ്പെടുവിക്കുകയായിരുന്നു. എട്ട് വോട്ടുകൾ എഎപിയുടെ മേയർ സ്ഥാനാർത്ഥി കുൽദീപ് കുമാറിന് അനുകൂലമായിട്ടാണെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഈ വോട്ടുകൾ റിട്ടേണിംഗ് ഓഫീസർ അസാധുവാക്കിയതാണ് ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തിന് കാരണമായതെന്ന് കോടതി കണ്ടെത്തി. സുപ്രീം കോടതിയുടെ ഉത്തരവോടെ, കേസിൽ ഹർജിക്കാരൻ കൂടിയായ എഎപി മേയർ സ്ഥാനാർത്ഥി കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു.
നേരത്തെ വോട്ടുകള്‍ വീണ്ടും എണ്ണാന്‍ നിര്‍ദേശിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞി രുന്നു. റിട്ടേണിംഗ് ഓഫീസര്‍ അസാധുവാക്കിയ എട്ട് ബാലറ്റുകള്‍ക്ക് സാധുതയു ണ്ടെന്നും കോടതി വിധിച്ചു. ഹർജിക്കാരന് അനുകൂലമായി രേഖപ്പെടുത്തിയ എട്ട് വോട്ടുകൾ അട്ടിമറിക്കാൻ അനിൽ മസിഹ് ബോധപൂർവമായ ശ്രമം നടത്തിയെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ബാലറ്റുകൾ വികൃതമാക്കിയതായി കണ്ടെത്തിയതിനാലാണ് താൻ അങ്ങനെ ചെയ്തതെന്ന് ഇന്നലെ ഈ കോടതിയിൽ ഉദ്യോഗസ്ഥൻ മൊഴി നൽകിയിരുന്നു. വാസ്തവത്തിൽ, ബാലറ്റുകളൊന്നും വികൃതമായിട്ടില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബെഞ്ച് പറഞ്ഞു. ജനാധിപത്യ തത്വങ്ങൾ സംരക്ഷി ക്കേണ്ടത് കോടതിയുടെ കടമയാണെന്നും കോടതി കൂട്ടിച്ചേർത്തു. റിട്ടേണിംഗ് ഓഫീസർ അനിൽ മസിഹിനെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്.
ഈ എട്ട് വോട്ടുകള്‍ സാധുതയുള്ളതായി കണക്കാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. റിട്ടേണിംഗ് ഓഫീസര്‍ അനില്‍ മസിഹ് അസാധുവാക്കിയ എട്ട് ബാലറ്റുകളും ആം ആദ്മി പാര്‍ട്ടി യുടെ സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാറിന്റെ സ്റ്റാമ്പ് ലഭിച്ചതായി വിസ്താരത്തിനിടെ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ‘വോട്ടുകള്‍ കുല്‍ദീപ് കുമാറിന് വേണ്ടി രേഖപ്പെടുത്തിയതാണ്. റിട്ടേണിംഗ് ഓഫീസര്‍ വീഡിയോയില്‍ കാണുന്നത് പോലെ ചെയ്യുന്നത്, ഒരു വരി മാത്രം ഇടുന്നു,’ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ബാലറ്റ് പേപ്പറുകളും വീഡിയോയും ഹാജരാക്കാന്‍ സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.