തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള റോഡിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്. വാഹനത്തിന് സൈഡ് തരാത്തതല്ല പ്രശ്നമെന്നും ഡ്രൈവര്‍ തങ്ങള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചുവെന്നും ആര്യാ രാജേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. അപമര്യാദയായി പെരുമാറിയതിനും അശ്രദ്ധമായി വാഹനം ഓടിച്ചതിനുമാണ് താന്‍ പരാതി നല്‍കിയതെന്നും മേയര്‍ വിശദീകരിച്ചു.

ഒരു കസിന്റെ കല്യാണത്തില്‍ പങ്കെടുത്തശേഷം കുടുംബത്തോടൊപ്പം മടങ്ങുമ്പോഴാണ് സംഭവം. വാഹനത്തില്‍ താനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, സഹോദരനും ഭാര്യയും മറ്റൊരു വല്യമ്മയുടെ മകനും കൂടി സ്വകാര്യ വാഹനത്തില്‍ പ്ലാമൂട് നിന്നും പിഎംജി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു. വണ്‍വേയിലേക്ക് കയറുമ്പോള്‍ കാറിന്റെ ഇടത്തേ വശത്തേക്ക് ബസ് തട്ടാന്‍ ശ്രമിക്കുന്നതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്.
താനും സഹോദരന്റെ ഭാര്യയും നോക്കിയപ്പോള്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ലൈംഗികചുവയോടുകൂടി അസഭ്യമായി ആക്ഷന്‍ കാണിക്കുകയാണ് ചെയ്തത്. സ്ത്രീകളെന്ന നിലയില്‍ അതില്‍ അസ്വസ്ഥരായിരുന്നു. അതു ചോദിക്കണണെന്ന് തീരുമാനിച്ചു. പാളയം സാഫല്യം കോംപ്ലക്സിന് സമീപം റെഡ് സിഗ്നല്‍ ലഭിച്ചതോടെ ബസ് നിര്‍ത്തി. ഈ സമയം കാര്‍ ബസിന് മുന്നില്‍ നിര്‍ത്തി ഡ്രൈവറോട് സംസാരി ക്കുകയാണ് ചെയ്തത്.
എന്നാല്‍ ഡ്രൈവര്‍ തികച്ചും പരുഷമായാണ് പ്രതികരിച്ചത്. നിങ്ങള്‍ ആരാണെങ്കിലും എനിക്ക് പ്രശ്നമില്ലെന്ന് പറഞ്ഞു. പൊലീസ് എത്തിയതിനു ശേഷമാണ് ഡ്രൈവര്‍ മാന്യമായി സംസാരിക്കാന്‍ തുടങ്ങിയത്. ഇതിനിടെ ലഹരി വസ്തു ഉപയോഗിച്ച ശേഷം അതിന്റെ കവര്‍ ഞങ്ങള്‍ നിന്ന സൈഡിലേക്ക് വലിച്ചെറിഞ്ഞതായും ആര്യാ രാജേന്ദ്രന് പറയുന്നു. ഗതാഗതമന്ത്രിയെ വിളിച്ച് കാര്യം പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് സംഘത്തെ അങ്ങോട്ട് അയക്കാമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ദയവായി സ്ത്രീകള്‍ക്കു നേരെയുള്ള പ്രശ്നത്തെ, വാഹനത്തിന് സൈഡു തരാത്ത പ്രശ്നമായി ലഘുവായി കാണരുതെന്ന് മേയര്‍ ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ അപകടകരമായി വാഹനം ഓടിച്ചതിന് മുമ്പും പൊലീസ് കേസെടുത്തിട്ടുള്ളതായി മേയര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി 9.45-ന് തിരുവനന്തപുരം പ്ലാമൂട് വെച്ചായിരുന്നു മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്കുതർക്കമുണ്ടായത്.