വംശീയ രാഷ്ട്രീയത്തിനേറ്റ തിരിച്ചടി; തൃശൂരിലെ ബി ജെ പി വിജയം ഇടത് വലത് മുന്നണികളുടെ ദൗർബല്യം കാരണം : പ്രവാസി വെൽഫയർ


റിയാദ്: വൻ അവകാശവാദവുമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച സംഘ്പരിവാറിനും എൻ ഡി എ ക്കും രാജ്യത്തെ ജനങ്ങൾ കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നതെന്ന് പ്രവാസി വെൽഫയർ നാഷണൽ കമ്മിറ്റി വിലയിരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നയിച്ച വിദ്വേഷ പ്രചാരണങ്ങൾക്ക് ശേഷവും ബി.ജെ പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാനാവാത്ത രീതിയിൽ ജനങ്ങൾ സംഘ്പരിവാറിനെ കൈകാര്യം ചെയ്തിരിക്കുകയാണ്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ജീവിക്കുന്ന സാധാരണ ക്കാരായ ജനങ്ങൾ ബി ജെ പി ഭരണത്തിൻ്റെ അപകടം മനസ്സിലാക്കി അവരെ തിരസ്കരിച്ചു തുടങ്ങി എന്ന വ്യക്തമായ സന്ദേശം തെരഞ്ഞെടുപ്പ് ഫലം നൽകുന്നുണ്ട്.

പ്രതിപക്ഷ നേതാക്കളെ തുറുങ്കിൽ അടച്ചും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടിയും മാധ്യമങ്ങളെ വിലയ്ക്കെടുത്തും പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കളുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചും വോട്ടർമാരെ ഭയപ്പെടുത്താൻ ശ്രമിച്ചും പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് കഴിഞ്ഞ 10 വർഷം മോദി സർക്കാർ ശ്രമിച്ചത്. മറയില്ലാത്ത വിദ്വേഷപ്രസംഗങ്ങൾ നടത്തിയും വോട്ട്ബാങ്ക് ലക്ഷ്യം വെച്ച് ഹിന്ദുത്വ ചിഹ്നങ്ങളും ആവിഷ്കാരങ്ങളും ഉപയോഗിച്ചും കോടികൾ ഒഴുക്കി നടത്തിയ രാഷ്ട്രീയ പ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുകയാണ്.

വാരാണസിയിൽ മോദിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. പത്തോളം കേന്ദ്ര മന്ത്രിമാർ പരാജയപ്പെട്ടു. യു പി, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി ജെ പി യുടെ സീറ്റ് നില താഴേക്ക് പോയി. മണിപ്പൂരിൽ 2 സീറ്റുകളിലും ബി ജെ പി പരാജയപ്പെട്ടു. പഞ്ചാബിലും തമിഴ്നാട്ടിലും ഇത്തവണ സീറ്റ് നേടാനായില്ല. ബാബരി മസ്ജിദ് തകർത്തു രാമക്ഷേത്രം പണിത ഫൈസാബാദ് മണ്ഡലത്തിൽ പോലും വോട്ടർമാർ ബി ജെ പി യെ കൈയൊഴിഞ്ഞു.

ബി ജെ പി രാഷ്ട്രീയമായി വേട്ടയാടി പാർലമെന്റിൽ നിന്ന് പുറത്താക്കിയ രാഹുൽ ഗാന്ധി, മഹുവ മൊയ്ത്ര, പാർലമെന്റിൽ ബി ജെ പി യുടെ അധിക്ഷേപങ്ങൾക്കിരയായ ദാനിഷ് അലി തുടങ്ങിയവരെല്ലാം വിജയിച്ചു. ഭരണകൂടവേട്ടക്കിരയായി ജയിലിൽ നിന്ന് മത്സരിച്ചവരും പലയിടങ്ങളിൽ വിജയിച്ചിരിക്കുന്നു. ചന്ദ്രശേഖർ ആസാദ് ഒറ്റക്ക് നേടിയ ജയം സംഘ്പരിവാറിനെതിരായ പോരാട്ടത്തിന്റെ വിജയമാണ്. സംഘ്പരി വാറിന്റെ വംശീയ രാഷ്ട്രീയത്തിനെതിരായി വിധിയെഴുതിയ മുഴുവൻ വോട്ടർ മാരെയും പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ നിന്ന് കൊണ്ട് ജനാധിപത്യ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ ഇൻഡ്യാ മുന്നണിയിലെ കക്ഷികളെയും നേതാക്കളെയും അഭിവാദ്യം ചെയ്യുന്നു.

ചെറുതും വലുതുമായ എല്ലാ ബി ജെ പി യിതര രാഷ്ട്രീയ പാർട്ടികളെയും ചേർത്തു പിടിച്ചു കൊണ്ട് കേന്ദ്രത്തിൽ ഒരു സംഘ്പരിവാർ ഇതര സർക്കാർ രൂപീകരിക്കാൻ ഇൻഡ്യാ മുന്നണി നേതാക്കൾ തയ്യാറാകണം. മറ്റു അഭിപ്രായ വ്യത്യാസങ്ങളും കക്ഷി താല്പര്യങ്ങളും മാറ്റി വെച്ചു രാജ്യത്തിന്റെ ഭാവിക്കും സുസ്ഥിതിക്കും വേണ്ടി ഒന്നിച്ചു നിൽക്കാൻ എല്ലാ പാർട്ടികൾക്കും ബാധ്യതയുണ്ട്. കേന്ദ്രത്തിൽ ഒരു ജനാധിപത്യ മതനിരപേക്ഷ സർക്കാർ രൂപീകരണം എന്നതായിരിക്കണം എല്ലാവരുടെയും പ്രഥമവും പ്രധാനവുമായ പരിഗണന.

തീർത്തും ജനവിരുദ്ധവും സാമൂഹ്യനീതിയെ വെല്ലുവിളിക്കുന്നതുമായ സംസ്ഥാന ഭരണത്തിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ. ജനങ്ങളെ ഒട്ടും മാനിക്കാതെ മുന്നോട്ട് പോയ സർക്കാറിനേറ്റ കനത്ത പ്രഹരം കൂടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം. വടകരയിലടക്കം സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് കൊയ്യാനുള്ള കുതന്ത്രങ്ങളെ കേരളീയ സമൂഹം തിരസ്കരിച്ചിരിക്കുകയാണ്. സംഘ്പരിവാർ വിരുദ്ധ, തെരഞ്ഞടുപ്പ് പൂർവ വിശാല രാഷ്ടീയ സഖ്യം എന്ന വെൽഫെയർ പാർട്ടി നിലപാടിനുള്ള അംഗീകാരം കൂടിയാണ് ഈ ജനവിധി.

തൃശൂരിലെ ബി ജെ പി ജയം അതീവ ഗൗരവത്തോടെ കേരളം നോക്കിക്കാണണം. സംഘ്പരിവാറിന് സംസ്ഥാനത്ത് സ്ഥാനമില്ലെന്ന കേരളത്തിന്റെ രാഷ്ട്രീയ അവകാശ വാദത്തിന് പരിക്കേറ്റിരിക്കുന്നു. എൽ ഡി എഫ് – യു ഡി എഫ് മുന്നണികളുടെ രാഷ്ട്രീയ ദൗർബല്യത്തെയും വോട്ട് ചോർച്ചയെയും മുതലെടുത്താണ് ബി ജെ പി ജയിച്ചത്. ബി ജെ പിയുടെ പരാജയം ഉറപ്പ് വരുത്തും വിധം തന്ത്രപരമായി തെരഞ്ഞെ ടുപ്പിനെ സമീപിക്കേണ്ട ഉത്തരവാദിത്തബോധം മുന്നണികളിൽ നിന്നുണ്ടായില്ല. ഈ അപകടം നാട് തിരിച്ചറിയണം. ഈ സാഹചര്യത്തെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും നേതാക്കളും പൊതുസമൂഹവും മത – സമുദായ സംഘടനകളും സാംസ്കാരിക ലോകവും ആത്മവിമർശനാപരമായി സമീപിക്കണം. താൽക്കാലിക നേട്ടങ്ങൾക്ക് വേണ്ടി സമൂഹത്തിൽ വളർത്തിയെടുത്ത വിഭാഗീയ ചിന്തകൾ ആത്യന്തി കമായി സംഘ്പരിവാറിനായിരിക്കും പ്രയോജനം ചെയ്യുക എന്ന് വെൽഫെയർ പാർട്ടി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. രാഷ്ട്രീയ പാർട്ടികൾ, വിശിഷ്യാ ഇടതുപക്ഷം, സംഘ്പരിവാർ ആശയങ്ങൾക്കും രാഷ്ട്രീയത്തിനും വളമാകുന്ന രീതിയിൽ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ കൈകാര്യം ചെയ്തത് കേരളത്തിലെ സാമൂഹ്യബോധങ്ങളിൽ വിള്ളലുകൾ വരുത്തിയിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞു തിരുത്തുവാൻ പാർട്ടികൾ തയ്യാറാകണം.


Read Previous

അപ്രതീക്ഷിതം, അവിശ്വസനീയം കെ മുരളീധരന്റെ തോല്‍‌വിയില്‍ പ്രതികരിച്ച് റിയാദ് തൃശ്ശൂര്‍ ഒ ഐ സി സി

Read Next

പൊലീസ് സ്റ്റേഷനില്‍ സിപിഎം പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; പരാതി നല്‍കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തല്ലിച്ചതച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »