ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ക്ക് ഇന്ന് രണ്ടാണ്ട്. കോണ്‍ഗ്രസിലെ അതികായകനും കറക്കളഞ്ഞ രാഷ്‌ട്രീയ നേതാവുമായിരുന്നു പുതുപ്പള്ളിക്കാരുടേത് അടക്കം മലയാളക്കരയുടെ സ്വന്തം കുഞ്ഞൂഞ്ഞ്. ജനപ്രതിനിധി എന്നൊരു വാക്കിന് പുതിയ നിര്‍വചനവും അതോടൊപ്പം ജനഹൃദയങ്ങളില്‍ പുതിയ ചരിത്രവും സൃഷ്‌ടിച്ച പച്ചയായ മനുഷ്യനാണ് ഉമ്മന്‍ ചാണ്ടി.
2023 ജൂലൈ 18 കാലവര്‍ഷം കനത്ത ആ ദിനത്തിലാണ് പൊടുന്നനെ കേരളക്കരയെ ഞെട്ടിച്ച വാര്‍ത്ത വന്നെത്തിയത്. കേരളത്തിന്‍റെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിടവാങ്ങി. കോണ്‍ഗ്രസിന്‍റെ വന്‍മതിലാണ് ഇതില്‍ തകര്‍ന്നത്. ഉമ്മന്‍ ചാണ്ടി അവേശിഷിപ്പിച്ച് പോയ ശൂന്യത കേരള രാഷ്‌ട്രീയില്‍ ഇന്നും അതേപടി നിലനില്‍ക്കുന്നു.
രാഷ്‌ട്രീയ നീക്കങ്ങള്‍ക്കിടയില്‍ പലപ്പോഴും പാര്‍ട്ടി പ്രതിസന്ധി ഘട്ടങ്ങളിലെത്തുമ്പോള്‍ താങ്ങി നിര്‍ത്തി ധൈര്യം പകര്‍ന്ന നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. ആളും ആരവവുമാണ് അദ്ദേഹത്തിന്‍റെ കൈമുതല്‍. സാധാരാണക്കാരുടെ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപ്പെട്ടിരുന്ന ഇതുപോലൊരു നേതാവിനെ കേരളക്കര അദ്ദേഹത്തിനും മുമ്പും ശേഷവും കണ്ടിട്ടില്ലെന്ന് പറയാം.
പെട്ടന്നൊരു സുപ്രഭാതത്തില്‍ രാഷ്‌ട്രീയത്തിലേക്ക് പടികയറിയ ഒരാളല്ല ഉമ്മന്‍ ചാണ്ടി. കോളജ് കാലത്ത് തന്നെ തുടങ്ങി വച്ചതാണ് അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ ജീവിതം. രാഷ്‌ട്രീയ ജീവിതത്തില്‍ മുന്നോട്ട് നീങ്ങുമ്പോള്‍ കേള്‍ക്കേണ്ടി വന്ന പഴികളെയെല്ലാം ചെറുപുഞ്ചിരിയോടെ അതിന്‍റെ വഴിക്ക് വിട്ടു.
വിവാദങ്ങള്‍ക്ക് ചെവി കൊടുക്കാതെ ജനങ്ങള്‍ക്കായി മുന്നോട്ടിറങ്ങിയതാണ് ഉമ്മന്‍ ചാണ്ടി ശൈലി. സാധാരണ നേതാക്കളില്‍ നിന്നും ജനങ്ങള്‍ക്കായി അവരുടെ വേദനകള്‍ കേള്‍ക്കാനായി പുതുവഴി തുറന്ന് പ്രവര്‍ത്തിച്ചൂവെന്നതാണ് ഈ ജനനായകന്‍റെ സവിശേഷത. മുന്‍ഗാമികളോ മുന്‍കാല നേതാക്കളെ നേരത്തെ വെട്ടിയിട്ട പാതയിലൂടെ അദ്ദേഹം നീങ്ങിയിട്ടില്ല. അത്തരത്തിലൊരു രാഷ്‌ട്രീയ യാത്ര അദ്ദേഹത്തിന് വശവുമുണ്ടായിരുന്നില്ല. വരും കാലങ്ങളില്‍ ആര്‍ക്കെങ്കിലും വേണമെങ്കില്‍ ആ പാത പിന്‍പറ്റാമെന്ന് മാത്രം.
ജനങ്ങള്‍ക്കിടയില്‍ നിന്നും അവരുടെ വേദനകള്‍ ചെവിയോര്‍ത്ത് കേള്‍ക്കുന്ന നേതാവിന്‍റെ പക്കല്‍ എപ്പോഴും നിറയെ നിവേദനങ്ങളും പോക്കറ്റില്‍ നിന്നെടുത്ത് മാറ്റാത്തൊരു പേനയും ഉണ്ടായിരുന്നു. ജനങ്ങളോട് സംസാരിക്കുകയോ അല്ലെങ്കില്‍ കൈവശമുണ്ടായിരുന്ന ഫോണില്‍ ആരുടെയെങ്കിലും പരാതികള്‍ കേള്‍ക്കുകയും അത് പരിഹരിക്കപ്പെടുന്നതും എപ്പോഴും കാണാമായിരുന്നു. പരാതിയുമായി കുട്ടികളാണെത്തുന്നതെങ്കില്‍ അവരെ പോലെ ശ്രദ്ധയോടെ ശ്രവിക്കുകമായിരുന്നു ഈ ജനനായകന്‍.
രാത്രി പുലരുവോളം നിവേദനങ്ങളും ഫയലുകളും പരിശോധിച്ച് ഉറങ്ങാത്ത നിരവധി രാത്രികളുണ്ടായിരുന്നു അദ്ദേഹത്തിന്. അതിന് കാരണമാകട്ടെ തന്‍റെ കൈയിലെത്തിയ ഈ നിവേദനങ്ങളിലും ഫയലുകളിലും ഉള്ളത് അകലെ എവിടെയോ പുതിയൊരു ജീവിതത്തിന്‍റെ പുലരി വെളിച്ചം ഉണ്ടെന്നുള്ള ഉള്ളുറപ്പിലാണ്. ഇനിയും കാലങ്ങളെത്ര താണ്ടിയാലും ജനഹൃദയങ്ങളില്‍ ഈ ജനനായകന് പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന് മരണമില്ല.
ഖദറിട്ട സാധാരണക്കാരന്‍റെ രാഷ്‌ട്രീയ ജീവിതം:
രണ്ട് തവണ കേരളത്തിന്‍റെ മുഖ്യമന്ത്രിയായും ഒരു തവണ പ്രതിപക്ഷ നേതാവായും അര നൂറ്റാണ്ടി ലധികം തുടര്‍ച്ചയായി ഒരു നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ നേതാവാണ് ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളിയുടെ മേൽവിലാസമായ കുഞ്ഞൂഞ്ഞ് കേരളത്തിന്‍റെ മുഖ്യമന്ത്രിയായി മാറിയപ്പോൾ സംസ്ഥാനത്തിന് ലഭിച്ചത് ജനാധിപത്യത്തിൽ പകരം വയ്‌ക്കാനില്ലാത്ത അപൂർവ വ്യക്തിത്വത്തെയായി രുന്നു. പുതുപ്പള്ളി സെന്‍റ് ജോർജ് ഹൈസ്‌കൂളിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റിൽ തുടങ്ങി, കേരള ത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതായിരുന്നു ഉമ്മൻ ചാണ്ടിയുടെ രാഷ്‌ട്രീയ ജീവിതം. ഇതിനിടെ എംഎൽഎ പദവും ധനകാര്യവും ആഭ്യന്തരവും തൊഴിൽ വകുപ്പുമെല്ലാം പയറ്റിത്തെളിഞ്ഞു.
2004ൽ എകെ അൻ്റണി രാജിവച്ചു. പിന്നാലെ അദ്ദേഹത്തിൻ്റെ വലം കൈയായിരുന്ന ഉമ്മൻ ചാണ്ടിയുടെ കൈകളിലേക്ക് ഭരണമെത്തി. അങ്ങനെയാണ് 2004 ഓഗസ്റ്റ് 31ന് കേരളത്തിന്‍റെ 19മത് മുഖ്യമന്ത്രിയായി കുഞ്ഞൂഞ്ഞ് രംഗപ്രവേശനം ചെയ്യുന്നത്. പ്രശ്‌നങ്ങൾക്ക് അതിവേഗം പരിഹാരം കണ്ടെത്തുന്നതിൽ കർക്കശമുള്ള വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടി. പിന്നാലെ ‘ജനസമ്പർക്കം’ എന്ന ഒരു പരാതി പരിഹാര മാർഗം പരിപാടി നടത്തുകയും ചെയ്‌തു.
വിവിധ ജില്ലകളിൽ വിളിച്ച് ചേർക്കുന്ന പരിപാടിയിൽ ജാതി, മത, രാഷ്‌ട്രീയ ഭേദമന്യേ ജനങ്ങളോട് നേരിട്ട് ഇടപെട്ട് അവരുടെ പ്രശ്‌നങ്ങൾക്ക് സ്ഥായിയായ പരിഹാര മാർഗം ഉണ്ടാക്കാൻ അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. അങ്ങനെയാണ് ജനകീയ നേതാവ് എന്ന പേര് ലഭിക്കുന്നത്. പിന്നീട് 2004-2006, 2011-2016 വർഷങ്ങളിലൊക്കെയും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി സേവനം അനുഷ്‌ഠിച്ചു.
പ്രീഡിഗ്രി വിദ്യാഭ്യാസം സർക്കാർ ചെലവിലാക്കിയതും കുറഞ്ഞ ചെലവിൽ രാജ്യാന്തര വിമാന സർവീസ് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും ആരംഭിച്ചതും മുതൽ വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിന്‍റെ പണി തുടങ്ങിയതും ഉമ്മൻ ചാണ്ടിയുടെ സംഭാവനകളായിരുന്നു. പുറമെ വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച കരാറിൽ ഒപ്പിട്ടതും കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതും കണ്ണൂരിൽ വിമാനം പറത്താനായതുമെല്ലാം അദ്ദേഹത്തിന്‍റെ ഇടപെടലുകളുടെ ഫലമായി മാറി.
കർഷകത്തൊഴിലാളി പെൻഷൻ, തൊഴിലില്ലായ്‌മ വേതനം തുടങ്ങിയ ക്ഷേമ പെൻഷനുകൾ എല്ലാ മാസവും നൽകാൻ തീരുമാനിച്ചതും അദ്ദേഹത്തിന്‍റെ പരിഷ്‌കാരങ്ങളാണ്. അങ്ങനെ ആൾക്കൂട്ടത്തെ ആത്മബലമാക്കി മാറ്റി ആ നേതാവ് വളർന്നുകൊണ്ടിരുന്നു. 2006 മുതൽ 2011 വരെയുള്ള പ്രതിപക്ഷ വാഴ്‌ചയ്‌ക്ക് ശേഷം 2011ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയും 2011 മേയ് 18ന് കേരളത്തിന്‍റെ 21-മത് മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി രണ്ടാം വട്ടം അധികാരമേൽക്കുകയും ചെയ്‌തു.
പൊതുഭരണത്തിന് പുറമെ ആഭ്യന്തരം, വിജിലൻസ്, ശാസ്‌ത്ര-സാങ്കേതികം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്യുകയുണ്ടായി. എന്നാൽ കരുണാകരൻ മുഖ്യപ്രതിയായിരുന്ന പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിനെ തുടർന്ന് 2011 ഓഗസ്റ്റ് ഒന്‍പതിന് അദ്ദേഹം വിജിലൻസ് വകുപ്പിന്‍റെ ചുമതല തിരുവഞ്ചൂർ രാധാകൃഷ്‌ണന് കൈമാറി. പിന്നാലെ 2012ൽ കോൺഗ്രസ് മന്ത്രിമാർക്കിടയിൽ അഴിച്ചുപണി നടത്തിയതോടെ ആഭ്യന്തരവും അദ്ദേഹം തിരുവഞ്ചൂരിന് നൽകി.
മുഖ്യമന്ത്രിയായിരിക്കെ 2013ലാണ് സോളാർ അഴിമതി കേസും അതിനെ തുടർന്നുള്ള ലൈംഗിക ആരോപണങ്ങളും ഉമ്മൻ ചാണ്ടിക്ക് മേൽ ഇടിത്തീയെന്ന പോലെ വീഴുന്നത്. എന്നാൽ തെറ്റുക്കാരൻ അല്ലെന്ന് ഉറച്ചുപറഞ്ഞു. 2022 ഡിസംബർ 28, ഒടുവിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി സിബിഐയുടെ റിപ്പോർട്ട് വന്നു. യുഡിഎഫ് സർക്കാരിന്‍റെ അടിവേരിളക്കിയ ആ അഴിമതി കേസ് ഒടുവിൽ കാറ്റൊ ഴിഞ്ഞ ബലൂൺ പോലെയായി. തന്നെ കല്ലെറിഞ്ഞവർക്കുമേൽ തിരികെ എയ്യാൻ പാകമായ ശരങ്ങൾ കിട്ടിയപ്പോഴും ഉമ്മൻ ചാണ്ടി ചിരിച്ചുകൊണ്ട് പറഞ്ഞത് ‘തനിക്ക് ആരോടും പകയില്ല’ എന്നാണ്. അദ്ദേഹം ബാക്കിവച്ചുപോയ മനുഷ്യത്വത്തിന്‍റെ ഒരുപിടി ശേഷിപ്പുകൾ തന്നെ ധാരാളമാണ് ആ ജനകീയ നേതാവിനെ ഇനിയുള്ള കാലം ഓര്‍ത്തുവയ്‌ക്കാൻ.
ഒരുപക്ഷേ, ഉമ്മന്‍ ചാണ്ടി എന്ന പേരിനേക്കാൾ എല്ലാവർക്കും പ്രിയം കുഞ്ഞൂഞ്ഞ് എന്ന വിളി പേരിനോടായിരിക്കും. അത്രയ്‌ക്കും അടുപ്പമായിരുന്നു ജനങ്ങളും മന്ത്രിയും തമ്മിൽ. അദ്ദേഹത്തിന്‍റെ വിലാപ യാത്രയിലും സംസ്‌കാര ചടങ്ങുകളിലും തടിച്ചു കൂടിയ ജനലക്ഷങ്ങള്‍ സാക്ഷ്യപ്പെടുത്തിയതും അതുതന്നെയാണ്.
ഉമ്മന്‍ചാണ്ടി അനുസ്‌മരണ ചടങ്ങുകൾ: സെൻ്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ രാവിലെ 6.30ന് പ്രഭാതനമസ്‌കാരം. ഏഴിന് വിശുദ്ധ കുര്‍ബാന. ശേഷം 8.15ന് കബറിങ്കല്‍ പ്രാര്‍ഥനയും നടക്കും. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്‌മരണ സമ്മേളനം ‘ഉമ്മൻ ചാണ്ടി സ്‌മൃതിസംഗമം’ ഇന്ന് രാവിലെ 9ന് ആരംഭിക്കും. ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്‌ഘാടനം നിർവഹിക്കും. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമിച്ച് നൽകുന്ന 12 വീടുകളുടെ താക്കോൽ കൈമാറ്റവും ഇന്ന് നടക്കും.
