
മലപ്പുറം: പാണ്ടിക്കാട് പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചു. പന്തല്ലൂര്‍ സ്വദേശി മൊയ്തീന്‍കുട്ടി (36)യാണ് സ്വകാര്യ ആശുപത്രിയില്‍വെച്ച് മരിച്ചത്. സ്റ്റേഷനിലെത്തിയ മൊയ്തീന്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചതാണെന്നാണ് പോലീസിന്റെ പ്രതികരണം.
കഴിഞ്ഞദിവസം നടന്ന പന്തല്ലൂര്‍ വേലയ്ക്കിടെ സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മൊയ്തീന്‍കുട്ടിയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാല്‍, സ്റ്റേഷനിലെത്തിയ മൊയ്തീന്‍കുട്ടി കുഴഞ്ഞുവീണു. തുടര്‍ന്ന് പോലീസ് യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം, പോലീസ് മര്‍ദനമാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍, മൊയ്തീന്‍കുട്ടിക്ക് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളുള്ളതായി ഡോക്ടര്‍മാര്‍ പ്രതികരിച്ചു. നേരത്തെയുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ശരീരത്തില്‍ മര്‍ദിച്ച പാടുകളില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.