സംസ്ഥാനത്തും ഡൽഹിയിലും കോൺഗ്രസ് (congress) പാർട്ടി ചരിത്രത്തിലേക്ക് തരംതാഴ്ന്നിരിക്കുന്നുവെന്ന പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ (Bhagwant Mann പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്ത്. കോൺഗ്രസ് മുക്ത ഇന്ത്യക്കായുള്ള പോരാട്ടത്തിൽ ആം ആദ്മി പാർട്ടിക്കും (എഎപി) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സമാന പ്രത്യയശാസ്ത്രങ്ങളാണെന്ന് കോൺഗ്രസ് ആരോപിച്ചു. എഎപി’യുടെയും മോദിയുടെയും വീക്ഷണങ്ങൾ സാമ്യമുള്ളതാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു.

ഒരു പത്രസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മന്നിന്റെ കോൺഗ്രസിനെതിരായ പ്രസ്താവന. “‘ഒരു കാലത്ത് കോൺഗ്രസ് ഉണ്ടായിരുന്നു…’ പഞ്ചാബിലും ഡൽഹിയിലുമുള്ള അമ്മമാർക്ക് അവരുടെ കുട്ടികളോട് പറയാനുള്ള ലോകത്തിലെ ഏറ്റവും ചെറിയ കഥയാണ് കോൺഗ്രസ്. എഎപിയുമായി സഖ്യത്തി ലേർപ്പെടാൻ സംസ്ഥാന കോൺഗ്രസ് നേതാക്കൾ വിമുഖത കാട്ടുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
നേരത്തെ, ഇന്ത്യൻ ബ്ലോക്ക് അംഗങ്ങൾക്കിടയിലെ സീറ്റ് ക്രമീകരണ പ്രശ്നത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഈ കാര്യങ്ങൾ സഖ്യ യോഗത്തിൽ ചർച്ച ചെയ്യുമെന്നും കാര്യങ്ങൾ അന്തിമമാക്കിയതിന് ശേഷം മാത്രമേ ഞങ്ങൾക്ക് പറയാൻ കഴിയൂ എന്നും മാൻ വ്യക്തമാക്കിയിരുന്നു. ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലുള്ള അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയും (എഎപി) കോൺഗ്രസും വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ രൂപീകരിച്ച ഇന്ത്യൻ ബ്ലോക്കിലെ 28 ഘടകകക്ഷികളിൽ ഉൾപ്പെടുന്ന പാർട്ടികളാണ്.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ സീറ്റ് വിഭജനം പൂർത്തി യാക്കാൻ പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ ബ്ലോക്കിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സീറ്റ് വിഭജന ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും സീറ്റ് വിഭജനത്തിൽ സമവായത്തിലെത്തുന്നതിലാണ് പ്രധാന ശ്രദ്ധയെന്നാണ് ഡൽഹിയിൽ നടന്ന യോഗത്തിന്റെ തീരുമാനം. എന്നാൽ തിരെഞ്ഞെടുപ്പിൽ പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കാൻ പാർട്ടി തീരുമാനിച്ചതായി ആം ആദ്മി പാർട്ടി (എഎപി) വ്യക്തമാക്കി.
കൂടാതെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലാണ്. മഹാരാഷ്ട്രയിൽ ശിവസേന (യുബിടി) 23 സീറ്റുകൾ ആവശ്യപ്പെട്ടതോടെ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാണ് നീങ്ങുന്നത്.
ഡിസംബർ 17 ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പഞ്ചാബിലെ ബതി ന്ഡയിൽ ഒരു റാലി നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 13 സീറ്റുകളിലും ഭരണകക്ഷിയായ എഎപിക്ക് വോട്ട് ചെയ്യണമെന്ന് കെജ്രിവാൾ ജനങ്ങളോട് അഭ്യർത്ഥിച്ചു, ഇന്ത്യയുടെ സഖ്യകക്ഷിയായ കോൺഗ്രസുമായി സീറ്റ് പങ്കിടാനുള്ള സാധ്യതയില്ലെന്ന് സൂചന നൽകിയായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന.