നന്ദിഗ്രാം: ഗാന്ധി, ഗോഡ്സെ എന്നിവരിലൊരാളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാ ൽ ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് ‘ആലോചിക്കാൻ സമയം വേണ’മെന്ന് മറുപടി നൽകി മുൻ ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യായ. ബിജെപിയില്‍ ചേർന്നതിനു ശേഷം ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കു കയായിരുന്നു ഗംഗോപാധ്യായ. പ്രദേശത്തെ ഒരു പ്രമുഖ സിപിഎം കുടുംബത്തിൽ പെട്ടയാളാണ് ഈ മുൻ ഹൈക്കോടതി ജഡ്ജി.

തംലൂക്ക് ലോക്സഭാ മണ്ഡലത്തിൽ ഗംഗോപാധ്യായ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. ഈ വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് വാർത്താ മാധ്യമങ്ങൾ അദ്ദേഹത്തെ തേടിയെത്തിയത്. ഗാന്ധിക്കും ഗോഡ്സെക്കുമിടയിൽ ഒരു തിരഞ്ഞെടുപ്പ് ആവശ്യമായി വന്നാൽ ആർക്കൊപ്പം നിൽക്കുമെന്ന ചോദ്യം അവതാരകൻ ചോദിച്ചപ്പോൾ ഒരു ദീർഘശ്വാസമെടുക്കുകയാണ് ഗംഗോപാധ്യായ ആദ്യം ചെയ്തത്. ശേഷം ഇങ്ങനെ പറഞ്ഞു: “ഞാനിതിന് ഇപ്പോൾ മറുപടി പറയില്ല. എനിക്ക് ഒന്നാലോചിക്കണം.”
ഇടതുപക്ഷവുമായി ദീർഘകാലത്തെ ബന്ധം കുടുംബത്തിനുണ്ടായിട്ടും ബിജെപിയി ലേക്ക് പോകുന്നതിന്റെ കാരണവും അവതാരകൻ അന്വേഷിച്ചു. “ഞാൻ ഒരു ‘ജോലി’ ലഭിക്കുന്നതിനായി അന്വേഷിച്ചു. മറ്റുള്ളവർക്കൊക്കെ കിട്ടി. എനിക്ക് കിട്ടിയില്ല,” ഗംഗോപാധ്യായ മറുപടി നൽകി. സിപിഎമ്മിൽ മുദ്രാവാക്യങ്ങളും തന്ത്രങ്ങളും മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഗംഗോപാധ്യായയുടെ ഈ മറുപടികൾ ബംഗാളിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. തൃണമൂൽ നേതാക്കൾ വിമർശനങ്ങളുമായി രംഗത്തെത്തി. നാലുദിവംസ മുമ്പ് വരെ ഹൈക്കോടതി ജഡ്ജിയായിരുന്നയാൾക്ക് ഗാന്ധിയോ ഗോഡ്സെയോ എന്ന ചോദ്യത്തിന് മറുപടിയില്ലെന്ന് തൃണമൂൽ എംപി സാകേത് ഗോഖലെ പരിഹസിച്ചു. ഈ മാനസികാ വസ്ഥയുള്ളയാൾ ഇത്രയും കാലം എങ്ങനെയാണ് വിധികൾ പുറപ്പെടുവിച്ചിരിക്കുക എന്ന് ആലോചിച്ചുനോക്കൂ എന്നും അദ്ദേഹം പറഞ്ഞു.
പൂർവ്വ മേദിനിപൂർ ജില്ലയിൽ പെടുന്ന ലോക്സഭാ മണ്ഡലമാണ് തംലൂക്. ഇവിടെ ബിജെപിയും ടിഎംസിയും ഏതാണ്ട് തുല്യ ശക്തികളാണ്. നന്ദിഗ്രാം അസംബ്ലി മണ്ഡലം തംലൂക്ക് ലോക്സഭാ മണ്ഡലത്തിനു കീഴിലാണ് വരുന്നത്. നന്ദിഗ്രാം നിലവിൽ ബിജെപിയുടെ പക്കലാണ്. ഹാൽദിയ, മോയ്ന എന്നീ മണ്ഡലങ്ങളിലും ബിജെപി എംഎൽഎമാരാണ്.