വാക്കുകള്‍ പൂത്ത രാവ്, എഴുത്താനുഭവങ്ങളുടെ നേര്‍കാഴ്ച, ക്വയറ്റ് ലേഡീസ് റിയാദ് സംഘടിപ്പിച്ച അക്ഷരനിലാവ് സാഹിത്യ സദസ്സ് ശ്രദ്ധേയം


റിയാദ് : മനുഷ്യന്റെ സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കുന്നതിനു വേണ്ടി ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് സാഹിത്യത്തിലൂടെ കടന്നു വരുന്ന മാനവികതയാണ്. വ്യക്തിയെ സാമൂഹിക ജീവിതത്തിന്റെ പ്രധാന കണ്ണിയായി മാറ്റുന്നതും സാഹിത്യം തന്നെ, സാമൂഹിക ജീവിതത്തിന്റെ ഉൾതുടിപ്പുകളിൽ നിന്നാണ് എല്ലാ ചിന്താധാരകളും കടന്നു വരുന്നത്. സാഹിത്യത്തിൽ പ്രവാസത്തിന്റെ വരവും അതേ വഴികളിലൂടെ തന്നെ. സാമൂഹിക ജീവിതമാണ് പ്രവാസത്തെ ഊട്ടി ഉറപ്പിക്കുന്നത്. പ്രവാസത്തിലെ സര്‍ഗ്ഗപ്രതിഭകളുടെ എഴുത്താനുഭവങ്ങളുടെ നേര്‍കാഴ്ച സംഘടിപ്പിച്ച ക്വയറ്റ് ലേഡീസ് റിയാദ് സാഹിത്യ സദസ്സ് വേറിട്ട ഒന്നായി മാറി.

ക്വയറ്റ് ലേഡീസ് റിയാദ് സാഹിത്യ സദസ്സ് എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍ സംസാരിക്കുന്നു.

അക്ഷര നിലാവ് എന്ന പേരിൽ സംഘടിപ്പിച്ച സാഹിത്യ സദസ്സ് റിയാദിലെ മലയാളി സാഹിത്യകാരന്മാരുടെ സംഗമം കൂടിയായിമാറി, നിരവധി എഴുത്തുകാരുടെ പുസ്തകങ്ങൾ അവതരിപ്പിക്കുകയും എഴുത്തനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. 
അനുവാചകരായ കുടുംബിനികളും കുട്ടികളും വ്യക്തികളും അടങ്ങിയ സദസ്സ് ആസ്വാദന ഔന്നത്യം പുലർത്തി. ‘ഒരു സൗദി അറേബ്യൻ പാരഗൺ കഥ’ എന്ന പുസ്തകത്തിന്റെ രചനാനുഭങ്ങൾ പങ്കു വെച്ചുകൊണ്ട് ബഷീർ മുസ് ലിയാരകം സാഹിത്യ സദസ്സ് ഉദ്ഘാടനം ചെയ്തു. ഇത്രയും എഴുത്തുകാരെ ഉൾപ്പെടുത്തി ഒരു സാഹിത്യ സദസ്സ് തന്റെ അനുഭവത്തിൽ റിയാദിൽ ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കഷ്ടപ്പാടുകൾ നിറഞ്ഞ അതിജീവന സത്യങ്ങളും നാൽപത് വർഷത്തെ സൗദി അറേബ്യൻ ചരിത്രവും എഴുതുവാൻ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം  അഭിപ്രായപ്പെട്ടു. 

പ്രതീക്ഷയുടെ പെരുമഴയിൽ, പുലിയും പെൺകുട്ടിയും, ഇണയന്ത്രം, പാപികളുടെ പട്ടണം, ഗ്രിഗർ സാംസയുടെ കാമുകി തുടങ്ങിയ പുസ്തകങ്ങൾ രചിക്കുകയും പ്രവാസ ലോകത്ത് തന്നെ നിരവധി സാഹിത്യ അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്ത ജോസഫ് അതിരുങ്കൽ എഴുത്തനുഭവങ്ങൾ പങ്കുവെക്കുകയും, വായനയാണ് എഴുത്തകാരന്റെ പണിപ്പുരയെന്നും അഭിപ്രായപ്പെട്ടു. എഴുത്തുകാർ സ്വയം വിമർശകാരായി എഴുതാതിരിക്കുകയും കൂടി ചെയ്യുമ്പോഴാണ് അവരിലെ യഥാർഥ സാഹിത്യം ജനിക്കുന്നതും അത് ഹൃദ്യമാകുന്നതും എന്ന് എഴുത്തുകാരനും പത്രപ്രവത്തകനുമായ നജീം കൊച്ചുകലുങ്ക് പറഞ്ഞു.

ഇത്രയും എഴുത്തുകാരെ ഉൾപ്പെടുത്തി ഒരു സാഹിത്യ സദസ്സ് തന്റെ അനുഭവത്തിൽ റിയാദിൽ ആദ്യമാണെന്നും ,കഷ്ടപ്പാടുകൾ നിറഞ്ഞ അതിജീവന സത്യങ്ങളും നാൽപത് വർഷത്തെ സൗദി അറേബ്യൻ ചരിത്രവും എഴുതുവാൻ ശ്രമിച്ചിട്ടുണ്ടെന്ന് ബഷീര്‍ മുസ് ലിയാരകം (പാരഗന്‍)

എഴുതാതെ തരമില്ല എന്ന അവസ്ഥ വരുമ്പോഴാണ് താൻ എഴുതുന്നതെന്ന് ‘ഗുൽമോഹറിതളുകൾ’, ‘പ്രണയഭാഷ’, ‘ബഷീറും സുഹറയും പിന്നെ ചന്ദ്രികയും’ എന്നീ പുസ്തകങ്ങളുടെ എഴുത്ത് വഴികൾ മനോഹരമായി അവതരിപ്പിച്ചു കൊണ്ട് ഖമർബാനു അബ്ദുൽസലാം സംസാരിച്ചു. ആത്മീയ വഴികൾ എഴുത്തിനെ സ്വാധീനിക്കുകയും കവിതകളിൽ ആത്മീയതയോടുള്ള പ്രണയം സ്വത്വ പ്രതിഫലനമായി ഊർന്നു വീഴുന്നതും അക്ഷര ജീവിതത്തിലെ അനുഗ്രഹ നിമിഷങ്ങളാണെന്ന് പ്രവാസ ലോകത്തെ അറിയപ്പെടുന്ന കവയിത്രിയും ചിന്തകയുമായ നിഖില സമീർ പറഞ്ഞു. ‘അമേയ’, ‘നീയും നിലാവും’, ‘വൈദ്യേഴ്‌സ് മൻസിൽ’ എന്നീ പുസ്തകങ്ങളും നിഖില അവതരിപ്പിച്ചു.

‘പ്രവാസം ചരിത്രവും വർത്തമാനവും’ എന്ന പുസ്തക രചനയുടെ പ്രയാണത്തെ കുറിച്ച് യൂസുഫ് കാക്കഞ്ചേരിയുടെ പ്രഭാഷണം മികച്ച അനുഭവമായി. ‘കുരുടിപ്രാവ്’, ‘കള്ളന്റെ മകൾ’ എന്നീ പുസ്തകങ്ങൾ അവതരിപ്പിച്ചു കൊണ്ട് സുബൈദ കൊമ്പിൽ നടത്തിയ ഗ്രാമ്യഭാഷയുടെ സൗന്ദര്യം തുളുമ്പിയ പ്രഭാഷണം ഏറെ ഹൃദ്യമായി. അടങ്ങാത്ത വായനയും പ്രകൃതിയുടെ നൈർമല്യവും കുഞ്ഞുങ്ങളോടുള്ള ഇഷ്ടവുമാണ് തന്നിലെ എഴുത്തുകാരിക്ക് പ്രചോദനമായതെന്ന് സുബൈദ പറഞ്ഞു.

പത്ര പ്രവർത്തത്തിലെ എഡിറ്റിംഗ് ഡെസ്‌ക് ആണ് പുസ്തക രചനയിലേക്കുള്ള പാത തെളിയിച്ചതെന്ന് അച്ചടി ദൃശ്യമാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ നസറു ദ്ധീൻ വി.ജെ പറഞ്ഞു. ‘കാതൽ’ പോലുള്ള സിനിമകൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് ‘മസ്രയിലെ സുന്ദരി’ എന്ന ഷെഫീനയുടെ നോവൽ ഏറെ പ്രസക്ത മാകുന്നു. നീറുന്ന ജീവിതാനുഭവത്തിന്റെ നേർക്കാഴ്ചയാണ് ഷഫീന തന്റെ നോവലിലൂടെ അനുവാചകരിലെത്തിക്കുന്നത്.

വൈജ്ഞാനിക സാഹിത്യകാരനും ചിന്തകനും ഗവേഷകനുമായ ഡോ.ജയചന്ദ്രൻ ‘നോ യുവർ ചൈൽഡ്’ എന്ന പുസ്തകം അവതരിപ്പിച്ചു കൊണ്ട് നടത്തിയ നർമപ്രഭാഷണം ഏറെ ഹൃദ്യവും ചിന്തോദ്ധീപകവുമായി. ശാന്താ തുളസീധരൻ എഴുതിയ ‘മരുഭൂമി യിലെ തണൽ മരങ്ങൾ’ എന്ന പുസ്തകം റിയാദിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവത്തകനായ ലത്തീഫ് തെച്ചി അവതരിപ്പിച്ചു. തന്റെ പ്രവർത്തന വീഥികളിൽ പ്രവാസികളിൽ കണ്ട കണ്ണീരനുഭവങ്ങളാണ് പുസ്തകം പറയുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അത്ഭുതപ്പെടുത്തുന്ന പത്ത് അനുഭവങ്ങൾ കോർത്തിണക്കിയ ‘മണൽ ചുഴികൾ’ എന്ന തന്റെ പുസ്തകം സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ റാഫി പാങ്ങോട് അവതരിപ്പിച്ചു. തുടർന്ന് ശിഹാബുദ്ദീൻ കുഞ്ചിസ് ‘സൗദി ചാറ്റ് ഡോട്ട് കോം’, നൗഷാദ് കൂടരഞ്ഞി ‘വൈദ്യേഴ്‌സ് മൻസിൽ’, ഹിബ അബ്ദുൽസലാം ‘കുരുടിപ്രാവ്, ജയൻ കൊടുങ്ങല്ലൂർ ‘മണൽ ചുഴികൾ’, റഹ് മത്ത് അഷ്‌റഫ് ‘ഒരു സൗദി അറേബ്യൻ പാരഗൺ കഥ’, സ്വപ്‌ന ജയചന്ദ്രൻ നോ യുവർ ചൈൽഡ്’, പി.എസ് കോയ ‘പ്രവാസം ചരിത്രവും വർത്തമാനവും’ എന്നീ പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു.

പങ്കെടുത്ത എഴുത്തുകാരെ ക്വയറ്റ് ലേഡീസ് റിയാദ് പൊന്നാടയണിയിച്ച് ആദരിച്ചു. ഷഫീന സ്വാഗതവും ലാജ അഹദ് ആമുഖവും, ഷെമീന അൻസർ നന്ദിയും പറഞ്ഞു. സാഹിത്യ സദസ്സിന് നാസർ ലെയ്‌സ്, ഗഫൂർ കൊയിലാണ്ടി, സലീം ആർത്തിയിൽ, ഷാജി മഠത്തിൽ, ജസീല മൂസ, ഹസ്ബിന, റെജീന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. അൻസർ അബ്ദുൽ സത്താർ മോഡറേറ്ററായി.


Read Previous

ക്യാപ്റ്റൻ ആരോഗ്യവാനാണ്.. ഉടൻ വീട്ടിലേക്ക് മടങ്ങും, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത് വിജയകാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാര്യ പ്രേമലത

Read Next

പേമാരിയില്‍ മുങ്ങി ചെന്നൈ; രണ്ട് മരണം; നിരവധി കാറുകള്‍ ഒലിച്ചുപോയി; വിമാനത്താവളം അടച്ചു; 118 ട്രെയിനുകള്‍ റദ്ദാക്കി; വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »