
ന്യൂഡല്‍ഹി: അതുല്യമായ ജനാധിപത്യവ്യവസ്ഥയാണ് ഇന്ത്യയ്ക്കുള്ളതെന്നും അക്കാരണത്താല്‍ത്തന്നെ നിയമവ്യവസ്ഥിതിയുടെ പരിപാലനത്തില്‍ മറ്റാരും പാഠങ്ങള്‍ പകര്‍ന്നുനല്‍കേണ്ടതില്ലെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ ജര്‍മനിയും യു.എസും ഐക്യരാഷ്ട്രസഭയും നടത്തിയ വിമര്‍ശനാത്മക പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ധന്‍കറിന്റെ പ്രതികരണം. കെജ്‌രിവാളിന്റെ അറസ്റ്റ് കൂടാതെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.)മരവിപ്പിച്ചതിനേയും ജര്‍മനിയും യു.എസും ഐക്യരാഷ്ട്രസഭയും തങ്ങളുടെ പരാമര്‍ശങ്ങളില്‍ വിമര്‍ശിച്ചിരുന്നു.
“ബലവത്തായ നിയമവ്യവസ്ഥ നിലനില്‍ക്കുന്ന ഒരു ജനാധിപത്യരാജ്യമാണ് ഇന്ത്യ. ഏതെങ്കിലും വ്യക്തിയ്‌ക്കോ സംഘത്തിനോ വേണ്ടി രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ വിട്ടുവീഴ്ചകള്‍ നടപ്പാക്കാനാകില്ല. നിയമപരിപാലനത്തെക്കുറിച്ച് ആരും ഞങ്ങളെ പഠിപ്പിക്കേണ്ടതില്ല”, ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ സ്ഥാപകദിനാഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കവേ ഉപരാഷ്ട്രപതി പറഞ്ഞു.
രാജ്യത്തിന്റെ നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരാണ്, നിയമത്തിന് അതീതരാണ് തങ്ങളെന്ന് കരുതുന്നവര്‍ ചെയ്യുന്ന പ്രവൃത്തികളുടെ ഉത്തരവാദിത്വം അവര്‍ക്കുതന്നെയാണെന്നും ധന്‍കര്‍ കൂട്ടിച്ചേര്‍ത്തു. “നിയമം അതിന്റെ കടമ നിര്‍വഹിക്കുമ്പോള്‍ അവരതിനെ തെരുവുകളിലേക്ക് കൊണ്ടുവരും, കോലാഹലമയമായ വാദപ്രതിവാദങ്ങള്‍ നടത്തും, മനുഷ്യാവകാശങ്ങളുടെ പേരില്‍ തങ്ങളുടെ ഏറ്റവും വികലമായ സ്വഭാവത്തിന്റെ കുറ്റബോധം മറയ്ക്കും, നമ്മുടെ കണ്‍മുന്നിലാണ് ഇതൊക്കെ നടക്കുന്നത്”, കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ഡല്‍ഹി രാംലീല മൈതാനത്ത് ഇന്ത്യ സഖ്യത്തിലെ വിവിധ നേതാക്കള്‍ പങ്കെടുത്ത് നടത്തുന്ന റാലിയെ പരാമര്‍ശിച്ച് ധന്‍കര്‍ കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും അവസരത്തിലേക്കോ തൊഴിലിലേക്കോ അല്ലെങ്കില്‍ ഏതെങ്കിലും വിധത്തിലുള്ള കരാറിലേക്കോ ഉള്ള മാര്‍ഗമല്ല അഴിമതിയെന്നും മറിച്ച് അത് ജയിലിലേക്കുള്ള വഴിയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഉത്സവാവസരമോ വിളവെടുപ്പുകാലമോ ആണെന്ന കാര്യം കണക്കിലെടുത്ത് അഴിമതിയെ പാടേ അവഗണിക്കാനാകുമോയെന്നും കുറ്റം ചെയ്തവരെ സംരക്ഷിക്കാനാകുമോയെന്നും ധന്‍കര്‍ ചോദിച്ചു.