
ദിസ്പുര്‍: വടക്കുകിഴക്കന്‍ മേഖലയിലെ 25-ല്‍ 14 സീറ്റുള്ള അസമില്‍ തിരഞ്ഞെടുപ്പിന്‍റെ ആവേശം കാര്യമായി കാണാനില്ല. തലസ്ഥാനമായ ഗുവാഹാട്ടിയില്‍ ബി.ജെ.പി.യുടേതല്ലാതെ മറ്റൊരു പാര്‍ട്ടിയുടെയും ഒരു പ്രചാരണ ബോര്‍ഡുപോലുമില്ല. എന്തുകൊണ്ടാണിതെന്ന ചോദ്യത്തിന് ഇവിടെ മൂന്നാംഘട്ടത്തിലല്ലേ തിരഞ്ഞെടുപ്പെന്ന മറുചോദ്യമാണ് അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍വെച്ച് സംസാരിച്ചപ്പോള്‍ അഡ്മിനിസ്ട്രേഷന്‍ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രമണ്ണ ബറുവ പറഞ്ഞത്.
പുറമേ കാണുന്നതൊന്നും കാര്യമാക്കണ്ട. അടിയൊഴുക്കുകള്‍ ശക്തമാണ്. എങ്കില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസിന്റെ നേതാക്കള്‍ ബി.ജെ.പി.യിലേക്കുപോകുന്നുവെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് ഒരു പൊളിറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണെന്നായിരുന്നു മറുപടി. ”ഇവിടെ രാഷ്ട്രീയം പഠിച്ച് എല്ലാവരും മറ്റുപാര്‍ട്ടിയിലേക്കുപോകുന്നു” -അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. ഓഫീസ് അമ്പരപ്പിച്ചു. ആറുനിലകളിലായി 25,000 ചതുരശ്ര അടിയെങ്കിലും വലുപ്പമുള്ള കെട്ടിടം. ഓഫീസ് സെക്രട്ടറി സുശാന്ത ബിശ്വാസ് മാത്രമേയുള്ളൂ. ”മുതിര്‍ന്ന നേതാക്കളെ കാണുന്ന കാര്യം വലിയ ബുദ്ധിമുട്ടാണ്. ആറുമാസമായി ഒരു നേതാവും വീട്ടില്‍പ്പോലും പോകാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. മുഖ്യമന്ത്രി കുറഞ്ഞത് ഒരുദിവസം നാല് നിയമസഭാമണ്ഡലങ്ങളിലെങ്കിലും റാലി നടത്തുന്നുണ്ട്” -അദ്ദേഹം പറഞ്ഞു.
400-ലധികം സീറ്റുനേടാന്‍ ഇവിടെയുള്ള എല്ലാ സീറ്റും ജയിച്ചേ മതിയാകൂ. ബി.ജെ.പി.ക്കാര്‍ മുഴുവന്‍ കോണ്‍ഗ്രസുകാരാണല്ലോ എന്ന ചോദ്യത്തിനു മറുപടി: ”കോണ്‍ഗ്രസിന്റെ ലഖിംപുരിലെ സ്ഥാനാര്‍ഥി അവിടെ ബി.ജെ.പി. ജില്ലാപ്രസിഡന്റായിരുന്നു. ഗുവാഹാട്ടിയിലെ സ്ഥാനാര്‍ഥിയും ബി.ജെ.പി.യില്‍നിന്ന് പോയതാണ്. ബി.ജെ.പി. മത്സരിക്കുന്ന 11 സീറ്റും ജയിക്കും. സഖ്യകക്ഷികളുടെ കാര്യം ഞാന്‍ പറയുന്നില്ല. ആളും ആരവങ്ങളുമായി ബി.ജെ.പി. പ്രചാരണം നടത്തുമ്പോള്‍ ഇന്ത്യമുന്നണി പലവഴിതിരിഞ്ഞ് മത്സരിക്കുകയാണ്. 2021-ല്‍ മഹായുതി സഖ്യമായി മത്സരിച്ച അവര്‍ ഇക്കുറി പിരിഞ്ഞുമത്സരിക്കുമ്പോള്‍ നേട്ടം ബി.ജെ.പി.ക്കുതന്നെ. ആദ്യഘട്ടത്തില്‍ കാസിരംഗ, സോനിത്പുര്‍, ലഖിംപുര്‍, ദിബ്രുഗഢ്, ജോര്‍ഹട്ട് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്.
സര്‍ബാനന്ദ സോനോവാള്‍ മത്സരിയ്ക്കുന്ന ദിബ്രുഗഡും ഗൗരവ് ഗോഗോയി മത്സരിക്കുന്ന ജോര്‍ഹട്ടുമാണ് ഇതില്‍ ശ്രദ്ധേയം. രണ്ടാംഘട്ടത്തില്‍ ഡാരംഗ്-ഉദല്‍ഗുരി, ദിഫു, കരിംഗഞ്ജ്, സില്‍ച്ചര്‍, നഗാവോണ്‍ എന്നിവിടങ്ങളിലും മൂന്നാംഘട്ടത്തില്‍ കൊക്രജാര്‍, ധൂബ്രി, ബാര്‍പേട്ട, ഗുവാഹത്തി എന്നിവിടങ്ങളിലുമാണ് തിരഞ്ഞെടുപ്പ്. എന്‍.ഡി.എ.യില്‍ ബി.ജെ.പി. 11 സീറ്റിലും എ.ജി.പി. രണ്ടുസീറ്റിലും യു.പി.പി.എല്‍. ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.
കോണ്‍ഗ്രസ് 13 സീറ്റിലും ഒരു സീറ്റില്‍ അസം ജാതീയ പരിഷത്തുമാണ് മത്സരിക്കുന്നത്. ത്രിപുരയിലും ബംഗാളിലും സി.പി.എമ്മുമായി സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ഇവിടെ സഖ്യത്തിന് തയ്യാറാകാഞ്ഞത് ബാര്‍പേട്ട മണ്ഡലത്തില്‍ തിരിച്ചടിയായി. ഇവിടെ സി.പി.എം. സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി. നിലവില്‍ എം.എല്‍.എ.യായ മനോരഞ്ജന്‍ തലൂകദാറാണ് അവിടെ സി.പി.എം. സ്ഥാനാര്‍ഥി. ലഖിംപുരില്‍ സി.പി.ഐ. സ്ഥാനാര്‍ഥിയും മത്സരിക്കുന്നുണ്ട്. എ.എ.പി.യും ഇവിടെ വേറിട്ടാണ് മത്സരിക്കുന്നത്. സോനിത്പുരില്‍ കൗണ്ടിന്യയെയും ദിബ്രുഗഢില്‍ മനോജ് ധനോവറിനെയും സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ട്. ഗുവാഹാട്ടിയിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. ആപ്പ് മത്സരിക്കുന്നിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രഖ്യാപനം.
കൊക്രജാറില്‍ മത്സരിയ്ക്കുന്ന യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറന്റെ (യു.പി.പി.എല്‍.) ഒരു നേതാവ് കാശ് വിരിച്ചിട്ട മെത്തയില്‍ കിടന്നുറങ്ങുന്ന ചിത്രം വൈറലായിരുന്നു. ബഞ്ചമിന്‍ ബസുമതരിയാണ് പണത്തിനു മുകളില്‍ കിടന്നുറങ്ങിയത്. ഈ വിഷയമടക്കമുള്ളവ ഇവിടെ ബി.ജെ.പിക്കെതിരേ പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ഗൗരവ് ഗോഗോയി മത്സരിക്കുന്ന ജോര്‍ഹട്ടിലും ത്രികോണമത്സരം നടക്കുന്ന നഗാവോണിലുമാണ് കനത്തപോരാട്ടം നടക്കുന്നതെന്നാണ് പ്രദേശിക മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്.