‘‘ഇവിടുള്ളവർ എങ്ങോട്ടുപോകും?’’; കോൺഗ്രസ് വിട്ടെത്തുന്നവർക്ക് മുന്തിയ പരിഗണന; ബി.ജെ.പി.ക്കുള്ളിൽ മുറുമുറുപ്പ്


‘‘ഇവിടുള്ളവർ എങ്ങോട്ടുപോകും?’’ -ബി.ജെ.പി.ക്കുള്ളിൽ ഇപ്പോഴുയരുന്ന ചോദ്യം ഇതാണ്. പുതിയ മേച്ചിൽപ്പുറം തേടി, കോൺഗ്രസ്‌വിട്ട്‌ വരുന്നവർക്ക് അമിതപ്രാധാന്യം നൽകുന്നതിൽ ഒരുവിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കുമുള്ള അസ്വസ്ഥതയാണ് ചോദ്യമായെത്തുന്നത്. കോൺഗ്രസിൽനിന്നെത്തിയ മിക്ക നേതാക്കൾക്കും പാർട്ടിപദവി നൽകിയാണ് ബി.ജെ.പി. സ്വീകരിച്ചിട്ടുള്ളത്. പതിറ്റാണ്ടുകളായി പാർട്ടിക്കുവേണ്ടി ചോരനീരാക്കിയവരെ തഴഞ്ഞ് പുതുതായി എത്തുന്നവരെ ഉയർത്തിക്കാട്ടുന്നതിലാണ് മുറുമുറുപ്പ്. എല്ലാം കേന്ദ്രം തീരുമാനിക്കുന്നുവെന്നുപറഞ്ഞാണ് സംസ്ഥാന നേതാക്കൾ കവചംതീർക്കുന്നത്.

നീരസം ആദ്യമായി പ്രകടിപ്പിച്ചത് സി.കെ. പത്മനാഭനാണ്. എന്നാൽ, ബി.ജെ.പി.യുടെ കാസർകോട് കൺവെൻഷനെക്കുറിച്ച് മാധ്യമങ്ങളിൽ വന്നതുപോലൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ‘‘മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ഞാനുമായി പാർട്ടിക്കാര്യം ചർച്ചചെയ്യാറുണ്ട്. പാർട്ടിക്കാരെ തഴഞ്ഞ് കോൺഗ്രസ് വിട്ടെത്തുന്നവർക്ക് ഇത്രയും മുന്തിയ പരിഗണന നൽകണോയെന്ന് അവരും ചോദിക്കുന്നു. ചോദ്യം സ്വാഭാവികമാണ്’’ -സി.കെ.പി. പറഞ്ഞു. എന്നാൽ, വ്യത്യസ്ത നിലപാടാണ് മുൻ സംസ്ഥാനപ്രസിഡന്റുകൂടിയായ കെ. രാമൻപിള്ളയുടേത്. ‘‘തിരഞ്ഞെടുപ്പാണ് പ്രധാനം. പരമാവധിപേരെ പാർട്ടിയിലേക്ക് ആകർഷിക്കണം. അവിടെ യോഗ്യതയല്ല പ്രശ്‌നം’’ -അദ്ദേഹം പറയുന്നു.

ബി.ജെ.പി.യുടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള നാലുസീറ്റുകളിൽ കൊല്ലത്ത് നടൻ കൃഷ്ണകുമാറും പരിഗണനയിൽ. സംസ്ഥാനനേതൃത്വത്തിന്റെ പട്ടികയിൽ കൃഷ്ണകുമാർ ഉണ്ടായിരുന്നില്ല. എങ്കിലും ഡൽഹിയിലെ ചർച്ചകളിൽ കൃഷ്ണകുമാറും സന്ദീപ് വാചസ്പതിയും ഉണ്ടെന്നാണ്‌ വിവരം. വയനാട്ടിൽ സന്ദീപ് വാര്യർ, സി.കെ. ജാനു, ആലത്തൂരിൽ രേണു സുരേഷ്, എറണാകുളത്ത് ഡോ. കെ.എസ്. രാധാകൃഷ്ണനൊപ്പം മേജർ രവി എന്നിവരെയും പരിഗണിക്കുന്നു.


Read Previous

ഒരേഒരു ലക്‌ഷ്യം; മോദി വീണ്ടും കേരളത്തില്‍

Read Next

വീട്ടിൽ ഉത്‌പാദിപ്പിയ്ക്കുന്ന സൗരോർജത്തിന് ഇതുവരെ കിട്ടിയ ‘വില’ ഇനി ലഭിയ്ക്കില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »