
മസ്‌ക്കറ്റ്: ഒമാനിൽ ആദ്യമായി ഉഗ്രവിഷമുളള ഇനം പാമ്പിനെ കണ്ടെത്തി. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്. ദോഫാർ ഗവർണറേറ്റിലാണ് പരിസ്ഥിതി അതോറിറ്റി ആദ്യമായാണ് കരിമൂർഖനെ കണ്ടെത്തുന്നത്. സ്‌പെയിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എവലൂഷണറി ബയോളജിയും നിസ്വ യൂണിവേഴ്സിറ്റിയും സഹകരിച്ചാണ് ഈ മേഖലയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിയത്.’
‘വാട്ടറിനേഷിയ ഏജിപ്തിയ ‘എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന മരൂഭൂമി കരിമൂർഖനെ കണ്ടെത്തിയതോടെ ഒമാനിൽ കണ്ടുവരുന്ന പാമ്പുകളുടെ എണ്ണം ഔദ്യോഗിക കണക്കനുസരിച്ച് 22 ആയി ഉയർന്നിട്ടുണ്ട്. ഒമാന്റെ ജൈവവൈവിദ്ധ്യം സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയും വന്യജീവി മേഖലയിലുള്ള ശാസ്ത്രീയ ഗവേഷണത്തിന്റെ വിജയവുമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.കരിമൂർഖൻ അല്ലെങ്കിൽ കറുത്ത മരുഭൂമി മൂർഖൻ എന്നിങ്ങനെ അറിയപ്പെടുന്ന ഈ ഇനം പാമ്പുകൾ ഉഗ്രവിഷമുള്ള വയും മദ്ധ്യേഷ്യയിൽ വ്യാപകമായി കാണപ്പെടുന്നവയുമാണ്. അന്താരാഷ്ട്ര ജേണലായ ‘സൂടാക്സ’ യുടെ ഏപ്രിൽ ലക്കത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.