ബിഷ്ണുപുര്‍ മണ്ഡലത്തില്‍ മുന്‍ദമ്പതികള്‍ നേര്‍ക്കുനേര്‍; ഭാര്യയുടെ തൃണമൂല്‍ പ്രവേശം, വിവാഹമോചനത്തിന് കാരണം


കൊല്‍ക്കത്ത: ഞായറാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ബംഗാളിലെ ബിഷ്ണുപുര്‍ മണ്ഡലത്തിലെ മത്സരം ചര്‍ച്ചയാകുന്നു. വിവാഹമോചനം നേടിയ ദമ്പതികളാണ് പരസ്പരം പോരാടുന്നത്. തൃണമൂല്‍ സ്ഥാനാര്‍ഥിയായ സുജാത മൊണ്ഡല്‍ മുന്‍ ഭര്‍ത്താവ് സൗമിത്ര ഖാനുമായി മത്സരിക്കും.

സൗമിത്ര ഖാനെ നേരത്തേ ബി.ജെ.പി അവരുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച സുജാത മൊണ്ഡല്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയായതോടെയാണ് വേറിട്ട തിരഞ്ഞെടുപ്പ് മത്സരചിത്രം തെളിഞ്ഞത്.

തൃണമൂല്‍ കൊടുങ്കാറ്റ് ആഞ്ഞൂവിശീയ 2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇരുവരും വേര്‍പിരിയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായി സുജാത രാഷ്ട്രീയത്തില്‍ പ്രവേശിച്ചതോടെയാണ് ഭര്‍ത്താവായിരുന്ന സൗമിത്ര ഖാന്‍ ക്യാമറയ്ക്ക് മുമ്പിലെത്തി വിവാഹമോചനം പ്രഖ്യാപിച്ചത്.

ബിഷ്ണുപുരിലെ മുതിര്‍ന്ന നേതാവായ സൗമിത്ര ഖാന്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തൃണമൂലില്‍ നിന്ന് ബി.ജെ.പിയിലേക്ക് കൂടുമാറിയത്. ആ സമയം അദ്ദേഹത്തിനായി ഭാര്യയും പ്രചാരണത്തിനിറങ്ങിയിരുന്നു.

ബംഗാളിലെ 42 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഞായറാഴ്ചയാണ് തൃണമൂല്‍ പ്രഖ്യാപിച്ചത്. പ്രധാന നേതാക്കളായ മഹുവ മൊയ്ത്ര, അഭിഷേക് ബാനര്‍ജി, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ക്ക് പുറമേ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനും പട്ടികയില്‍ ഇടംപിടിച്ചു.

നിലവില്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവും സംസ്ഥാന അധ്യക്ഷനുമായ അധീര്‍ രഞ്ജന്‍ ചൗധരി പ്രതിനിധീകരിക്കുന്ന ബെര്‍ഹംപുരിലാണ് യൂസഫ് പഠാന്‍ മത്സരിക്കുക. മഹുവ കൃഷ്ണനഗറില്‍ വീണ്ടും ജനവിധി തേടും. ശത്രുഘ്‌നന്‍ സിന്‍ഹ സിറ്റിങ് സീറ്റായ അസന്‍സോളില്‍തന്നെ മത്സരിക്കും.


Read Previous

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്‍റര്‍ സമൂഹ നോമ്പുതുറ ഇന്ന് മുതല്‍ ദിവസവും

Read Next

കേരളത്തില്‍ ബി.ജെ.പിയ്ക്ക് അക്കൗണ്ട് എന്നതാണ്, സി.പി.എം ന്‍റെ ലക്‌ഷ്യം; രമേശ് ചെന്നിത്തല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »