
വിവാഹത്തിന് പല തരത്തിലുള്ള ചടങ്ങുകളും ഉണ്ടാകാറുണ്ട്. വധുവിനെ താലി അണിയിച്ച ശേഷം വരന് സീമന്തരേഖയില്‍ സിന്ദൂരം തൊടുന്ന ചടങ്ങ് മിക്ക വിവാഹങ്ങളിലുമുണ്ടാകാറുണ്ട്. അത്തരത്തില്‍ സിന്ദൂരം ചാര്‍ത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ പതിവ് ചടങ്ങില്‍ നിന്നൊരു വ്യത്യാസമുണ്ട്. വധു വരന്റെ നെറ്റിയിലാണ് സിന്ദൂരം തൊടുന്നത്. വധുവിന്റെ നെറ്റിയില്‍ സിന്ദൂരം തൊട്ടശേഷം വരന് സിന്ദൂരച്ചെപ്പ് വധുവിന് നേരെ നീട്ടുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്.
തുടര്‍ന്ന് തനിക്കും സിന്ദൂരം ചാര്‍ത്തി തരാന്‍ വരന് വധുവിനോട് ആവശ്യപ്പെട്ടു. ഇതുകേട്ട് അമ്പരന്ന വധു ആദ്യം നിരസിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വരന് വീണ്ടും ആവശ്യപ്പെട്ടതോടെ വധു അത് അനുസരിക്കുകയും വരന് സിന്ദൂരം ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നു.
ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2022 ഡിസംബറില്‍ നടന്ന വിവാഹത്തില്‍ നിന്നുള്ള വീഡിയോയാണിത്. ഫിറ്റ്നസ് കോച്ചായ ഖുശ് റാത്തോഡും യുട്യൂബറായ കസക് ഗുപ്തയുമാണ് ഈ വീഡിയോയിലെ വരനും വധുവും. ഇരുവരും തമ്മിലുള്ള പ്രണയവും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശദമായി പങ്കുവെയ്ക്കുന്നുണ്ട്.
തന്റെ ജിമ്മിന്റെ ജനലിലൂടെയാണ് ആദ്യമായി കസകിനെ കണ്ടതെന്നും ആ നിമിഷത്തില്‍തന്നെ പ്രണയം തോന്നിയെന്നും ഖുശ് പറയുന്നു. ആ സമയത്ത് ജിമ്മിന് തൊട്ടടുത്തുള്ള കടയില്‍ ജ്യൂസ് കുടിക്കുകയായിരുന്നു കസക്. പിന്നീട് ഖുശും ജ്യൂസ് കുടിക്കാന്‍ പോകുന്നത് പതിവാക്കി. അങ്ങനെ ഇരുവരും തമ്മിലുള്ള സൗഹൃദം തുടങ്ങുകയും അത് പ്രണയത്തിലെത്തുകയും ചെയ്തു. ഒടുവില്‍ ഇരുവരുടേയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകുകയും ചെയ്തു.
മാര്‍ച്ച് 11-ന് പോസ്റ്റ് ചെയ്ത ഈ വീഡിയോ 28 ലക്ഷം പേരാണ് കണ്ടത്. വധൂവരന്മാരെ അഭിനന്ദിച്ച് നിരവധി പേര് വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ലിംഗപരമായ വ്യത്യാസങ്ങള്‍ മറികടക്കുന്നതില്‍ മനുഷ്യന് കൈവരിച്ച പുരോഗതിയുടെ അടയാളമാണ് ഈ വീഡിയോ എന്നായിരുന്നു ഒരു കമന്റ്. വിവാഹ ബന്ധം തുല്യതയില്‍ നിന്നാണ് ഉണ്ടാകുന്നതെന്ന് ഇതിലും നന്നായി വിവരിക്കാനാകില്ലെന്നും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്.