ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വഴിത്തിരിവാകും എന്നു കരുതപ്പെട്ടിരുന്ന ചൊവാഴ്ചത്തെ ഡിബേറ്റിൽ ആദ്യമായി രംഗപ്രവേശം ചെയ്ത കമലാ ഹാരിസ് എങ്ങിനെയാണ് പരിചയ സമ്പന്നനായ ഡൊണാൾഡ് ട്രംപിനെ വീഴ്ത്തിയത് എന്നതു നിരീക്ഷകർക്കു ഏറെ കൗതുകം പകർന്ന ചർച്ചാ വിഷയമാണ്. അവർ എല്ലാവരും യോജിക്കുന്നതു ഒരു കാര്യത്തിൽ: വമ്പൻ ഈഗോ (ഞാനെന്ന ഭാവം) സദാ കൂട്ടായുള്ള ട്രംപിനെ ആ മർമത്തിൽ തന്നെയാണ് ഹാരിസ് കുത്തിയത്.
ട്രംപ് ക്ഷുഭിതനായതു സ്വാഭാവികം. പുരികം ചുളിച്ചും നെടുവീർപ്പിട്ടും സഹതാപത്തോടെ നോക്കിയും ‘ഒന്നു പോ മാഷെ’ എന്ന മട്ടിൽ തല കുലുക്കിയും ഹാരിസ് പുഞ്ചിരി കൈവിടാതെ നിയന്ത്രണം പാലിച്ചു നിന്നപ്പോൾ ട്രംപ് പൊട്ടിത്തെറിച്ചു നിയന്ത്രണം വിട്ടു പരിഹാസ പാത്രമായെന്നു ‘ന്യൂ യോർക്ക് ടൈംസ്’നിരീക്ഷിക്കുന്നു.വളരെ ലളിതമായ തന്ത്രം. ഉൾക്കനമില്ലാത്ത നേതാവെന്നു ട്രംപ് സ്ഥിരം ആക്ഷേപിക്കുന്ന ഹാരിസ് അദ്ദേഹത്തെ പുല്ലു പോലെ വീഴ്ത്തിയത് വിസ്മയമായി.
മികച്ച നേതൃത്വ പാടവം പ്രകടിപ്പിച്ചത് അനായാസം
ജീവിതത്തിൽ ആദ്യമായി നേരിട്ട് കാണുന്ന മുൻ പ്രസിഡന്റിനെ വേദിക്കു കുറുകെ നടന്നു ചെന്നു ഹസ്തദാനം ചെയ്തു കൊണ്ടു രംഗപ്രവേശം ചെയ്ത നിമിഷം മുതൽ ഐക്യത്തിന് ആഹ്വാനം ചെയ്തു ഉപസംഹരിക്കുന്ന നിമിഷം വരെ ഹാരിസ് മികച്ച നേതൃത്വ പാടവം പ്രകടിപ്പിച്ചത് അനായാസം ആയിരുന്നു. സ്തുതിപാഠകരും കാലു പിടിത്തക്കാരും അടിച്ചു വിടുന്ന പ്രശംസകൾ മാത്രം കേട്ടു ലഹരി പിടിച്ചു ജീവിക്കുന്ന ട്രംപിന് ഈഗോയിൽ തൊട്ടു കളിച്ചപ്പോൾ എല്ലാ നിയന്ത്രണവും കൈവിട്ടു.
അദ്ദേഹം രോഷം കൊണ്ട് അതുമിതും വിളിച്ചു പറഞ്ഞപ്പോൾ കണ്ടവരും കേട്ടവരും പരിഹസിച്ചു. ട്രംപിന്റെ റാലികളിൽ എത്തുന്ന ജനക്കൂട്ടത്തിനു അദ്ദേഹത്തോടു കൂറില്ലെന്നു ഹാരിസ് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഈഗോ പുകഞ്ഞു. ജനക്കൂട്ടം പരിമിതമാണെന്നു പറഞ്ഞപ്പോൾ അവിശ്വസനീയമായ ആൾക്കൂട്ടമാണ് എന്നു ട്രംപ് മറുപടി നൽകിയത് ഏറെ രോഷത്തോടെ.
ലോക നേതാക്കൾ ട്രംപിനെ പരിഹസിച്ചു ചിരിക്കയാണെന്നു ഹാരിസ് പറഞ്ഞു. അദ്ദേഹത്തിന്റെ സ്വത്തു സ്വയാർജ്ജിതം അല്ലെന്നും പരമ്പരയായി കിട്ടിയതാണെന്നും അവർ ചൂണ്ടിക്കാട്ടി. സ്ഥിരം പുഞ്ചിരി കൈവിടാതെ ഹാരിസ് ആ ആക്രമണം നടത്തിയപ്പോൾ ട്രംപ് പൊട്ടിത്തെറിച്ചു സ്വയം നാണക്കേടുണ്ടാക്കി.
കണ്ടിരുന്നവർ ഏറെ ഓർമിക്കാൻ ആഗ്രഹിക്കാത്ത പല കാര്യങ്ങളിലും തനിക്കുണ്ടാ യിരുന്ന പങ്കു ട്രംപ് അപ്പോൾ ഓർമിപ്പിച്ചു: കോവിഡ് മഹാമാരി, 2020 തിരഞ്ഞെടുപ്പ് ഫലം സ്വീകരിക്കാൻ മനസ്സില്ലാതെ ക്യാപിറ്റോളിൽ കലാപം സംഘടിപ്പിച്ചത്, അബോർഷൻ അനിവദിക്കുന്ന നിയമം അട്ടിമറിച്ചത്, തനിക്കെതിരായ ക്രിമിനൽ ആരോപണങ്ങൾ. ഒഹായോവിൽ കുടിയേറ്റക്കാർ വളർത്തു മൃഗങ്ങളെ കൊന്നു തിന്നുന്നു എന്ന ആരോപണം അദ്ദേഹത്തിന്റെ വി പി സ്ഥാനാർഥി ജെ ഡി വാൻസ് പിൻവലിച്ചെങ്കിലും അത് ആവർത്തിക്കാൻ ട്രംപ് മറന്നില്ല.
ട്രംപ് കടന്നാക്രമിച്ചപ്പോഴും ഹാരിസിന്റെ സംയമനം അസാമാന്യമായിരുന്നു. “അവർ മാർക്സിസ്റ് ആണ്, അവരുടെ പിതാവ് മാർക്സിസ്റ് ആയിരുന്നു” എന്നു ട്രംപ് പറഞ്ഞ പ്പോഴും ഹാരിസ് ചൊടിച്ചില്ല. കൂടുതൽ കേൾക്കട്ടെ എന്ന മട്ടിൽ അദ്ദേഹത്തെ ഉറ്റു നോക്കി. ആരോപണം തള്ളുന്നു എന്ന ഭാവം മുഖത്തണിയുകയും ചെയ്തു.
അബോർഷൻ വീശാൻ മറന്നില്ല
അബോർഷൻ ഈ തിരഞ്ഞെടുപ്പിൽ ഡെമോക്രറ്റുകൾക്കു പ്രയോജനം ചെയ്യുന്ന കാർ ഡാണ് എന്നിരിക്കെ ഹാരിസ് അതെടുത്തു വീശാൻ മറന്നില്ല. രാജ്യമൊട്ടാകെ ട്രംപ് അബോർഷൻ നിരോധിക്കുമെന്ന് അവർ ആരോപിച്ചു. ഇല്ലെന്നു പറയാൻ ട്രംപ് ശ്രമിച്ചില്ല. “സ്വന്തം ശരീരം എങ്ങിനെ ഉപയോഗിക്കണമെന്നു സ്ത്രീകളോടു പറയാൻ ഡൊണാൾഡ് ട്രംപിന്റെ ആവശ്യമില്ല,” അവർ തറപ്പിച്ചു പറഞ്ഞു. വിലക്കയറ്റം, കുടിയേറ്റം തുടങ്ങി ഡെമോക്രറ്റുകൾക്കു തലവേദനയാവുന്ന വിഷയങ്ങൾ ഉയർത്തി പ്പിടിക്കാൻ ട്രംപ് മറന്നു പോയത് ഈഗോയ്ക്കു മുറിവേറ്റു താളം തെറ്റിയതു കൊണ്ടാവണം.
ട്രംപ് തന്റെ റാലികളിൽ ജനങ്ങളെ കുറിച്ച് സംസാരിക്കാറില്ലെന്നു ഹാരിസ് ചൂണ്ടിക്കാട്ടിയതു ക്യാമറയിലേക്കു നോക്കിയാണ്. “നിങ്ങളുടെ ആവശ്യങ്ങൾ, സ്വപ്‌നങ്ങൾ, ആഗ്രഹങ്ങൾ അവയൊന്നും അദ്ദേഹത്തിനു വിഷയമല്ല. നിങ്ങളുടെ കാര്യങ്ങൾ മുൻഗണനയാക്കുന്ന പ്രസിഡന്റാണ് നിങ്ങൾക്കു വേണ്ടതെന്നു ഞാൻ വിശ്വസിക്കുന്നു. ഞാൻ അങ്ങിനെ ആയിരിക്കും.”
ട്രംപ് അവർ പറഞ്ഞതു നിഷേധിച്ചു. തന്റെ റാലികളിൽ നിന്ന് ആരും ഇറങ്ങിപ്പോ കാറില്ലെന്നും അദ്ദേഹം പറഞ്ഞു. അഫ്‌ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേനയെ പിൻവലിച്ചതിന്റെ പേരിൽ നിരന്തരം പൊരിക്കുന്നത് ബൈഡനെ ആണെങ്കിലും ട്രംപ് ആണ് താലിബാനുമായി ഏറെ ദുർബലമായ പിന്മാറ്റ കരാർ ഉണ്ടാക്കിയതെന്നു ചൂണ്ടി ക്കാട്ടാൻ ഹാരിസ് മറന്നില്ല. “താലിബാൻ നേതാക്കളെ അദ്ദേഹം ക്യാമ്പ് ഡേവിഡിലേക്കു വിളിച്ചു,” അവർ പറഞ്ഞു. ട്രംപിന് അതു നിഷേധിക്കാൻ കഴിഞ്ഞില്ല.