
ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണയും ചന്ദ്രബാബു നായിഡു സത്യപ്രതി ജ്ഞ ചെയ്തു. വിജയവാഡയിൽ നടന്ന ചടങ്ങിൽ ദൈവനാമത്തിലാണ് നായിഡു സത്യ പ്രതിജ്ഞ ചെയ്തത്. ഉപ മുഖ്യമന്ത്രിയായി പവൻ കല്യാണും സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിൽ തന്നെയാണ് പവൻ കല്ല്യാണും സത്യപ്രതിജ്ഞ ചെയ്തത്.
പ്രധാനമന്ത്രിയുൾപ്പെടെയുള്ള ബിജെപി നേതാക്കാളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. ആന്ധ്രാപ്രദേശിൽ വിജയവാഡയിൽ കേസരപള്ളിയിലെ ഗന്നവാരം വിമാനത്താവളത്തിന് എതിർവശത്തുള്ള മേധ ഐടി പാർക്കിന് സമീപമാണ് രാവിലെ 11.27ന് സത്യപ്രതിജ്ഞ ചടങ്ങപകൾ നടന്നത്.
നായിഡുവിനൊപ്പം മറ്റ് നേതാക്കളും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നദ്ദ, മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചൊവ്വാഴ്ച രാത്രി സംസ്ഥാനത്തെത്തിയ അമിത് ഷാ നായിഡുവിനെ അദ്ദേഹത്തിൻ്റെ വസതിയിലെത്തി കണ്ടിരുന്നു.
രാഷ്ട്രീയ നേതാക്കളെ കൂടാതെ ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. പവൻ കല്യാണിൻ്റെ ജ്യേഷ്ഠൻ കൂടിയായ മെഗാസ്റ്റാർ ചിരഞ്ജീവി തൻ്റെ മകനും നടനുമായ രാം ചരണിനൊപ്പം ചടങ്ങിൽ പങ്കെടുത്തു.
രജനികാന്തും മോഹൻ ബാബുവും പവൻ കല്യാണിൻ്റെ അനന്തരവൻ കൂടിയായ അല്ലു അർജുൻ എന്നിവരും ചടങ്ങിൽ സാന്നിദ്ധ്യമറിയിച്ചു. ചന്ദ്രബാബു നായിഡുവിൻ്റെ അനന്തരവൻ ജൂനിയർ എൻടിആറും ചടങ്ങിനെത്തി.
ചന്ദ്രബാബു നായിഡു ഇത് നാലാം തവണയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. അടുത്തിടെ കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പിൽ, നായിഡു തൻ്റെ തെലുങ്ക് ദേശം പാർട്ടിയെ വൻ വിജയത്തിലേക്ക് നയിച്ചു. 175 നിയമസഭാ സീറ്റുകളിൽ 135 സീറ്റുകൾ നേടി. ടിഡിപിയുടെ സഖ്യകക്ഷികളായ ജനസേനയും ബിജെപിയും യഥാക്രമം 21, 8 സീറ്റുകൾ നേടി.