
തുറവൂർ: ഒന്നരവയസ്സുള്ള മകനെ മർദിച്ച കേസിൽ അമ്മയും സുഹൃത്തും അറസ്റ്റിലായി. ആലപ്പുഴ തത്തംപള്ളി ജില്ലാക്കോടതി വാർഡ് തെക്കേവെളിമ്പറമ്പിൽ ദീപയും സുഹൃത്തായ കണിച്ചുകുളങ്ങര ചക്കുപറമ്പ് വീട്ടിൽ കൃഷ്ണകുമാറുമാണു റിമാൻഡിലായത്.
ശരീരത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ അച്ഛന്റെ സഹോദരന്റെ കുത്തിയതോട്ടിലെ വീട്ടിൽ ശനിയാഴ്ച അമ്മയുടെ സുഹൃത്തായ കൃഷ്ണകുമാർ എത്തിയ്ക്കുകയായിരുന്നു. കുട്ടിയുടെ അച്ഛനുമായി പിണങ്ങിക്കഴിയുന്ന അമ്മ, കൃഷ്ണകുമാറിനൊപ്പമാണു താമസിച്ചിരുന്നത്. ഇവരോടൊപ്പമായിരുന്നു കുട്ടിയും.
അമ്മയും സുഹൃത്തുംചേർന്ന് കുട്ടിയെ മർദിച്ചുവെന്നാണ് അച്ഛൻ പോലീസിൽ പരാതി നൽകിയത്. ഇതിന്റെയടിസ്ഥാനത്തിലാണു പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണു കേസ്. കുട്ടി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.