പുതിയ രാജസ്ഥാന്‍ മുഖ്യമന്ത്രി ആരാകുമെന്ന അനിശ്ചിതത്വത്തിനിടയില്‍ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ പാര്‍ട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ന്യൂഡല്‍ഹിയിലെത്തി. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയെ കാണാന്‍ അവര്‍ സമയം തേടിയിട്ടുണ്ടെന്നും വ്യാഴാഴ്ച രാവിലെ ചര്‍ച്ച നടത്തിയേക്കു മെന്നും വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് തവണ മുഖ്യമന്ത്രിയായ വസുന്ധര രാജെ അടുത്തിടെ സമാപിച്ച രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളാണ്.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാജെയുടെ വസതിയില്‍ പുതുതായി തിരഞ്ഞെ ടുക്കപ്പെട്ട 60-ലധികം ബി.ജെ.പി എം.എല്‍.എമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജെയുടെ ഡല്‍ഹി സന്ദര്‍ശനം. പാര്‍ട്ടി നേതൃത്വം രാജെയെ മുഖ്യമന്ത്രി സംസ്ഥാനത്തെ ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയാണെങ്കില്‍ തങ്ങള്‍ പിന്തുണയ്ക്കുമെന്ന് അവര്‍ പറഞ്ഞു. എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാജെ പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡുമായി സംസാരിച്ചിരുന്നു. താന്‍ ‘പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തക’യാണെന്ന് അവരെ അറിയിച്ചതായും വൃത്തങ്ങള്‍ പറഞ്ഞു.
ഝല്‍രാപട്ടന്‍ സീറ്റില്‍ നിന്നാണ് രാജെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇവരെ കൂടാതെ കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അര്‍ജുന്‍ മേഘ്വാള്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടി എംപിമാരായ ബാബ ബാലക്നാഥ്, ദിയാ കുമാരി എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നവരില്‍ ഉള്‍പ്പെടുന്നു.
ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായ രാജെ 2003 മുതല്‍ 2008 വരെയും 2013 മുതല്‍ 2018 വരെയും രണ്ടു തവണ രാജസ്ഥാന്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ അവര്‍ മുഖ്യമന്ത്രിയായിരുന്നിട്ടും ഒരു നേതാവിനെയും ഉന്നത സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടയാണ് ഇത്തവണ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത്തവണ 199 സീറ്റുകളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ 115 സീറ്റുകളിൽ ബിജെപി വിജയക്കൊടി പാറിച്ചിരുന്നു. 69 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്.
ഇതിനിടെ എംഎൽഎമാർക്കായി ജയ്പൂരിലെ തന്റെ വസതിയിൽ അത്താഴ വിരുന്നും വസുന്ധര രാജെ ഒരുക്കിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരം നടന്ന അത്താഴ വിരുന്നിനായി നിരവധി എംഎൽഎമാരെ ക്ഷണിച്ചിരുന്നു. എംഎൽഎമാരായ സമരം ഗരാസിയ, കാളീചരൺ സറഫ്, ബാബു സിംഗ് റാത്തോഡ്, പ്രേംചന്ദ് ബൈർവ, കാളീചരൺ സരഫ്, രാംസ്വരൂപ് ലാംബ, ഗോവിന്ദ് റാണിപുരിയ, ലളിത് മീണ, കൻവർലാൽ മീണ, രാധേശ്യാം ബൈർവ, കലുലാൽ മീണ, ഗോപിചന്ദ് മീണ, പ്രതാപ് സിംഗ്വി, ശങ്കർ സിംഗ്വി, ബഹദൂർ സിംഗ് കോലി, ബഹദൂർ സിംഗ് കോലി, റാവത്ത് മഞ്ജു.ബാഗ്മർ, വിജയ്പാൽ സിങ് എന്നിവരടക്കമുള്ള എംഎൽഎമാർ ജയ്പൂരിലെത്തി വസുന്ധര രാജെയെ കണ്ടു. ഈ നീക്കത്തിന് പിന്നിൽ സമ്മർദ രാഷ്ട്രീയം പയറ്റുവാനുള്ള ശ്രമങ്ങളാണോയെന്ന ചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകർ നടത്തുന്നത്