റിയാദ്: കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടരുന്നതിനാല്‍ സൗദി അറേബ്യയില്‍ പെരുന്നാള്‍ അവധിക്കാല യാത്ര പോകുന്നവര്‍ക്കും വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ക്കുമായി ഈദ് അലര്‍ട്ട് പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിലെയും പര്‍വത പ്രദേശങ്ങള്‍ പോലുള്ള ഉയര്‍ന്ന സ്ഥലങ്ങളിലെയും ഹൈവേ ഉപയോഗിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്.

വ്യാഴാഴ്ച വരെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും മഴ ബാധിക്കുമെന്നതിനാല്‍ ജാഗ്രത പുലര്‍ത്തണം. ഈയാഴ്ച മക്കയെയും സമീപ പ്രദേശങ്ങളെയും ഇടത്തരം മുതല്‍ ശക്തമായ പേമാരി ബാധിക്കുമെന്നും അതിന്റെ ഫലമായി വെള്ളപ്പൊക്കം, ആലിപ്പഴ വീഴ്ച, പൊടി നിറഞ്ഞ കാറ്റ് എന്നിവ ഉണ്ടാവുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
ഈദുല്‍ ഫിത്തര്‍ കാലത്ത് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പിന്തുടരാന്‍ സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി (എന്‍സിഎം) വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി പൊതുജനങ്ങളോട് നിര്‍ദേശിച്ചു.
ശക്തമായ കാറ്റ്, ആലിപ്പഴ മഴ, കുറഞ്ഞ ദൃശ്യപരത എന്നിവയുള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ രാജ്യത്ത് അനുഭവപ്പെടും. തീരപ്രദേശങ്ങളിലും ഉയരങ്ങളിലുമുള്ള ഹൈവേ ഉപയോഗിക്കുന്നവരും വിനോദയാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.