കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 11 ടോള്‍ പ്ലാസകള്‍: കാറിന് നല്‍കേണ്ടത് 1650 രൂപ; വലിയ വാഹനങ്ങള്‍ക്ക് കൂടും


തിരുവനന്തപുരം: ദേശീയപാത 66 ന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കേരള ത്തില്‍ വാഹന യാത്രക്കാര്‍ 11 ഇടത്ത് ടോള്‍ നല്‍കേണ്ടി വരും. കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം കാരോടുവരെ 645 കിലോ മീറ്ററാണ് ദേശീയപാത. തലപ്പാടി മുതല്‍ കാരോട് വരെ പോകുമ്പോള്‍ കാറിന് 1650 രൂപ ടോള്‍ നല്‍കണം. തിരിച്ചുള്ള യാത്രയിലും അത്രയും നല്‍കണം. ബസിനും മറ്റ് വാഹനങ്ങള്‍ക്കും ഇതിലും കൂടും.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രണ്ട് വീതവും ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒരോ ടോള്‍ കേന്ദ്രവുമാണ് ഉണ്ടാവുക. ഓരോ 60 കിലോ മീറ്ററിലും ടോള്‍ ബൂത്ത് ആകാമെന്നാണ് ചട്ടം. നിലവില്‍ തിരു വല്ലത്തെ ടോള്‍ പ്ലാസയില്‍ കാറിന് ഒരു വശത്തേക്ക് 150 രൂപയാണ്. ഫ്‌ളൈ ഓവറുകള്‍ കൂടി കണക്കാക്കിയാണ് നിരക്ക് നിശ്ചയിക്കുക. അതിനാല്‍ ഓരോ പ്ലാസയിലും നിരക്ക് വ്യത്യസ്തമായിരിക്കും. തിരുവല്ലത്താണ് നിലവില്‍ ടോള്‍ കൂടുതല്‍.

ജനവാസമേഖലകള്‍ പരമാവധി ഒഴിവാക്കി ആകാശ പാത, മറ്റു മേല്‍പാലങ്ങള്‍, ബൈപ്പാസ് എന്നിവ കൂടുതല്‍ ഉള്‍പ്പെടുത്തിയാണ് ദേശീയ പാതയുടെ നിര്‍മ്മാണം. പാതയെക്കാള്‍ കൂടുതല്‍ പണം പാലം നിര്‍മ്മാണത്തിന് വേണ്ടി വരും. അതുകൊണ്ടാണ് ഉയര്‍ന്ന ടോള്‍ നിരക്കെന്നാണ് ദേശീയ പാത അധികൃതരുടെ വിശദീകരണം. 2008ലെ ‘ദേശീയപാതകളില്‍ ചുങ്കം പിരിക്കാനുള്ള നിയമം’ അടിസ്ഥാനമാക്കിയാണ് ടോള്‍ നിരക്ക് നിശ്ചയിക്കുന്നത്.

60 മീറ്ററില്‍ കൂടുതലുള്ള മേല്‍പാലങ്ങളുടെ ടോള്‍ നിശ്ചയിക്കുമ്പോള്‍ അതിന്റെ നീളത്തിന്റെ പത്ത് മടങ്ങ് കണക്കിലെടുക്കണമെന്നാണ് ദേശീയപാത അതോറിട്ടി യുടെ ചട്ടം. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷം തുറന്ന കഴക്കൂട്ടം ആകാശ പാതയുടെ ആകെ നീളം 2.72 കിലോമീറ്ററാണ്. ടോള്‍ കണക്കാക്കുമ്പോള്‍ എടുക്കുക 20.72 കിലോ മീറ്റര്‍. എന്‍.എച്ച് 66 പൂര്‍ത്തിയാകുന്നതോടെ 12.75 കിലോ മീറ്ററില്‍ രാജ്യത്തെ ഏറ്റവും വലിയ മേല്‍പ്പാലം വരുന്ന അരൂര്‍- തുറവൂര്‍ റീച്ചിലാകും വലിയ നിരക്ക് നല്‍കേണ്ടി വരിക.


Read Previous

‘ജനങ്ങളെ വിഭജിക്കാനും വര്‍ഗീയ വികാരം കുത്തിയിളക്കാനും ലക്ഷ്യമിട്ട്’; പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

Read Next

മോദിയുടെ മൗനം അപകടകരം: ഭരണഘടനയെക്കുറിച്ചുള്ള ബിജെപി എംപിയുടെ പരാമർശത്തിനെതിരെ രാഹുൽ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »