മെൽബൺ: മെൽബണിൽ നിന്ന് ഡൽഹിയിലേക്കുള്ള ക്വാണ്ടാസ് വിമാനത്തിൽ വെച്ച് ഇന്ത്യൻ വംശജ മരിച്ചു. 24 കാരിയായ മൻപ്രീത് കൗറാണ് വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് മരിച്ചത്. ഒരു ഷെഫ് ആകണമെന്ന സ്വപ്‌നം കണ്ടാണ് മൻപ്രീത് കൗർ മെൽബണിലെത്തിയത്. നാല് വർഷത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെ കുടുംബത്തെ സന്ദർശിക്കാനുള്ള യാത്രയിലായിരുന്നു. ടേക്ക് ഓഫിന് മുമ്പ് സീറ്റ് ബെൽറ്റ് ഇടാൻ ശ്രമിച്ചപ്പോൾ യുവതി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ക്ഷയരോഗ ബാധിതയായിരുന്നുവെന്നാണ് വിവരം.

വിമാനത്തിൽ കയറുന്നതിന് മുമ്പ് കൗറിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഒരു പ്രശ്‌നവുമില്ലാതെ വിമാനത്തിൽ കയറാൻ കഴിഞ്ഞുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് സീറ്റ് ബെൽറ്റ് ധരിക്കുന്നതിനിടെ മുന്നിലേക്ക് കുഴഞ്ഞു വീഴുകയായി രുന്നു. ക്യാബിൻ ക്രൂവും അടിയന്തര സഹായ സംഘവും ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. ഈ സമയം വിമാനം മെൽബണിലെ ബോർഡിംഗ് ഗേറ്റിലായിരുന്നു.
വിമാനത്തിൽ കയറുമ്പോൾ അവൾ സീറ്റ് ബെൽറ്റ് ഇടാൻ പാടുപെടുകയായിരുന്നെന്ന് സുഹൃത്ത് ഗുർദീപ് ഗ്രെവാൾ ഹെറാൾഡ് പറഞ്ഞു. ഫ്ലൈറ്റ് പുറപ്പെടുന്നതിന് തൊട്ടു മുമ്പ് അവൾ സീറ്റിന് മുന്നിലേക്ക് വീണു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ശ്വാസ കോശത്തെ ബാധിക്കുന്ന പകർച്ച വ്യാധിയായ ക്ഷയ രോഗമാണ് മരണ കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു.