
കോഴിക്കോട്: പത്മജ ബി.ജെ.പി.യിലേക്ക് പോകുന്നതിനുമുമ്പേ തനിക്കും ക്ഷണമുണ്ടായിരുന്നെന്ന് മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ അനുജൻ ദാമോദരമാരാർ. പോലീസ് വകുപ്പിൽ അടുത്ത പരിചയക്കാരനായ ഒരാൾ മുഖേനയാണ് തന്നെ പാട്ടിലാക്കാൻ ശ്രമം നടന്നതെന്ന് ദാമോദരമാരാർപറഞ്ഞു.
ചില വാഗ്ദാനങ്ങളുണ്ടെന്നാണ് പറഞ്ഞത്. വരുകയാണെങ്കിൽ നല്ലസ്ഥാനം തരാമെന്നും പറഞ്ഞു. 102 വയസ്സായ തനിക്ക് ഒരു വാഗ്ദാനവും ആവശ്യമില്ലെന്നും ഇനി ഒരു യാത്രയേ ബാക്കിയുള്ളൂവെന്നും താൻ പറഞ്ഞു. അധികം വൈകാതെയാണ് പത്മജപോയതറിയുന്നത്. അപ്പോൾ വിഷമംതോന്നിയെന്നും ഏട്ടനുണ്ടായിരുന്നെങ്കിൽ ഒരിക്കലും അത് അംഗീകരിക്കുമായിരുന്നില്ലെന്നും ദാമോദരമാരാർ പറഞ്ഞു.
വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടിയല്ല പാർട്ടിയെ കാണേണ്ടത്. ഏട്ടന്റെ കൈപിടിച്ച് ഗാന്ധിജിയെക്കണ്ട അന്നുമുതൽ കോൺഗ്രസ് പ്രസ്ഥാനത്തോടും അതിന്റെ ആശയങ്ങളോടും കൂറും വിശ്വാസവും പുലർത്തുന്ന ഒരാളാണ് താൻ. മുരളീധരനും പത്മജയുമൊക്കെ സുഖവിവരങ്ങൾ അന്വേഷിക്കാറുണ്ടെങ്കിലും രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിക്കാറില്ല.
പത്മജയുടെ രാഷ്ട്രീയചുവടുമാറ്റത്തിൽ തനിക്ക് വിഷമം തോന്നിയിട്ടുകാര്യമില്ല. അതവരുടെ ഇഷ്ടമാണ്. പക്ഷേ, അതറിഞ്ഞപ്പോൾ ‘അയ്യേ’ എന്നു പറയാനാണ് തോന്നിയത്. ഏട്ടന്റെ പദവിയെയോ രാഷ്ട്രീയസ്വാധീനത്തെയോ സ്വന്തംകാര്യത്തിന് ഉപയോഗപ്പെടുത്താൻ ഒരിക്കൽപ്പോലും താൻ ശ്രമിച്ചിട്ടുമില്ല. കരുണാകരൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ താൻ കണ്ണൂരിൽ എ.എസ്.ഐ. ആയിരുന്നെന്നും ദാമോദരമാരാർ പറഞ്ഞു.